ഫലസ്തീന്‍ കുട്ടികളുടെ സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമെന്ന് ഖത്തര്‍

Web Desk
3 Min Read

ന്യൂയോര്‍ക്ക്: വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും ഫലസ്തീന്‍ കുട്ടികളുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധത ഖത്തര്‍ ആവര്‍ത്തിച്ചു. ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ നടന്ന ഉന്നതതല മന്ത്രിതല പരിപാടിയായ ‘വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും ഫലസ്തീന്‍ കുട്ടികള്‍ക്കായുള്ള പ്രവര്‍ത്തന ആഹ്വാനം’ പരിപാടിയിലാണ് ഖത്തര്‍ നിലപാട് വ്യക്തമാക്കിയത്.

city exchange

അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നദ് പരിപാടിയില്‍ ഖത്തറിനെ പ്രതിനിധീകരിച്ചു. വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും ഫലസ്തീന്‍ കുട്ടികള്‍ക്കായുള്ള ‘പ്രവര്‍ത്തന ആഹ്വാന’ത്തിന് ഖത്തര്‍ പിന്തുണ നല്‍കുന്നതായി മന്ത്രി പറഞ്ഞു. ഫലസ്തീന്‍ കുട്ടികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനുള്ള ഖത്തറിന്റെ ഉറച്ച പ്രതിബദ്ധതയും അവര്‍ ആവര്‍ത്തിച്ചു.

അടിയന്തര വെടിനിര്‍ത്തല്‍ നടപ്പാക്കുക, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ മാനിക്കുക, കുട്ടികളെ കൊലപ്പെടുത്തുന്നതും അംഗഭംഗം വരുത്തുന്നതും ഉള്‍പ്പെടെയുള്ള ഗുരുതരമായ നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ നടപടികള്‍ക്ക് ‘പ്രവര്‍ത്തന ആഹ്വാനം’ പ്രാധാന്യം നല്‍കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.

സംഘര്‍ഷ മേഖലകളില്‍ കുട്ടികളാണ് ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നതെന്നതിന്റെ ദാരുണമായ ഉദാഹരണമാണ് വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും സാഹചര്യമെന്ന് മറിയം അല്‍ മിസ്‌നദ് പറഞ്ഞു. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ച സാഹചര്യത്തിലും കുട്ടികള്‍ക്ക് സുരക്ഷിതമായ വിദ്യാഭ്യാസം ലഭിക്കുന്നതിന് നിരവധി തടസ്സങ്ങള്‍ നേരിടേണ്ടിവരുന്നതായി യു എന്‍ മാനുഷികകാര്യ ഏകോപന കാര്യാലയത്തിന്റെ (ഒ സി എച്ച് എ) ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി അവര്‍ പറഞ്ഞു.

- Advertisement -
Ad image

കുടിയൊഴിപ്പിക്കല്‍, വ്യോമാക്രമണങ്ങളും മറ്റ് ആക്രമണങ്ങളും സൃഷ്ടിക്കുന്ന സുരക്ഷാഭീഷണി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍, സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങള്‍ എന്നിവയാണ് കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്ന പ്രധാന കാരണങ്ങളെന്ന് അവര്‍ വ്യക്തമാക്കി. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കുട്ടികളുടെ ദുരിതം ലഘൂകരിക്കുക എന്നത് ഗാസയുമായി ബന്ധപ്പെട്ട ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും അവര്‍ പറഞ്ഞു. കുട്ടികളുടെയും കുടുംബങ്ങളുടെയും സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തി അടിയന്തര മാനുഷിക സഹായ പ്രവര്‍ത്തനങ്ങളില്‍ ഖത്തര്‍ സജീവമായി ഇടപെടുന്നതായും മന്ത്രി വ്യക്തമാക്കി.

ഗാസയില്‍ അത്യാവശ്യ ആരോഗ്യ സേവനങ്ങളും മാനുഷിക പ്രവര്‍ത്തനങ്ങളും തുടര്‍ന്നുകൊണ്ടുപോകുന്നതിന് സഹായകമാകുന്ന ധനസഹായത്തിന്റെ ഭാഗമായി ഏകദേശം 13 ലക്ഷം ലിറ്റര്‍ ഇന്ധനം ഗാസയിലേക്ക് എത്തിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുമായി ഖത്തര്‍ കരാറില്‍ ഒപ്പുവച്ചതായും അവര്‍ അറിയിച്ചു.

ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക്, പ്രത്യേകിച്ച് സംഘര്‍ഷബാധിത മേഖലകളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സംരക്ഷണം തുടങ്ങിയ അടിസ്ഥാന സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള വിവിധ മാനുഷിക, വികസന പദ്ധതികളിലൂടെ ഖത്തര്‍ പിന്തുണ തുടരുമെന്നും മന്ത്രി പറഞ്ഞു.

സംഘര്‍ഷ മേഖലകളിലെ കുട്ടികളുടെ സംരക്ഷണത്തിനായി ഗവേഷണം, സഹകരണം, ശേഷിവികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു എന്‍ കുട്ടികളും സായുധ സംഘര്‍ഷങ്ങളും സംബന്ധിച്ച പ്രത്യേക പ്രതിനിധിയുടെ വിശകലന- ആശയവിനിമയ കേന്ദ്രം നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കും ഫലസ്തീന്‍ പ്രശ്‌നത്തിനുമുള്ള ഖത്തറിന്റെ ഉറച്ച പിന്തുണയും മന്ത്രി ആവര്‍ത്തിച്ചു. അന്താരാഷ്ട്ര നിയമസാധുതയുള്ള പ്രമേയങ്ങള്‍ക്കും ദ്വിരാഷ്ട്ര പരിഹാരത്തിനും അനുസൃതമായി, 1967ലെ അതിര്‍ത്തികളെ അടിസ്ഥാനമാക്കി കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശത്തെ ഖത്തര്‍ പിന്തുണയ്ക്കുന്നതായും അവര്‍ വ്യക്തമാക്കി.

തങ്ങളുടെ തത്വങ്ങളിലും ദീര്‍ഘകാല പ്രതിബദ്ധതയിലും അധിഷ്ഠിതമായി, ഫലസ്തീന്‍ ജനതയ്ക്കും കുട്ടികള്‍ക്കും മാത്രമല്ല, ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കും പിന്തുണ നല്‍കുന്ന അന്താരാഷ്ട്ര ശ്രമങ്ങളില്‍ ഖത്തര്‍ മുന്‍നിര പങ്ക് തുടര്‍ന്നും വഹിക്കുമെന്നും മറിയം അല്‍ മിസ്‌നദ് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!