വെനസ്‌ഡേ ഫിയസ്റ്റയുടെ നൂറാം പതിപ്പും ഗാന്ധി ജയന്തി ആഘോഷവുമായി ഐ സി സി

Web Desk
3 Min Read

ദോഹ: ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകത്തിന്റെ സമ്പന്നതയും മഹാത്മാഗാന്ധിയുടെ ആശയങ്ങളും പൈതൃകവും ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) ഈ ആഴ്ച രണ്ട് പ്രധാന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

വെനസ്‌ഡേ ഫിയസ്റ്റയുടെ നൂറാം പതിപ്പും ഗാന്ധി ജയന്തി ആഘോഷങ്ങളുമാണ് സംഘടിപ്പിക്കുന്നത്.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ജനപ്രിയ പ്രതിവാര സാംസ്‌കാരിക പരിപാടിയായ വെനസ്‌ഡേ ഫിയസ്റ്റയുടെ നൂറാം പതിപ്പ് സെപ്റ്റംബര്‍ 30 ബുധനാഴ്ച വൈകിട്ട് 7 മണി മുതല്‍ ഐ സി സി അശോക ഹാളില്‍ നടക്കും.

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പാരമ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ ഐ സി സി നടത്തുന്ന തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നൂറാം പതിപ്പ് പ്രത്യേക പരിപാടികളോടെയാണ് സംഘടിപ്പിക്കുന്നത്.

- Advertisement -
Ad image

പ്രശസ്ത ഗസല്‍, ഹിന്ദുസ്ഥാനി ഗായകനായ പത്മകുമാര്‍ പ്രത്യേക ഗസല്‍ സംഗീതാവതരണം നടത്തും. ഐ സി സിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ കലാപരിപാടികളും ചടങ്ങില്‍ അരങ്ങേറും. ഇന്ത്യയുടെ വിവിധ കലാരൂപങ്ങളുടെയും സാംസ്‌കാരിക വൈവിധ്യങ്ങളുടെയും മനോഹരമായ അവതരണങ്ങള്‍ക്ക് പരിപാടി വേദിയാകും.

ഗാന്ധിജയന്തി ആഘോഷങ്ങള്‍ ഒക്ടോബര്‍ 2ന് ഖത്തറിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കും.ഒക്ടോബര്‍ 2 വെള്ളിയാഴ്ച വൈകിട്ട് 7 മണി മുതല്‍ ഐ സി സി അശോക ഹാളിലാണ് പരിപാടി.

മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ ഗാന്ധിജിയുടെ മൂല്യങ്ങളും ആശയങ്ങളും അദ്ദേഹത്തിന്റെ അനശ്വര പൈതൃകവും ഉയര്‍ത്തിക്കാട്ടുന്ന വിവിധ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി വിവിധ സര്‍ഗാത്മക മത്സരങ്ങളും ഐ സി സി സംഘടിപ്പിക്കുന്നുണ്ട്. മഹാത്മാഗാന്ധിയുടെ ജീവിതം, ആശയങ്ങള്‍, പൈതൃകം എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധവും ചിന്തയും വളര്‍ത്തുകയാണ് മത്സരങ്ങളുടെ ലക്ഷ്യം.

ക്വിസ് മത്സരം ഒക്ടോബര്‍ 2ന് വൈകിട്ട് 5 മണി മുതല്‍ ഐ സി സി അശോക ഹാളില്‍ നടക്കും. സ്‌കൂള്‍ അടിസ്ഥാനത്തിലായിരിക്കും മത്സരം. പങ്കെടുക്കുന്ന ഓരോ സ്‌കൂളിനും 8 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികള്‍ വീതമുള്ള മൂന്ന് ടീമുകളെ രജിസ്റ്റര്‍ ചെയ്യാം. ക്വിസ് മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ അതത് സ്‌കൂളുകള്‍ മുഖേന മാത്രമായിരിക്കും.

8 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സ്‌കെച്ച് ആന്റ് പെയിന്റിംഗ് മത്സരവും 5 മുതല്‍ 7 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി പെയിന്റിംഗ് മത്സരവും നടത്തും. രണ്ട് മത്സരങ്ങളും ഒക്ടോബര്‍ 2ന് രാവിലെ 9 മണി മുതല്‍ 10.30 വരെ നടക്കും.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഐ സി സി മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനുള്ള അവസാന തിയ്യതി സെപ്റ്റംബര്‍ 30 ബുധനാഴ്ച വൈകിട്ട് 7 മണി വരെയാണ്.

ഐ സി സി മൊബൈല്‍ ആപ്പ് ആപ്പിള്‍ സ്റ്റോറില്‍ https://apps.apple.com/us/app/icc-qatar/id6739130635, ഗൂഗ്ള്‍ പ്ലേ സ്റ്റോില്‍ https://play.google.com/store/apps/details?id=com.iccqatar.icc_privilegecard_app&hl=en_IN എന്നീ ലിങ്കുകളില്‍ ലഭിക്കും.

ഐ സി സി അശോക ഹാളില്‍ നടന്നവാര്‍ത്താ സമ്മേളനത്തില്‍ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, ഉപദേശക സമിതി ചെയര്‍മാന്‍ പി എന്‍ ബാബുരാജന്‍, വൈസ് പ്രസിഡന്റ് ശാന്തനു ദേശ് പാണ്ഡെ, കള്‍ച്ചറല്‍ സെക്രട്ടറി നന്ദിനി അബ്ബഗൗണി, ഹെഡ് ഓഫ് അഫിലിയേഷന്‍ രവീന്ദ്രപ്രസാദ്, ഹെഡ് ഓഫ് എച്ച് ആര്‍ രാഗേഷ് വാഗ്, ഹെഡ് ഓഫ് എക്‌സ്റ്റേണല്‍ ആക്റ്റീവിറ്റിസ് പൂര്‍വി ഷ്‌റോഫ് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!