

തിരുവനന്തപുരം: ബഹറൈനിലേക്ക് പറക്കേണ്ടിയിരുന്ന ഗള്‍ഫ് എയര്‍ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി. വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍നിന്ന് പുറപ്പെടാനുളള അനുമതി ലഭിച്ചശേഷം റണ്‍വേയിലേക്ക് കടക്കുന്നതിനുളള ടാക്‌സിവേയിലുടെ നീങ്ങുമ്പോഴാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടത്.

വിമാനം തിരികെ ബേയില്‍ എത്തിച്ച് സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

വിമാനത്തിന്റെ പവര്‍ യൂണിറ്റ് സംവിധാനം തകരാറിലാവുകയായിരുന്നു. വിമാനത്തിന് പുറപ്പെടാനാവില്ലെന്ന് പൈലറ്റ് അറിയിച്ചതോടെ വിമാനത്തിലുണ്ടായിരുന്ന 158 യാത്രക്കാരെയും പുറത്തിറക്കി. ഇവരില്‍ 50 യാത്രക്കാരെ നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി. വീട്ടിലേക്ക് പോകാന്‍ സമ്മതം അറിയിച്ചവരെ ടാക്‌സിയില്‍ അവരവരുടെ വീടുകളിലെത്തിക്കുകയും ചെയ്തു.
വിമാനത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ ബഹറൈനില്‍ നിന്നും ഉപകരണങ്ങളും ജീവനക്കാരുമെത്തും. ഞായറാഴ്ച ഉച്ചയോടെ വിമാനം പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

