
കൊച്ചി: സംഗീതവും നൃത്തവും ചേര്‍ന്ന സന്ധ്യയെ നൂറുകണക്കിന് വനിതകള്‍ ആടിയും പാടിയും മനോഹരമാക്കി. ആഘോഷത്തോടൊപ്പം സാമൂഹിക സേവനത്തിനും കൈത്താങ്ങാകാന്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചി മിലന്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ‘രാസ് ലീല 2026’ വനിതകള്‍ക്കായുള്ള ഡാണ്ടിയാ നൈറ്റായിരുന്നു നിറപ്പകിട്ടാര്‍ന്ന നൃത്തത്തിനും പാട്ടിനും വേദിയായത്.

റോട്ടറി ഡിസ്ട്രിക്ട് 3205 ഫസ്റ്റ് ലേഡി നിഞ്ജു ജോഷി രാസ് ലീല 2026 ഉദ്ഘാടനം ചെയ്തു. ആഹ്ലാദത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷമായ ഡാന്‍ഡിയയ്‌ക്കൊപ്പം കാരുണ്യത്തിന്റെ സന്ദേശവും പകരുകയാണ് രാസ് ലീല 2026 എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ നിഞ്ജു ജോഷി പറഞ്ഞു. സ്ത്രീത്വത്തിന്റെ മനോഹരമായ സത്ത ആഘോഷിക്കുന്നതിനോടൊപ്പം നല്ല കാര്യത്തിനായുള്ള ധനസമാഹരണ പരിപാടി കൂടിയാണെന്നത് സന്തോഷം പകരുന്നതായി അവര്‍ പറഞ്ഞു.


ലേഡി ഇലക്ട് നീന ജയശങ്കര്‍, ഷീല കൊച്ചൗസേപ്പ്, ധന്യ രാമകൃഷ്ണന്‍, ലിസി ബിജു, മിനി ഈപ്പന്‍, ഗുഞ്ച സിംഗള്‍, ധന്യ ജാതവേദന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
റോട്ടറി ക്ലബ് ഓഫ് കൊച്ചി മിലന്‍ ദത്തെടുത്ത മുളവുകാട് ഗ്രാമത്തിലെ വിവിധ ക്ഷേമപദ്ധതികള്‍ക്കായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്ലബ്ബിന്റെ ധനസമാഹരണ പ്രവര്‍ത്തനങ്ങളിലൂടെയും സുമനസ്സുകളുടെ സഹകരണത്തോടെയും മുളവുകാട് ഗ്രാമത്തില്‍ 92 ശൗചാലയങ്ങള്‍ നിര്‍മിക്കുകയും അഞ്ച് വീടുകള്‍ പണികഴിപ്പിക്കുകയും നിരവധി പൂര്‍ത്തിയാകാതെ കിടന്ന വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

