അല്‍ ഖോറില്‍ കാര്‍ഡിഫ് ഇന്ത്യന്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു

Web Desk
2 Min Read

അല്‍ ഖോര്‍: ഗുണമേന്മയുള്ളതും ചെലവുകുറഞ്ഞതും സമഗ്രവുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അല്‍ ഖോറില്‍ കാര്‍ഡിഫ് ഇന്ത്യന്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. അല്‍ ഖോറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ദീര്‍ഘകാല സ്വപ്‌നത്തിന്റെ സാക്ഷാത്കാരമായാണ് പുതിയ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടക്കത്തെ അധികൃതര്‍ വിശേഷിപ്പിച്ചത്.

city exchange

കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം നല്‍കുകയാണ് സ്‌കൂളിന്റെ ലക്ഷ്യം. പരീക്ഷകളില്‍ മികച്ച വിജയം നേടുന്നതിനൊപ്പം ജീവിതത്തെ അഭിമുഖീകരിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന സമഗ്ര വിദ്യാഭ്യാസമാണ് സ്‌കൂള്‍ വിഭാവനം ചെയ്യുന്നത്.

ആധുനിക സൗകര്യങ്ങളോടെയാണ് സ്‌കൂള്‍ ക്യാമ്പസ് സജ്ജീകരിച്ചിരിക്കുന്നത്. സൗകര്യപ്രദമായ ക്ലാസ് മുറികള്‍, ശാസ്ത്ര ലബോറട്ടറികള്‍, റോബോട്ടിക്‌സ്, കമ്പ്യൂട്ടര്‍ സൗകര്യങ്ങള്‍, ആസ്‌ട്രോണമി സംവിധാനങ്ങള്‍, ലൈബ്രറി, ആര്‍ട്ട്, സംഗീതം, നൃത്തം എന്നിവയ്ക്കുള്ള പ്രത്യേക ഇടങ്ങള്‍, നീന്തല്‍ സൗകര്യം, മള്‍ട്ടിപര്‍പ്പസ് ഓഡിറ്റോറിയം, ഇന്‍ഡോര്‍ പ്ലേ ഏരിയകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ക്യാമ്പസിലുണ്ട്.

മികച്ചൊരു വിദ്യാലയം കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും കൊണ്ട് മാത്രമല്ല രൂപപ്പെടുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. അധ്യാപകര്‍, നേതൃത്വം, രക്ഷിതാക്കള്‍, സമൂഹം എന്നിവരുടെ കൂട്ടായ പങ്കാളിത്തമാണ് ഓരോ കുട്ടിക്കും പിന്തുണയും പരിഗണനയും ലഭിക്കുന്ന പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ അടിസ്ഥാനം.

- Advertisement -
Ad image

അക്കാദമിക് നിലവാരം ശക്തിപ്പെടുത്തുന്നതിനൊപ്പം ഓരോ വിദ്യാര്‍ഥിക്കും ആവശ്യമായ വ്യക്തിഗത പിന്തുണ, കോ- കരിക്കുലര്‍ പ്രവര്‍ത്തനങ്ങള്‍, കായിക അവസരങ്ങള്‍, നൂതന പഠനരീതികള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. സാങ്കേതികവിദ്യയുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഉത്തരവാദിത്തപരമായ ഉപയോഗവും പഠനത്തിന്റെ ഭാഗമാക്കും. സാങ്കേതികവിദ്യ എത്രത്തോളം വികസിച്ചാലും അധ്യാപകനും മനുഷ്യബന്ധവും വിദ്യാഭ്യാസത്തിന്റെ കേന്ദ്രസ്ഥാനത്ത് തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സമൂഹത്തോടുള്ള ഉത്തരവാദിത്തവും
ക്ലാസ് മുറികള്‍ക്കപ്പുറത്തേക്കും വിദ്യാഭ്യാസത്തിന്റെ പ്രയോജനം വ്യാപിപ്പിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസം നിക്ഷേപം മാത്രമല്ല, സാമൂഹിക ഉത്തരവാദിത്തം കൂടിയാണെന്ന നിലപാടിന്റെ ഭാഗമായി ഖത്തറിലും മറ്റ് പ്രദേശങ്ങളിലും വിവിധ സാമൂഹിക, വിദ്യാഭ്യാസ പദ്ധതികളില്‍ പങ്കാളികളാകുമെന്നും അധികൃതര്‍ അറിയിച്ചു.

നിശ്ചിത മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിച്ച് സി ബി എസ് ഇ അഫിലിയേഷന്‍ നേടുന്നതിനുള്ള നടപടികളും ബന്ധപ്പെട്ട അധികൃതരുടെ മാര്‍ഗനിര്‍ദേശത്തോടെയും പിന്തുണയോടെയും മുന്നോട്ടുകൊണ്ടുപോകുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

കാര്‍ഡിഫ് ഇന്ത്യന്‍ സ്‌കൂള്‍, ബ്രിട്ടീഷ് പാഠ്യപദ്ധതി പിന്തുടരുന്ന കാര്‍ഡിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിനും കിന്‍ഡര്‍ഗാര്‍ട്ടന്‍ വിദ്യാഭ്യാസ വിഭാഗത്തിനുമൊപ്പമുള്ള സ്ഥാപനത്തിന്റെ വിപുലമായ വിദ്യാഭ്യാസ സംരംഭത്തിന്റെ ഭാഗമാണ്. വിദ്യാര്‍ഥികളെ പഠനത്തിന്റെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തി ആത്മവിശ്വാസമുള്ളവരും കഴിവുറ്റവരും കരുണയും ഉത്തരവാദിത്തബോധവുമുള്ള വ്യക്തികളുമായി വളര്‍ത്തുക എന്നതാണ് സ്ഥാപനങ്ങളുടെ പൊതുലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു.

കാര്‍ഡിഫ് ഇന്ത്യന്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കിയ ഖത്തര്‍ വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ഇന്ത്യന്‍ എംബസി, രക്ഷിതാക്കള്‍, അധ്യാപകര്‍, പങ്കാളികള്‍, അഭ്യുദയകാംക്ഷികള്‍, അല്‍ ഖോര്‍ സമൂഹം എന്നിവരോട് സ്‌കൂള്‍ അധികൃതര്‍ നന്ദി അറിയിച്ചു.

സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തിന്റെ തുടര്‍ന്നുള്ള പിന്തുണ പ്രതീക്ഷിക്കുന്നതായും അധികൃതര്‍ പറഞ്ഞു. ഓരോ കുട്ടിക്കും പഠിക്കാനും വളരാനും സ്വപ്‌നം കാണാനും ശോഭനമായ ഭാവി കെട്ടിപ്പടുക്കാനും അവസരം നല്‍കുക എന്നതാണ് കാര്‍ഡിഫ് ഇന്ത്യന്‍ സ്‌കൂളിന്റെ ദൗത്യമെന്നും അവര്‍ വ്യക്തമാക്കി.

അല്‍ ഖോറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പുതിയ സ്ഥാപനം കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ. ഹമദ് മുബാറകക്ക് അല്‍ കാബി, പ്രിന്‍സിപ്പാള്‍ ഡോ. മനീഷ് മംഗള്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!