
ദോഹ: ഫ്രഷ് കോഴിയിറച്ചിയുടെയും പാലുത്പന്നങ്ങളുടെയും ആഭ്യന്തര ആവശ്യത്തിന്റെ 99 ശതമാനവും പ്രാദേശിക ഉത്പാദനത്തിലൂടെ നിറവേറ്റി ഖത്തര്. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സുസ്ഥിര കൃഷി രീതികള്ക്കും കാര്ഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകള്ക്കും കൂടുതല് പ്രാധാന്യം നല്കിവരികയാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.

ഒക്ടോബര് 16ന് ആചരിക്കുന്ന ലോക ഭക്ഷ്യദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. പ്രാദേശിക ഭക്ഷ്യോത്പാദനം വര്ധിപ്പിക്കുക, പ്രകൃതിവിഭവങ്ങള് സംരക്ഷിക്കുക, പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള് ഖത്തര് നടപ്പാക്കിവരികയാണ്. രാജ്യത്തിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രമായ ‘നാഷനല് ഫുഡ് സെക്യൂരിറ്റി സ്ട്രാറ്റജി 2030’ന്റെ ലക്ഷ്യങ്ങള്ക്ക് അനുസൃതമായാണ് ഈ പ്രവര്ത്തനങ്ങള്.

2025ലെ കണക്കുകള് പ്രകാരം ഫ്രഷ് മത്സ്യത്തിന്റെ ആഭ്യന്തര ആവശ്യത്തിന്റെ 67 ശതമാനവും അടിസ്ഥാന പച്ചക്കറികളുടെ ആവശ്യത്തിന്റെ 47 ശതമാനവും പ്രാദേശിക ഉത്പാദനത്തിലൂടെ നിറവേറ്റാന് ഖത്തറിന് കഴിയുന്നുണ്ട്.
കാര്ഷിക ഉത്പാദനക്ഷമതയും വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 96 ഹെക്ടര് വിസ്തൃതിയില് ശീതീകരണ സംവിധാനങ്ങളുള്ള ഹരിതഗൃഹങ്ങള് സ്ഥാപിക്കുന്നതിനുള്ള നടപടികള് പുരോഗമിക്കുകയാണ്. ഇതിലൂടെ ഉത്പാദനക്ഷമത 30 ശതമാനം വര്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.
മത്സ്യകൃഷിയിലെ സാങ്കേതികവിദ്യകള് മെച്ചപ്പെടുത്തുക, ആധുനിക സ്മാര്ട്ട് ജലസേചന സംവിധാനങ്ങള് നടപ്പാക്കുക, ബദല് ഊര്ജസ്രോതസ്സുകളുടെ ഉപയോഗം വ്യാപിപ്പിക്കുക, സസ്യങ്ങളെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളും ജൈവഭീഷണികളും നിയന്ത്രിക്കുക തുടങ്ങിയ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.
ഭക്ഷ്യവിതരണ ശൃംഖല ശക്തിപ്പെടുത്തും
ഭക്ഷ്യവിതരണത്തിലെ തടസ്സങ്ങള് നേരിടുന്നതിനും അടിയന്തര സാഹചര്യങ്ങളില് ഭക്ഷ്യലഭ്യത ഉറപ്പാക്കുന്നതിനും ഖത്തര് നടപടികള് സ്വീകരിക്കുന്നുണ്ട്. തന്ത്രപ്രധാന ഭക്ഷ്യശേഖരങ്ങളുടെ ഡിജിറ്റല് നിയന്ത്രണം, വിതരണശൃംഖലയിലെ തടസ്സങ്ങള് മുന്കൂട്ടി തിരിച്ചറിയുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്, പരിസ്ഥിതി സൗഹൃദ ഭക്ഷ്യോത്പാദന മേഖലയിലെ നിക്ഷേപം, ശീതീകരണ സംവിധാനങ്ങളോടുകൂടിയ വിതരണ ശൃംഖലകളുടെ വികസനം എന്നിവ ഇതില് ഉള്പ്പെടുന്നു.
ഭക്ഷ്യനഷ്ടവും ഭക്ഷണം പാഴാക്കുന്നതും കുറയ്ക്കുന്നതിനുള്ള ദേശീയ പദ്ധതിയും ലൈസന്സിങ്, കാര്ഷിക പദ്ധതികളുടെ നിരീക്ഷണം എന്നിവയ്ക്കായുള്ള ഡിജിറ്റല് പ്ലാറ്റ്ഫോമുകളും ഭക്ഷ്യമേഖലയുടെ പ്രവര്ത്തനക്ഷമത വര്ധിപ്പിക്കാനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ്.
കാര്ഷിക ഗവേഷണ വിഭാഗം നടത്തുന്ന ജൈവകൃഷി ഗവേഷണങ്ങളും മന്ത്രാലയം പ്രസ്താവനയില് വിശദീകരിച്ചു. വിളകളുടെ വളര്ച്ച മെച്ചപ്പെടുത്തുന്നതിനായി മൈക്കോറൈസല് ഫംഗസുകള് ഉപയോഗിച്ചുള്ള പരീക്ഷണങ്ങള് ഇതിന്റെ ഭാഗമായി നടത്തി.
പരമ്പരാഗത കൃഷിരീതികളുമായി താരതമ്യം ചെയ്യുമ്പോള് ഇത്തരം പരീക്ഷണങ്ങളില് സസ്യവളര്ച്ചയിലും വിളകളുടെ ഉത്പാദനക്ഷമതയിലും 10 ശതമാനം വര്ധന രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായും രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാന് കഴിഞ്ഞതായും കണ്ടെത്തി.
ജൈവകൃഷിരീതികള്ക്കൊപ്പം സംരക്ഷിത കൃഷി, ഹൈഡ്രോപോണിക്സ് (മണ്ണില്ലാ കൃഷി), വെര്ട്ടിക്കല് ഫാമിങ് (ലംബകൃഷി) തുടങ്ങിയ ആധുനിക രീതികള് പ്രയോജനപ്പെടുത്തുന്നതിലൂടെ ജലവും മറ്റ് പ്രകൃതിവിഭവങ്ങളും കൂടുതല് കാര്യക്ഷമമായി ഉപയോഗിക്കാനും ഭക്ഷ്യനഷ്ടം കുറയ്ക്കാനും കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
മരുഭൂ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷി
ഖത്തറിന്റെ മരുഭൂ കാലാവസ്ഥയോടും മാറിവരുന്ന പാരിസ്ഥിതിക സാഹചര്യങ്ങളോടും പ്രാദേശിക കൃഷിയിടങ്ങള്ക്ക് പൊരുത്തപ്പെടാന് ഇത്തരം സാങ്കേതികവിദ്യകള് സഹായകമാകും. ഇതിലൂടെ കൂടുതല് പ്രതിരോധശേഷിയുള്ളതും പരിസ്ഥിതിയോട് ഇണങ്ങുന്നതുമായ കാര്ഷിക മേഖല കെട്ടിപ്പടുക്കാനാകുമെന്നാണ് വിലയിരുത്തല്.
ഉത്പാദനം വര്ധിപ്പിക്കുന്നതില് മാത്രം ഭക്ഷ്യസുരക്ഷ ഒതുങ്ങുന്നില്ലെന്നും പ്രകൃതിവിഭവങ്ങള് സംരക്ഷിക്കുകയും ഇന്നത്തെയും ഭാവിയിലെയും തലമുറകളുടെ ആവശ്യങ്ങള് നിറവേറ്റുകയും ചെയ്യുന്ന ഉത്തരവാദിത്തപൂര്ണമായ കൃഷിരീതികള് സ്വീകരിക്കേണ്ടതും അനിവാര്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

