ജറുസലേമില്‍ കൊളംബിയ എംബസി തുറന്നതിനെതിരെ ഖത്തര്‍ ഉള്‍പ്പെടെ 18 അറബ്- ഇസ്ലാമിക രാജ്യങ്ങള്‍

Web Desk
1 Min Read

ദോഹ: ജറുസലേമില്‍ എംബസി തുറക്കാനുള്ള കൊളംബിയയുടെ നടപടിക്കെതിരെ ഖത്തര്‍ ഉള്‍പ്പെടെ 18 അറബ്- ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ക്ക് വിരുദ്ധവും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമാണ് ഈ നടപടിയെന്ന് മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

city exchange

ഖത്തര്‍, അള്‍ജീരിയ, ജിബൂട്ടി, ഈജിപ്ത്, ഇന്തോനേഷ്യ, ജോര്‍ദാന്‍, കുവൈത്ത്, ലെബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഫലസ്തീന്‍, സൗദി അറേബ്യ, സൊമാലിയ, സുഡാന്‍, സിറിയ, തുര്‍ക്കിയ, യമന്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് കൊളംബിയയുടെ നടപടിയെ അപലപിച്ചത്.

അധിനിവേശ ജറുസലേമിന്റെ നിയമപരമോ ചരിത്രപരമോ ആയ പദവിയില്‍ മാറ്റം വരുത്തുന്നതിനും ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഏതൊരു നടപടിയും തീരുമാനവും നിയമപരമായി അസാധുവാണെന്ന് മന്ത്രിമാര്‍ ആവര്‍ത്തിച്ചു. ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സില്‍, പൊതുസഭാ പ്രമേയങ്ങള്‍ എന്നിവയ്ക്ക് അനുസൃതമാണ് ഈ നിലപാടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ജറുസലേമിന്റെ സ്വഭാവത്തിലോ പദവിയിലോ മാറ്റം വരുത്താനുള്ള ശ്രമങ്ങളെ തള്ളിക്കളയുന്ന സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളായ 476 (1980), 478 (1980) എന്നിവയും മന്ത്രിമാര്‍ പ്രത്യേകം പരാമര്‍ശിച്ചു. 1967 മുതല്‍ അധിനിവേശത്തിലുള്ള ഫലസ്തീന്‍ പ്രദേശത്തിന്റെ ഭാഗമായ ജറുസലേമില്‍നിന്ന് നയതന്ത്ര കാര്യാലയങ്ങള്‍ പിന്‍വലിക്കണമെന്ന് ഈ പ്രമേയങ്ങള്‍ രാജ്യങ്ങളോട് ആവശ്യപ്പെടുന്നുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

- Advertisement -
Ad image

തീരുമാനം പുനഃപരിശോധിച്ച് പിന്‍വലിക്കാനും അന്താരാഷ്ട്ര നിയമപ്രകാരമുള്ള ബാധ്യതകള്‍ പാലിക്കാനും കൊളംബിയന്‍ സര്‍ക്കാരിനോട് മന്ത്രിമാര്‍ ആവശ്യപ്പെട്ടു. സ്വതന്ത്രവും പരമാധികാരവുമുള്ള ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങളെ ഹനിക്കുന്ന നടപടികളില്‍നിന്ന് കൊളംബിയ വിട്ടുനില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രമാണ് ഈ അവകാശത്തിന്റെ അടിസ്ഥാനമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!