
ദോഹ: മലയാള ചലച്ചിത്രസംഗീത ലോകത്തെ അനശ്വര സംഗീത പ്രതിഭ ദേവരാജന്‍ മാസ്റ്ററുടെ ഓര്‍മകള്‍ക്ക് സംഗീതാര്‍ച്ചനയൊരുക്കി ‘ഈ മനോഹര തീരത്ത്’ എന്ന പേരില്‍ ഗ്രാമഫോണ്‍ ഖത്തര്‍ സംഘടിപ്പിച്ച സ്മരണാഞ്ജലി സീസണ് 5 ശ്രദ്ധേയമായി. ദേവരാജന്‍ മാസ്റ്ററുടെ അനശ്വര ഗാനങ്ങളെ കോര്‍ത്തിണക്കിയ പരിപാടി സംഗീതാസ്വാദകര്‍ക്ക് ഗൃഹാതുരമായ അനുഭവമായി.

പരിപാടിയുടെ സംവിധാനവും അവതരണവും നിര്‍വഹിച്ച ഡോ. റഷീദ് പട്ടത്ത് ഗാനങ്ങളുടെ പശ്ചാത്തലവും വൈകാരികതയും ആസ്വാദകരിലേക്ക് പകര്ന്നുനല്കി. ഖത്തറിന്റെ കലാവേദികളിലെ മുന്‍ കലാതിലകമായ ശ്രീലക്ഷ്മി സുരേഷ് ഒരിടവേളയ്ക്കുശേഷം അവതാരകയായി മടങ്ങിയെത്തി ശ്രദ്ധേയ സാന്നിധ്യമായി.


സ്മരണാഞ്ജലി സീരീസുകളിലെ പ്രധാനഗായികയും ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ജേത്രിയുമായ ശിവപ്രിയ സുരേഷിനെ ആദരിച്ചു. ഗ്രാമഫോണും ശിവപ്രിയയും തമ്മിലുള്ള ആത്മബന്ധത്തിന്റെ മധുരസ്മൃതികള്‍ കോര്‍ത്തിണക്കിയ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു.
ഖത്തറിലെ സംഗീതരംഗത്തെ മികവിനുള്ള അംഗീകാരമായി ഗ്രാമഫോണ്‍ ഏര്‍പ്പെടുത്തുന്ന 2026ലെ ഗ്രാമഫോണ്‍ ഖത്തര്‍- മുഹമ്മദ് ഈസ മെമ്മോറിയല്‍ അവാര്‍ഡ് ജോയ് മാഷ്ക്ക് (വയലിന് ജോയ്) ചടങ്ങില്‍ സമ്മാനിച്ചു.
ദോഹയിലെ ഗായകരായ ശിവപ്രിയ സുരേഷ്, മൈഥിലി ഷേണായ്, റിയാസ് കരിയാട്, മണികണ്ഠദാസ്, അജ്മല്‍ മുഹമ്മദ്, രാം രവീന്ദ്രന്, മുഹമ്മദ് ഉസ്മാന്, റഷാദ് ഖുറൈശി, അനീഷ രാജേഷ്, ആതിര തങ്കം, അന്ന ലോറന്‍സ് എന്നിവര്‍ ചേര്‍ന്ന് ഗാനങ്ങള്‍ ആലപിച്ചു. സംഗീതാവതരണത്തിന് മിഴിവേകി ഓര്‍ക്കസ്ട്ര ടീമും മികവുറ്റ ശബ്ദസമന്വയം കൊണ്ട് സൗണ്ട് എഞ്ചിനീയര്‍ രഞ്ജിത്ത് രവീന്ദ്രനും സംഗീതവിരുന്നിന് പൂര്‍ണതയേകി.

ഗ്രാമഫോണ്‍ ഖത്തറിന്റെ പ്രിയപ്പെട്ട സഹയാത്രികന് വി എസ് നാരായണന്, പേട്രണ്‍ കെ ആര് ജയരാജ്, സ്ഥാപക അംഗങ്ങളായ ശംസുദ്ധീന്‍ പഴുവില്‍, റഷാദ് ഖുറൈശി, മുഹമ്മദ് ഉസ്മാന്, സുരേഷ് കുമാര്‍ വണ്ണരാത്ത്, മഖ്ദും ഇന്‍സൈറ്റ്, നിയാസ് റഹ്മാന്, ഡോ. റഷീദ് എന്നിവര്‍ ആദരവിനും പുരസ്കാരസമര്പ്പണത്തിനും സന്നിഹിതരായി.
വേള്‍ഡ് മലയാളി ഫോറം പ്രസിഡന്റ് അജാസ് അലി, കോര്‍ഡിനേറ്റര്‍ രാജേഷ് മാണിക്കോത്ത്, സെക്രട്ടറി ജോസഫ് ജോര്‍ജ്, മിഡില്‍ ഈസ്റ്റ് യൂത്ത് ഫോറം കോര്‍ഡിനേറ്റര്‍ മന്‍സൂര്‍ മൊയ്ദീന്, വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ സിതാര മനോജ് തുടങ്ങിയവര്‍ ഉള്‍പ്പെടെ പങ്കെടുത്തു.

