
ദോഹ: ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവലിന് വെള്ളിയാഴ്ച തുടക്കം. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലില്‍ കാറുകളും സമ്മാനത്തുകകളും ഉള്‍പ്പെടെ നാല് മില്യന്‍ റിയാലിന്റെ സമ്മാനങ്ങളാണ് പ്രതിവാര നറുക്കെടുപ്പിലൂടെ വിതരണം ചെയ്യുക. ഖത്തര്‍ ടൂറിസത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 10നാണ് സമാപിക്കുക.
ഒന്നര വര്‍ഷത്തിന് ശേഷം ഖത്തറില്‍ നടക്കുന്ന വലിയ ആഘോഷമാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍.

ദോഹയിലെ 15 കേന്ദ്രങ്ങളിലായി നടക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 90 ശതമാനം വരെ ഡിസ്‌കൗണ്ടാണ് ഉത്പന്നങ്ങള്‍ക്ക് ലഭ്യമാകുക. ഖത്തര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ അഞ്ചാമത് എഡിഷനാണിത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്ിതലെ ഖത്തര്‍ ഡ്യൂട്ടി ഫ്രീയിലും ആദ്യമായി ഷോപ്പിംഗ് ഫെസ്റ്റിവല്‍ അരങ്ങേറുന്നതോടെ ഇതിന് അന്താരാഷ്ട്ര മാനമാണ് കൈവരുന്നത്.
കുടുംബാംഗങ്ങള്‍ക്ക് ഉള്‍പ്പെടെ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള 60 ഹോട്ടലുകള്‍ പ്രമോഷനും മികച്ച പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഷോപ്പര്‍മാര്‍ക്ക് ആയിരക്കണക്കിന് റിയാല്‍ മൂല്യമുള്ള ഖത്തര്‍ ഡ്യൂട്ടി ഫ്രീ വൗച്ചറുകള്‍ ലഭിക്കും.

ഷോപ്പിംഗ് ഫെസ്റ്റവലിന്റെ ഭാഗമായി ആദ്യമായി ഷോപ്പ് ഖത്തര്‍ ഡിസൈന്‍ വാരം സംഘടിപ്പിക്കുന്നു. മുശൈരിബ് ഡൗണ്‍ ടൗണിലെ ദോഹ ഡിസൈന്‍ ഡിസ്ട്രിക്ടില്‍ പോപ് അപ് ഷോപ്പുകളും ഡിസൈന്‍ വര്‍ക്ക്‌ഷോപ്പുകളും രണ്ട് അന്താരാഷ്ട്ര ഫാഷന്‍ ഷോകളും അരങ്ങേറും. ഖത്തര്‍- യു എസ് എ സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായാണ് ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നത്.

ഓരോ 200 റിയാലിന് സാധനങ്ങള്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിന് ഉപഭോക്താക്കള്‍ അര്‍ഹത നേടും. ആദ്യ നറുക്കെടുപ്പ് സെപ്തംബര്‍ 17ന് ഹയാത്ത് പ്ലാസ മാളിലാണ് നടക്കുക. രണ്ട് വിജയികള്‍ക്ക് കാറും 10 പേര്‍ക്ക് കാഷ് പ്രൈസും 30 പേര്‍ക്ക് മറ്റു സമ്മാനങ്ങളുമാണ് ലഭിക്കുക.
ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ് വഴി തങ്ങളുടെ എന്‍ട്രികള്‍ അയക്കാനുള്ള സൗകര്യവും ആദ്യമായി ഒരുക്കിയിട്ടുണ്ട്.
സെയില്‍സ് പ്രമോഷന്‍ കൂടാതെ വിനോദ പരിപാടികളും നടക്കും. വിഖ്യാത അമേരിക്കന്‍ ഡിസൈനര്‍മാരുടെ ഫാഷന്‍ ഷോകള്‍, പ്രാദേശികമായി മികവ് തെളിയിച്ച കലാകാരന്മാരുടെ ഗാനമേളകള്‍, ദോഹ ഡിസൈന്‍ ഡിസ്ട്രിക്ടിലെ സംരംഭകരുടെ പോപ് അപ് ഷോപ്പുകള്‍, കലാ വര്‍ക് ഷോപ്പുകള്‍ തുടങ്ങിയവയുമുണ്ടാകും.
അമേരിക്കന്‍ ഇന്ത്യന്‍ ഫാഷന്‍ ഡിസൈനര്‍ നഈം ഖാന്‍, ബോളിവുഡ് സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്ര എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഗാനമേള അരങ്ങേറും. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ www.shopqatar.qa സന്ദര്‍ശിക്കാവുന്നതാണ്.


