
ദോഹ: തങ്ങളുടെ പ്രദേശത്ത് ഇറാന് നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങളെ ചോദ്യം ചെയ്യാന്‍ പ്രവര്‍ത്തന ആവശ്യങ്ങള്‍ക്കായി തയ്യാറാക്കിയ സുരക്ഷാ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ ഇറാന് തെരഞ്ഞെടുത്ത് ഉപയോഗിക്കുന്നുവെന്ന് തങ്ങളുടെ നിലപാടിനെതിരെയുള്ള ആരോപണം ഖത്തര്‍ തള്ളി.

പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി സാമൂഹിക മാധ്യമത്തിലൂടെയാണ് ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയത്. പ്രവര്‍ത്തന ആവശ്യങ്ങള്‍ക്കായി തയ്യാറാക്കിയ സുരക്ഷാ, അപകടസാധ്യതാ വിലയിരുത്തലില്‍ നിന്ന് ചില ഭാഗങ്ങള്‍ മാത്രം ഉദ്ധരിക്കുന്നതിന് പകരം ഖത്തര്‍ ഐക്യരാഷ്ട്രസഭയ്ക്ക് ഔദ്യോഗികമായി സമര്‍പ്പിച്ച രേഖകള്‍ ഇറാന് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2026 മാര്‍ച്ച് ഒന്നിന് ഐക്യരാഷ്ട്രസഭയ്ക്ക് സമര്‍പ്പിച്ച സമാനമായ കത്തുകളില്‍ ഇറാന് മിസൈലുകള്‍ ഖത്തറിലെ സിവിലിയന്‍, വാണിജ്യ, പാര്‍പ്പിട മേഖലകള്‍ക്ക് മുകളിലൂടെ പ്രയോഗിച്ചതായും ഇതുമൂലം നാശനഷ്ടങ്ങളും 16 പേര്‍ക്ക് പരിക്കുകളും സംഭവിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അല്‍ അന്‍സാരി ചൂണ്ടിക്കാട്ടി. ജൂലൈ 20ന് സമര്‍പ്പിച്ച മറ്റൊരു കത്തില്‍ തുടര്‍ന്നുണ്ടായ ആക്രമണങ്ങളില്‍ ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐ ടി യു പ്ലീനിപൊട്ടന്‍ഷ്യറി സമ്മേളനത്തിനായി തയ്യാറാക്കിയ സുരക്ഷാ വിലയിരുത്തല്‍ രേഖ സംഭവങ്ങളുടെ സമഗ്രമായ വസ്തുതാ രേഖയോ നിയമപരമായ വിലയിരുത്തലോ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച് 18ന് റാസ് ലഫാനിലെ വാതക സൗകര്യങ്ങള്ക്കുനേരെയുണ്ടായ ആക്രമണം ഉള്‍പ്പെടെ ഖത്തറിനുള്ളില്‍ നേരിട്ടുണ്ടായ ആക്രമണങ്ങളെക്കുറിച്ചും ഖത്തര്‍ വ്യോമപാത താത്ക്കാലികമായി അടച്ചതിനെക്കുറിച്ചും സിവിലിയന്‍ ജീവിതത്തിലുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ചും രേഖയില്‍ തന്നെ പരാമര്‍ശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രേഖയുടെ വിശാലമായ പശ്ചാത്തലം അവഗണിച്ച് അതില്‍നിന്ന് ഒരു വാചകം മാത്രം തെരഞ്ഞെടുത്ത് ഉദ്ധരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അല്‍ അന്‍സാരി വ്യക്തമാക്കി.
ഖത്തര്‍ സായുധസേന ഇറാനിയന്‍ മിസൈലുകളും ഡ്രോണുകളും വിജയകരമായി തടഞ്ഞുവെന്ന കാര്യം ആക്രമണങ്ങളുടെ ഗൗരവം കുറയ്ക്കുകയോ ആക്രമണത്തിന് ഉത്തരവാദികളായവരുടെ ബാധ്യത ഇല്ലാതാക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
റാസ് ലഫാനിലെ ആക്രമണത്തെ ‘ആരോപിക്കപ്പെടുന്ന ആക്രമണം’ എന്ന് വിശേഷിപ്പിച്ചതിനെയും അല്‍ അന്‍സാരി വിമര്‍ശിച്ചു. ഖത്തര്‍ ഐക്യരാഷ്ട്രസഭയ്ക്ക് സമര്‍പ്പിച്ച കത്തില്‍ സംഭവം ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സൗകര്യങ്ങള്‍ ഖത്തര്‍ ജനതയുടെ ദേശീയ സ്വത്തുക്കളാണെന്നും ആഗോള ഊര്‍ജ സുരക്ഷാ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തര്‍ ഈ സംഘര്‍ഷത്തിലെ ഒരു കക്ഷിയല്ലെന്നും ഖത്തര്‍ പ്രദേശത്തിനും സിവിലിയന്‍ അടിസ്ഥാനസൗകര്യങ്ങള്ക്കുമെതിരായ ആക്രമണങ്ങള്‍, ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കല്‍, ഹോര്‍മുസ് കടലിടുക്കിലെ അസ്ഥിരത സൃഷ്ടിക്കുന്ന നടപടികള്‍ എന്നിവയെ ‘നിയമാനുസൃത പ്രതികരണങ്ങള്‍’ എന്ന് ന്യായീകരിക്കാനാവില്ലെന്നും അല്‍ അന്‍സാരി പറഞ്ഞു.
ഇത്തരം നടപടികള്‍ അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനങ്ങളാണെന്നും തെരഞ്ഞെടുത്ത ഉദ്ധരണികളോ വ്യാഖ്യാനങ്ങളോ ഉപയോഗിച്ച് ആ യാഥാര്‍ഥ്യം മാറ്റാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം സംഭാഷണവും സമാധാനപരമായ നടപടികളുമാണെന്ന ഖത്തറിന്റെ ദീര്‍ഘകാല നിലപാട് അല്‍ അന്‍സാരി ആവര്‍ത്തിച്ചു. മേഖലയില്‍ സംഘര്‍ഷം കുറയ്ക്കുന്നതിനും സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഖത്തര്‍ നയതന്ത്ര ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

