
ദോഹ: പ്രാദേശിക സാമ്പത്തിക, ഭൗമരാഷ്ട്രീയ വെല്ലുവിളികള്‍ക്കിടയിലും ഖത്തറിന്റെ കയറ്റുമതി യൂണിറ്റ് മൂല്യ സൂചിക 2026 രണ്ടാം പാദത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 17.64 ശതമാനം വര്‍ധിച്ചു. ദേശീയ ആസൂത്രണ കൗണ്‍സില്‍ (എന്‍ പി സി) പുറത്തുവിട്ട കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്.

2025-ലെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോഴാണ് 17.64 ശതമാനം വര്‍ധന രേഖപ്പെടുത്തിയത്. 2026-ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ സൂചിക 6.45 ശതമാനവും ഉയര്‍ന്നു.

കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ യൂണിറ്റ് മൂല്യത്തിലുണ്ടായ വര്‍ധനയാണ് സൂചിക ഉയരാന്‍ കാരണമായതെന്ന് ദേശീയ ആസൂത്രണ കൗണ്‍സില്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
2018 അടിസ്ഥാന വര്‍ഷമായി കണക്കാക്കി ഓരോ പ്രധാന ഉത്രപന്ന വിഭാഗത്തിനും അവയുടെ മൂല്യത്തിനനുസരിച്ച് ആപേക്ഷിക ഭാരമാണ് നല്‍കിയിരിക്കുന്നത്.
ധാതു ഇന്ധനങ്ങള്‍, ലൂബ്രിക്കന്റുകള്‍, അനുബന്ധ വസ്തുക്കള്‍ വിഭാഗത്തിനാണ് ഏറ്റവും ഉയര്‍ന്ന ആപേക്ഷിക ഭാരം- 88.77 ശതമാനം.
രാസവസ്തുക്കളും അനുബന്ധ ഉത്പന്നങ്ങളും 8.04 ശതമാനവുമായി രണ്ടാം സ്ഥാനത്തും അസംസ്‌കൃത വസ്തുക്കളെ അടിസ്ഥാനമാക്കിയുള്ള നിര്‍മിത ഉത്പന്നങ്ങള്‍ 2.63 ശതമാനവുമായി മൂന്നാം സ്ഥാനത്തുമാണ്.
ഈ മൂന്ന് വിഭാഗങ്ങളും ചേര്‍ന്ന് കയറ്റുമതി യൂണിറ്റ് മൂല്യ സൂചികയുടെ ആകെ ഭാരത്തിന്റെ ഏകദേശം 99.5 ശതമാനം വരും.
2026 ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ എട്ട് പ്രധാന വിഭാഗങ്ങളിലെ വര്‍ധനയാണ് സൂചിക ഉയരാന്‍ കാരണമായത്.
രാസവസ്തുക്കളും അനുബന്ധ ഉത്പന്നങ്ങളും 34.73 ശതമാനം വര്‍ധിച്ച് മുന്നിലെത്തി. തുടര്‍ന്ന് ധാതു ഇന്ധനങ്ങള്‍, ലൂബ്രിക്കന്റുകള്‍, അനുബന്ധ വസ്തുക്കള്‍- 4.25 ശതമാനം, അസംസ്‌കൃത വസ്തുക്കളെ അടിസ്ഥാനമാക്കിയുള്ള നിര്‍മിത ഉത്പന്നങ്ങള്‍- 3.31 ശതമാനം, ഇന്ധനം ഒഴികെയുള്ള ഭക്ഷ്യയോഗ്യമല്ലാത്ത അസംസ്‌കൃത വസ്തുക്കള്‍- 3.14 ശതമാനം എന്നിങ്ങനെ വര്‍ധിച്ചു.
മറ്റു നിര്‍മിത ഉത്പന്നങ്ങളില്‍ 1.92 ശതമാനവും പാനീയങ്ങളും പുകയില ഉത്പന്നങ്ങളും 1 ശതമാനവും യന്ത്രസാമഗ്രികളും ഗതാഗത ഉപകരണങ്ങളും 0.50 ശതമാനവും ഭക്ഷണവും ജീവനുള്ള മൃഗങ്ങളും ഉള്‍പ്പെടുന്ന വിഭാഗത്തില്‍ 0.46 ശതമാനവും വര്‍ധന രേഖപ്പെടുത്തി.
അതേസമയം, എസ് ഐ ടി സി വിഭാഗീകരണത്തില്‍ മറ്റെവിടെയും ഉള്‍പ്പെടുത്താത്ത ചരക്കുകളും ഇടപാടുകളും ഉള്‍പ്പെടുന്ന വിഭാഗത്തില്‍ 1 ശതമാനം കുറവ് രേഖപ്പെടുത്തി. മൃഗ- സസ്യ എണ്ണകള്‍, കൊഴുപ്പുകള്‍, മെഴുക് എന്നിവയുടെ വിഭാഗത്തില്‍ മാറ്റമുണ്ടായില്ല.
2025 രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ആറ് പ്രധാന വിഭാഗങ്ങളിലുണ്ടായ വര്‍ധനയാണ് മൊത്തം സൂചിക 17.64 ശതമാനം ഉയരാന്‍ സഹായിച്ചത്.
രാസവസ്തുക്കളും അനുബന്ധ ഉത്പന്നങ്ങളും- 35.94 ശതമാനം, ധാതു ഇന്ധനങ്ങളും ലൂബ്രിക്കന്റുകളും അനുബന്ധ വസ്തുക്കളും- 16.14 ശതമാനം, അസംസ്‌കൃത വസ്തുക്കളെ അടിസ്ഥാനമാക്കിയുള്ള നിര്‍മിത ഉത്പന്നങ്ങള്‍- 14.46 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു.
ഇന്ധനം ഒഴികെയുള്ള ഭക്ഷ്യയോഗ്യമല്ലാത്ത അസംസ്‌കൃത വസ്തുക്കള്‍- 7.38 ശതമാനം, ഭക്ഷണവും ജീവനുള്ള മൃഗങ്ങളും- 5.26 ശതമാനം, മറ്റെവിടെയും ഉള്‍പ്പെടുത്താത്ത ചരക്കുകളും ഇടപാടുകളും- 0.56 ശതമാനം എന്നിങ്ങനെയും വര്‍ധന രേഖപ്പെടുത്തി.
അതേസമയം, പാനീയങ്ങളും പുകയിലയും- 3.52 ശതമാനം, യന്ത്രസാമഗ്രികളും ഗതാഗത ഉപകരണങ്ങളും- 1.45 ശതമാനം, മറ്റു നിര്‍മിത ഉല്‍പ്പന്നങ്ങളും 0.47 ശതമാനം കുറഞ്ഞു. മൃഗ- സസ്യ എണ്ണകള്‍, കൊഴുപ്പുകള്‍, മെഴുക് എന്നിവയുടെ വിഭാഗത്തില്‍ മാറ്റമുണ്ടായില്ല.
ഖത്തറിന്റെ കയറ്റുമതി ഉത്പന്നങ്ങളുടെ യൂണിറ്റ് മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ രേഖപ്പെടുത്തുന്ന പ്രധാന സ്ഥിതിവിവര സൂചികയാണ് ഇ എക്‌സ് യു വി ഐ. വിദേശ വ്യാപാര രംഗത്തെ മാറ്റങ്ങളെയും അനുബന്ധ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും വിലയിരുത്തുന്നതിന് ഈ സൂചിക സഹായകമാണ്.
സ്റ്റാന്‍ഡേര്‍ഡ് ഇന്റര്‍നാഷണല്‍ ട്രേഡ് ക്ലാസിഫിക്കേഷന്‍ പ്രകാരമാണ് സൂചിക തയ്യാറാക്കുന്നത്. പത്ത് പ്രധാന വിഭാഗങ്ങളിലായി ഉള്‍പ്പെടുത്തിയിട്ടുള്ള 56 ചരക്കുകളുടെ കയറ്റുമതി വിവരങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്.

