എം ജി എം ‘ഫ്‌ളേവേഴ്‌സ് ആന്‍ഡ് ഫ്‌ളോറ 2026’ നവംബര്‍ 13-ന് ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍

Web Desk
1 Min Read

ദോഹ: പ്രവാസി വനിതകളുടെ വ്യക്തിപരവും പ്രൊഫഷണലുമായ പുരോഗതിയും പരിസ്ഥിതി സൗഹൃദ ജീവിതരീതികളും ലക്ഷ്യമിട്ട് എം ജി എം ഖത്തര്‍ സംഘടിപ്പിക്കുന്ന ‘ഫ്‌ളേവേഴ്‌സ് ആന്‍ഡ് ഫ്‌ളോറ എക്‌സ്‌പോ 2026’ നവംബര്‍ 13 വെള്ളിയാഴ്ച ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ നടക്കും. ‘സുസ്ഥിരത പ്രവര്‍ത്തി പഥത്തില്‍’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന എക്‌സ്‌പോയില്‍ നിരവധി പ്രദര്‍ശനങ്ങള്‍ നടക്കും.

city exchange

വനിതകള്‍ക്ക് തങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാനും പുതിയ ആശയങ്ങളും വൈദഗ്ധ്യങ്ങളും പങ്കുവെക്കാനും പരസ്പരം സൗഹൃദം പുതുക്കാനുമുള്ള മികച്ച വേദിയായാണ് എക്‌സ്‌പോ ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിഭവസമൃദ്ധവും സ്വാദിഷ്ടവുമായ നാടന്‍ പലഹാരങ്ങളും വിഭവങ്ങളുമടങ്ങുന്ന ‘ടേസ്റ്റ് ഓഫ് കേരള’ ഫുഡ് സ്റ്റാളുകള്‍ എക്‌സ്‌പോയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. കൂടാതെ, കൈകൊണ്ട് നിര്‍മ്മിച്ച വൈവിധ്യമാര്‍ന്ന കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, ഓര്‍ഗാനിക് ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പ്പനയും എക്‌സ്‌പോയിലുണ്ടാകും.

പ്രകൃതിസ്‌നേഹികള്‍ക്കായി വൈവിധ്യമാര്‍ന്ന ചെടികളും പൂക്കളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. പുസ്തകപ്രേമികള്‍ക്ക് വായനാനുഭവങ്ങള്‍ പങ്കുവെക്കാനും ലൈബ്രറി ശേഖരത്തിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യാനുമായി ‘ബുക്ക് ലവേഴ്‌സ് കോര്‍ണറും’, ധാര്‍മ്മിക മൂല്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി ചിന്തോദ്ദീപകമായ ‘മോറല്‍ എക്‌സിബിഷനും’ ഒരുക്കിയിട്ടുണ്ട്.

കുട്ടികള്‍ക്കായി വിനോദങ്ങളും കൗതുകങ്ങളും നിറഞ്ഞ ‘കിഡ്‌സ് കോര്‍ണര്‍’ ഉണ്ടായിരിക്കും. പാചക നൈപുണ്യവും അവതരണ മികവും മാറ്റുരയ്ക്കുന്ന ‘ക്രിയേറ്റീവ് റെസിപ്പി’, ഉപയോഗശൂന്യമായ വസ്തുക്കളില്‍ നിന്നും ഉപയോഗപ്രദവും മനോഹരവുമായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ‘ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ്’ എന്നീ മത്സരങ്ങളും മേളയുടെ ഭാഗമായി നടക്കും. ഇതിനോടനുബന്ധിച്ച് ദിനംപ്രതിയുള്ള ജീവിതത്തില്‍ എളുപ്പത്തില്‍ പകര്‍ത്തുവാന്‍ കഴിയുന്ന ഹരിത ജീവിതരീതികളും സുസ്ഥിര പരിസ്ഥിതി സൗഹൃദ മാതൃകകളും പരിചയപ്പെടുത്തുന്ന പ്രത്യേക ബോധവല്‍ക്കരണ വിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!