
ദോഹ: ലോകപ്രശസ്ത സംഗീതസംവിധായകന്‍ ഹാന്‍സ് സിമ്മറുമായി സഹകരിച്ച് വിമാനയാത്രക്കാര്‍ക്കായി പുതിയ സിഗ്നേച്ചര്‍ സംഗീതം അവതരിപ്പിച്ച് ഖത്തര്‍ എയര്‍വേയ്സ്. ഖത്തറിന്റെ സംസ്‌കാരവും പൈതൃകവും യാത്രയുടെ അനുഭവങ്ങളും പ്രമേയമാക്കിയുള്ള സംഗീതം വിമാനയാത്രയുടെ ഭാഗമാകുമെന്ന് കമ്പനി അറിയിച്ചു.

ഹാന്‍സ് സിമ്മറിന്റെ വിഖ്യാതമായ ചലച്ചിത്ര സംഗീതരചനാ ശൈലിയും ഖത്തര്‍ എയര്‍വേയ്സിന്റെ യാത്രാനുഭവങ്ങളും സമന്വയിപ്പിച്ചാണ് പുതിയ സംഗീതം ഒരുക്കിയിരിക്കുന്നത്. വിമാനയാത്രയിലൂടെ ലഭിക്കുന്ന വികാരങ്ങളും ഓര്‍മകളും അനുഭവങ്ങളും സംഗീതത്തിലൂടെ അവതരിപ്പിക്കുകയാണ് ലക്ഷ്യം.


‘ബര്‍ഗണ്ടി സിംഫണി’ എന്ന പേരില്‍ പുറത്തിറക്കിയ ആല്‍ബത്തില്‍ അഞ്ച് വ്യത്യസ്ത സംഗീതശില്‍പ്പങ്ങളാണുള്ളത്. യാത്രയുടെ വിവിധ ഘട്ടങ്ങളെയും ഖത്തറിന്റെ സാംസ്‌കാരിക സവിശേഷതകളെയും പ്രതിഫലിപ്പിക്കുന്നതാണ് ഓരോ സംഗീതവും.
നവംബര്‍ ആറിന് ദോഹയില്‍ നടന്ന ഹാന്‍സ് സിമ്മറിന്റെ സംഗീത പരിപാടിയോടനുബന്ധിച്ചായിരുന്നു പുതിയ സംഗീതത്തിന്റെ ഔദ്യോഗിക അവതരണം. സംഗീതസൃഷ്ടിയുടെ പിന്നിലെ ആശയങ്ങളും പ്രചോദനങ്ങളും വിശദീകരിക്കുന്ന പ്രത്യേക ചിത്രവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാര്‍ക്ക് പുതിയ സംഗീതം വിമാനത്തിനുള്ളില്‍ ആസ്വദിക്കാനുള്ള സൗകര്യം ആരംഭിച്ചു.
‘ഡോണ്‍’ എന്ന ആദ്യ സംഗീതം പുതിയ യാത്രയുടെ പ്രതീക്ഷകളും സാധ്യതകളുമാണ് അവതരിപ്പിക്കുന്നത്. പതിവ് ജീവിതത്തിന്റെ ചുറ്റുപാടുകള്‍ വിട്ട് പുതിയ ലോകങ്ങളിലേക്ക് കടക്കുന്നതിന്റെ ആവേശമാണ് ഇതിന്റെ പ്രമേയം.
‘ഡസ്‌ക്’ എന്ന രണ്ടാമത്തെ സംഗീതം വിമാനയാത്രയുടെ ശാന്തതയും ആകാശത്തിലൂടെയുള്ള സഞ്ചാരത്തിന്റെ അനുഭവവുമാണ് പകര്‍ത്തുന്നത്. പകല്‍ വെളിച്ചം മാഞ്ഞ് നക്ഷത്രങ്ങള്‍ തെളിയുന്ന ആകാശത്തിലൂടെയുള്ള യാത്രയാണ് ഇതിലൂടെ ആവിഷ്‌കരിക്കുന്നത്.
‘ദ ഓര്‍ച്ചാര്‍ഡ്’ ദൈനംദിന ജീവിതത്തിന്റെ തിരക്കുകളില്‍നിന്ന് മാറി വിശ്രമിക്കാനും മനസ്സിനെ ശാന്തമാക്കാനുമുള്ള നിമിഷങ്ങളെ പ്രതിനിധീകരിക്കുന്നു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശ്രദ്ധേയമായ യാത്രാനുഭവങ്ങളിലൊന്നായ ‘ഓര്‍ച്ചാര്‍ഡ്’ ആണ് ഈ സംഗീതത്തിന് പ്രചോദനമായത്.
‘ഹോംകമിങ്’ വീട്ടിലേക്കുള്ള മടക്കയാത്രയുടെ സന്തോഷവും യാത്രകള്‍ ജീവിതത്തില്‍ അവശേഷിപ്പിക്കുന്ന മധുരസ്മരണകളുമാണ് പ്രതിഫലിപ്പിക്കുന്നത്. യാത്ര അവസാനിച്ചാലും പുതിയ സ്ഥലങ്ങളുടെയും ആകാശങ്ങളുടെയും ഓര്‍മകള്‍ മനസ്സില്‍ തുടരുമെന്ന സന്ദേശവും സംഗീതം നല്‍കുന്നു.
ആല്‍ബത്തിലെ അവസാന സംഗീതമായ ‘ആന്‍ ഓഡ് ടു ഖത്തര്‍’ രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തിനും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിനുമുള്ള ആദരവാണ്. ചരിത്രവും സംസ്‌കാരവും പുരോഗതിയും ഒരുമിച്ച് മുന്നോട്ടുപോകുന്ന ഖത്തറിന്റെ സവിശേഷതകളാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.
പുതിയ ആല്‍ബമായ ‘ബര്‍ഗണ്ടി സിംഫണി’ ഖത്തര്‍ എയര്‍വേയ്സിന്റെ യൂട്യൂബ് ചാനലിലും ലഭ്യമാണ്. ലോകമെമ്പാടുമുള്ള സംഗീതാസ്വാദകര്‍ക്ക് ഹാന്‍സ് സിമ്മറിന്റെ പുതിയ സംഗീതരചനകള്‍ ആസ്വദിക്കാം.

