കോണ്‍ഗ്രസിന്റെ ഉജ്ജ്വല തിരിച്ചുവരവ് രാജ്യത്ത് പ്രകടമാകുന്നു; ഇന്ത്യ മുന്നണി അധികാരം പിടിക്കും: ഹാരിസ് ബീരാന്‍ എം പി

Web Desk
1 Min Read

ദോഹ: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉജ്ജ്വലമായ തിരിച്ചുവരവിനാണ് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് ഹാരിസ് ബീരാന്‍ എം പി പറഞ്ഞു. രാജസ്ഥാന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലെ ഉജ്ജ്വല വിജയം ഇതിന്റെ വ്യക്തമായ സൂചനയാണെന്നും വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് പ്രതാപത്തോടെ തിരിച്ചുവരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ മുന്നണി വന്‍ മുന്നേറ്റം നടത്തുമെന്നും രാജ്യത്ത് ശക്തമായ ഭരണം കാഴ്ചവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ അദ്ദേഹം ‘ആഗോള വാര്‍ത്ത’യോട് സംസാരിക്കുകയായിരുന്നു.

city exchange

എസ് ഐ ആറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരിക്കവെ, എല്ലാ വിഭാഗം ആളുകളും ഒന്നിച്ച് നിന്ന് ബോധവല്‍ക്കരണം നടത്തിയാല്‍ മാത്രമേ അതില്‍ പൂര്‍ണ്ണ വിജയം നേടാന്‍ സാധിക്കൂ എന്ന് എം പി ചൂണ്ടിക്കാട്ടി. ‘കേരളത്തിലെ ജനങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ പൊതുവേ മികച്ച അവബോധമുണ്ട്. അതുകൊണ്ടാണ് കേരളത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതെ പോകുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം അങ്ങനെയല്ല,’ അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി, ലീഗ് വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലീഗ് മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ക്ക് യാതൊരുവിധ അഭിപ്രായവ്യത്യാസവുമില്ലെന്നും ലീഗിന്റെ മന്ത്രിമാര്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ വികസന കാര്യത്തില്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. നാടിന്റെ പുരോഗതിക്കായി മുഖ്യമന്ത്രി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും കേരളത്തിലേക്ക് കൂടുതല്‍ വികസനം കൊണ്ടുവരുന്നതിനായി ആവശ്യമായ എല്ലാ പിന്തുണയും നിര്‍ദ്ദേശങ്ങളും നല്‍കി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!