Business
പ്രൊസേഫ് സിസ്റ്റംസ് ബിര്‍കത്ത് അല്‍ അവാമറില്‍ വസ്ത്ര നിര്‍മ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ദോഹ: അല്‍ സുലൈമാന്‍ ഹോള്‍ഡിംഗ്സിലെ അംഗമായ പ്രൊസേഫ് സിസ്റ്റംസ് ഗാര്‍മെന്റ് പ്രൊഡക്ഷന്‍ കമ്പനി ബിര്‍കത്ത് അല്‍ അവാമറില്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ നാസര്‍ സുലൈമാന്‍ അല്‍ ഹൈദര്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ഖത്തറിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു.


പ്രൊസേഫ് സിസ്റ്റംസ് ജനറല്‍ മാനേജര്‍ എസ് കെ രാമന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെയും വസ്ത്രനിര്‍മ്മാണ പ്രക്രിയകളെ കുറിച്ചും വിശദീകരിച്ചു. ഫ്‌ളാഷ് ഫയര്‍, ആര്‍ക്ക് ഫ്‌ളാഷ്, ഉരുകിയ മെറ്റല്‍ സ്പ്ലാഷ് എന്നിവയില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഉയര്‍ന്ന നിലവാരമുള്ള വ്യാവസായിക വര്‍ക്ക് വെയര്‍ നിര്‍മ്മിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു.

എണ്ണ, വാതകം, പെട്രോകെമിക്കല്‍, വളം, യൂട്ടിലിറ്റി കമ്പനികള്‍, സ്‌മെല്‍റ്റര്‍ വ്യവസായങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളിലെ തൊഴിലാളികള്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പാക്കുന്ന സേവനങ്ങളാണ് പ്രോസേഫ് സിസ്റ്റംസ് നല്‍കുന്നത്.


പുതിയ സൗകര്യം കമ്പനിയുടെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുമെന്നും മേഖലയിലെ വ്യാവസായിക സംരക്ഷണ വസ്ത്രങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുമെന്നും പ്രതീക്ഷിക്കുന്നു.


