Community
സിന്ദഗപ്പള്ളിയിലെ ഇമാം നമ്മുടെ ഇബ്രാഹിം മുസ്ലിയാര്‍

ദുബൈ: മൂന്നു പതിറ്റാണ്ടു മുമ്പത്തെ ഒരു റമദാന്‍ കാലത്ത് ദുബൈയിലെ സിന്ദഗപ്പള്ളിയിലെത്തുമ്പോള്‍ ഇബ്രാഹിം മുസ്ല്യാരെ സ്വീകരിക്കാന്‍ ഏറെപ്പേരുണ്ടായിരുന്നില്ല. മുപ്പത്തിമൂന്നു വര്‍ഷം കടന്നുപോകുമ്പോള്‍ ദുബൈയിലെ പുരാതനമായ ശൈഖന്‍മാരുടെ പള്ളിയില്‍ കായക്കൊടിക്കാരന്‍ ഇബ്രാഹിം മുസ്ലിയാരുണ്ട്.



ബര്‍ദുബൈയിലെ ചരിത്രമുറങ്ങിക്കിടക്കുന്ന സിന്ദഗയില്‍ വീണ്ടുമൊരു റമദാനിനെക്കൂടി വരവേല്‍ക്കുകയാണ് എണ്‍പതുകാരനായ ഈ ആത്മീയപ്രഭ.
ഹിജിറ 1413ലെ റമദാനിന്റെ അഞ്ചാം നാളിലാണ് കോഴിക്കോട് ജില്ലയിലെ കായക്കൊടിക്കാരന്‍ ഇബ്രാഹിം മുസ്ലിയാര്‍ പള്ളിയിലെത്തുന്നത്. ദുബൈയിലെ മതകാര്യ വിഭാഗത്തിന്റെ പരീക്ഷ പാസായ അദ്ദേഹത്തിന് ആദ്യമായി നിയമനം ലഭിച്ചത് ഈ പള്ളിയിലേക്കായിരുന്നു. ഇവിടെ എത്തുമ്പോള്‍ പുരാതനമായ പള്ളി പുനര്‍നിര്‍മാണത്തിനായി ഇട്ടിരിക്കയായിരുന്നു. തൊട്ടടുത്തൊന്നും ആള്‍ താമസമില്ല. എങ്കിലും ദുബൈ ഭരണാധികാരികളുടെ വാസ സ്ഥലത്തിനടുത്തുള്ള പള്ളി എന്ന ഗരിമ ശുയൂക്ക് മസ്ജിദിനുണ്ടായിരുന്നു.


ഇബ്രാഹിം മുസ്ലിയാര്‍ പ്രാര്‍ഥനയക്ക് നേതൃത്വം കൊടുക്കാന്‍ തുടങ്ങിയതോടെ ഇവിടേക്ക് മലയാളികള്‍ എത്തിത്തുടങ്ങി. പ്രാര്‍ഥനയും പ്രസംഗവുമെല്ലാം കേള്‍ക്കാനായി തദ്ദേശീയരും വരാന്‍ തുടങ്ങി. ആളുകള്‍ കൂടി വന്നപ്പോള്‍ പെരുന്നാള്‍ നമസ്‌കാരം ഈദ്ഗാഹിലേക്ക് മാറ്റി. അതും ജനനിബിഢമായി. ചില പെരുന്നാളുകളില്‍ പ്രാര്‍ഥനയ്ക്കായി ഇരുപത്തയ്യായിരത്തിനടുത്ത് ആളുകള്‍ പങ്കെടുത്തതായി അദ്ദേഹം ഓര്‍ക്കുന്നു.



മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറം ദുബൈയും ബര്‍ദുബൈയുമെല്ലാം ഏറെ മാറി. പക്ഷേ എണ്‍പതിലും ഇബ്രാഹിം മുസ്ലിയാര്‍ സജീവമാണ്. മലയാളികള്‍ക്ക് അദ്ദേഹം അഭിമാനമാണ്. സ്വദേശികളായ അറബികളും മതകാര്യ വിഭാഗവും അദ്ദേഹത്തെ ഏറെ ആദരിക്കുന്നു. ഈ വിഭാഗത്തില്‍ ഗോള്‍ഡന്‍ വിസ നല്‍കി അദ്ദേഹത്തെ ദുബൈ ആദരിച്ചു. 1945ല്‍ വയനാട്ടില്‍ ജനിച്ച ഇബ്രാഹിം മുസ്ലിയാര്‍ വടക്കന്‍ കേരളത്തിലെ നിരവധി പള്ളി ദര്‍സുകളില്‍ സേവനം ചെയ്തിട്ടുണ്ട്.

നാട്ടിലെ പ്രമുഖനായ മതപ്രഭാഷകനുമായിരുന്നു അദ്ദേഹം. മുക്കം, കമ്പില്‍, ചിയ്യൂര്‍, മാട്ടൂല്‍, മാടായി, കുഞ്ഞിപ്പള്ളി തുടങ്ങി നിരവധി പള്ളികളിലെ മതപാഠശാലകളില്‍ ഇദ്ദേഹത്തിന് ഏറെ ശിഷ്യന്‍മാരുണ്ടായിരുന്നു. സമസ്ത കേരള ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആചാര്യന്‍മാരായ പ്രമുഖര്‍ ഇബ്രാഹിം മുസ്ലിയാരുടെ ഗുരുവര്യന്‍മാരാണ്. എല്ലാ റമദാനിലും സിന്ദഗപ്പള്ളിയിലെ നോമ്പുതുറകള്‍ക്ക് നേതൃത്വം നല്‍കുന്നു അദ്ദേഹം.


