
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഖത്തര്‍ പ്രവാസികളായ രണ്ടു എഴുത്തുകാരുടെ പുസ്തകങ്ങള്‍ പ്രശസ്ത സാഹിത്യകാരന് ടി ഡി രാമകൃഷ്ണന് പ്രകാശനം ചെയ്തു.

ഖിയാഫ് പ്രസിഡന്റ് ഡോ. സാബു കെ സി അധ്യക്ഷനായ ചടങ്ങില്‍ സുരേഷ് കൂവാട്ടിന്റെ നോവല്‍ ‘കുഞ്ഞീബി’ തൊഴില്‍ മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി അഡൈ്വസര്‍ റഊഫ് കൊണ്ടോട്ടിയും നജിത പുന്നയൂര്‍ക്കുളത്തിന്റെ കഥാസമാഹാരം ‘പൈന്വാലിയിലെ അസ്തമയങ്ങള്‍’ ഖിയാഫ് ഗവേണിംഗ് ബോഡി ചെയര്മാന് ഹുസൈന് കടന്നമണ്ണയും ഏറ്റുവാങ്ങി.


‘പുതിയ തലമുറയുടെ ചിന്തകളെയും അഭിരുചികളെയും ക്രിയാത്മകമായി തിരിച്ചറിയണമെന്നും അവരോട് സംവദിക്കാനാകുംവിധം ആശയവിനിമയ സാത്യതകളെ ഉപയോഗപ്പെടുത്തണമെന്നും ടി ഡി രാമകൃഷ്ണന് അഭിപ്രായപ്പെട്ടു. എങ്കില്‍ മാത്രമേ ഭാവിയില്‍ എഴുത്തുകാര്‍ക്ക് നിലനില്‍പ്പുണ്ടാവുകയുള്ളൂ.
കേവല യുക്തിക്കപ്പുറമുള്ള വന്യമായ സ്വപ്നങ്ങളും സമൂഹത്തെ പുതുക്കിപ്പണിയാനുതകുന്ന കാലാതിവര്‍ത്തിയായ ചിന്തകളുമാണ് സാഹിത്യത്തിന്റെ ആധാരശില. അതുകൊണ്ടുതന്നെ നിര്‍മിത ബുദ്ധിയുടെ കാലത്തും മനുഷ്യഭാവനക്കും നീതിബോധത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സാഹിത്യാവിഷ്കാരങ്ങള്ക്കും അതിജീവനശേഷിയുണ്ട്, ജൈവീകതയുണ്ട്.
സമൂഹത്തെ ഗുണപരമായി സ്വാധീനിക്കാന്‍ കഴിയുന്ന തരത്തില്‍ മനുഷ്യഭാവനയെ വികസിപ്പിക്കുന്നതിലൂടെയും ഭാവനയുടെ ഉത്സവങ്ങളായി എഴുത്തിനെ മാറ്റുന്നതിലൂടെയും നിര്‍മിതബുദ്ധിയുടെ അതിപ്രസരത്തെ മറികടക്കാനാകും. ഭാഷ അതിനുള്ള ശക്തമായ മാധ്യമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഫ് സി സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വാളൂരാന്‍ മോഡറേറ്ററായി. ഖിയാഫ് ജനറല്‍ സെക്രട്ടറി തന്‍സീം കുറ്റ്യാടി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം നസീര്‍ പാനൂര്‍ നന്ദിയും പറഞ്ഞു.
ഷമിന ഹിഷാം, സുനില്‍ പെരുമ്പാവൂര്‍ എന്നിവര്‍ പുസ്തക പരിചയം നടത്തി സംസാരിച്ചു. ജാബിര്‍ റഹ്മാന്, കോയ കൊണ്ടോട്ടി, സലാം മാട്ടുമ്മല്‍, നസീഹ മജീദ്, ഷംല ജഹ്ഫര്‍, സുഹാന എന്നിവര്‍ വായനാനുഭവം പങ്കുവെച്ചു. പുസ്തക രചയിതാക്കളായ സുരേഷ് കൂവാട്ടും നെജിത പുന്നയൂര്‍ക്കുളവും സദസ്സുമായി സംവദിച്ചു. ട്രഷറര്‍ അന്‍സാര്‍ അരിമ്പ്ര, ഷംന ആസ്മി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

