
ദോഹ: ഗുണനിലവാര പരിശോധനയില്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വെല്വാലന്സ് കാര്നിസിങ്ക് ഗുളികകളുടെ രണ്ട് ബാച്ചുകള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഉത്തരവിട്ടു.

മന്ത്രാലയത്തിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് ഉത്ന്നങ്ങളുടെ രണ്ട് ബാച്ചുകളും നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് സ്ഥിരീകരിച്ചത്.

എല്‍-കാര്‍നിറ്റൈന്‍ (1,000 മില്ലിഗ്രാം), സിങ്ക് ഗ്ലൂക്കോണേറ്റ് (50 മില്ലിഗ്രാം) എന്നിവ അടങ്ങിയ ഭക്ഷ്യപൂരകമായ വെല്വാലന്സ് കാര്നിസിങ്കിന്റെ 12.25.02, 12.26.02 എന്നീ ബാച്ചുകളാണ് പിന്‍വലിക്കുന്നത്.
30 ഗുളികകള്‍ വീതമുള്ള പായ്ക്കുകളിലാണ് ഉത്പന്നം വിപണിയിലെത്തുന്നത്.
പിന്‍വലിക്കേണ്ട രണ്ട് ബാച്ചുകളുടെ നമ്പറുകള്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉത്പന്നങ്ങളുടെ കാലാവധി സംബന്ധിച്ച വിവരങ്ങളോ ഉപഭോക്താക്കളും വില്‍പ്പനക്കാരും സ്വീകരിക്കേണ്ട തുടര്‍നടപടികളെക്കുറിച്ചുള്ള പ്രത്യേക നിര്‍ദേശങ്ങളോ പുറത്തുവിട്ടിട്ടില്ല.

