
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ കുനാറിലെ സ്കൂളിലുണ്ടായ സ്ഫോടനത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി പൊലീസ് അറിയിച്ചു. ശനിയാഴ്ചയാണ് പ്രവിശ്യയിലെ മിഡില്‍ സ്കൂളില്‍ സ്ഫോടനമുണ്ടായത്.

കുനാര്‍ പ്രവിശ്യാ പൊലീസ് ആസ്ഥാനത്തെ വക്താവ് ഫരീദ് ദെഖാനാണ് സംഭവവിവരം അറിയിച്ചത്. പ്രവിശ്യയിലെ ആന്‍ഡര്‍ സെര് മേഖലയിലുള്ള സ്കൂളില്‍ രാവിലെ പത്തുമണിയോടെയാണ് സ്ഫോടനമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സ്ഫോടനത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും മറ്റുചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

സ്ഫോടനത്തിന്റെ കാരണം എന്താണെന്നോ അപകടത്തില്‍പ്പെട്ടവരുടെ കൃത്യമായ എണ്ണമെത്രയെന്നോ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന കുനാര്‍ പ്രവിശ്യയില്‍നിന്നുള്ള അന്വേഷണസംഘങ്ങള്‍ സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചതായും പൊലീസ് വക്താവ് അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലും അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ സ്കൂള്‍ സമുച്ചയത്തില്‍ ഗ്രനേഡ് ആക്രമണമുണ്ടായിരുന്നു. ഒന്‍പതിനും പതിനാലിനും ഇടയില്‍ പ്രായമുള്ള 40-ലധികം കുട്ടികള്‍ക്ക് അന്ന് പരിക്കേറ്റിരുന്നു.

