
വാഷിംഗ്ടണ്‍: ഇറാനുമായി വീണ്ടും ചര്‍ച്ച നടത്താന്‍ യു എസ് പ്രതിനിധികള്‍ പാകിസ്ഥാനിലേക്ക് പോകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ അവസാനിക്കുന്നതിന് മുമ്പ് ചര്‍ച്ചകള്‍ക്കായി തിങ്കളാഴ്ച വൈകുന്നേരം യു എസ് പ്രതിനിധി സംഘം എത്തുമെന്ന് ട്രംപ് പറഞ്ഞു.

എന്നാല്‍ ഇറാന്റെ പാലങ്ങളും വൈദ്യുത നിലയങ്ങളും ആക്രമിക്കുമെന്ന ഭീഷണിയും ട്രംപ് ആവര്‍ത്തിച്ചു. തങ്ങളുടെ കരാര്‍ ഇറാന്‍ അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും അല്ലെങ്കില്‍ ഇറാനിലെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും അമേരിക്ക തകര്‍ക്കുമെന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

അമേരിക്ക തങ്ങളുടെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിച്ചാല്‍ അത് ഗള്‍ഫ് അറബ് അയല്‍ക്കാരുടെ പവര്‍ സ്റ്റേഷനുകളെയും ഡീസലൈനേഷന്‍ പ്ലാന്റുകളെയും ബാധിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പാകിസ്ഥാനിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇറാന്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇറാനിയന്‍ തുറമുഖങ്ങള്‍ യു എസ് ഉപരോധിച്ച സമയത്ത് ഒരു പ്രതിനിധി സംഘത്തെ അയ്ക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആദ്യ ചര്‍ച്ചയും നയിച്ച യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സാണ് പ്രതിനിധി സംഘത്തെ നയിക്കുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിന്റെ ദൂതന്‍ സ്റ്റീവ് കുഷ്നറും പ്രസിഡന്റിന്റെ മരുമകന്‍ ജാരെഡ് കുഷ്നറും പങ്കെടുക്കും.
ആണവ വിഷയങ്ങളിലും ഹോര്‍മുസ് കടലിടുക്കിലും ഇരുപക്ഷവും ഇപ്പോഴും ധാരണയില്‍ നിന്നും വളരെ അകലെയാണെന്ന് ഇറാന്റെ മുഖ്യ ചര്‍ച്ചക്കാരനായ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് നേരത്തെ പറഞ്ഞിരുന്നു.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന വെള്ളിയാഴ്ചത്തെ പ്രഖ്യാപനം എണ്ണ വിലയില്‍ ഏറ്റവും വലിയ ഒരു ദിവസത്തെ ഇടിവിന് കാരണമായിരുന്നു. സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണികള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തുകയും ചെയ്തു. എന്നാല്‍ കടലിടുക്ക് തുറക്കാത്തതിനാല്‍ തിങ്കളാഴ്ച ഓഹരി വിപണികള്‍ പുതിയ ചാഞ്ചാട്ടത്തെ അഭിമുഖീകരിക്കാം.
യു എസ് പ്രതിനിധി സംഘം വരുന്നതിന് മുന്നോടിയായി സുരക്ഷാ ഉപകരണങ്ങളും വാഹനങ്ങളും വഹിച്ച് ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് ഭീമന്‍ യു എസ് സി-17 കാര്‍ഗോ വിമാനങ്ങള്‍ പാകിസ്ഥാനിലെ നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ വന്നിറങ്ങിയതായി രണ്ട് പാകിസ്ഥാന്‍ സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
ഇസ്ലാമാബാദിലെ നഗര അധികാരികള്‍ പൊതുഗതാഗതവും നഗരത്തിലൂടെയുള്ള വലിയ ചരക്ക് ഗതാഗതവും നിര്‍ത്തിവച്ചു. കഴിഞ്ഞ ആഴ്ച ചര്‍ച്ചകള്‍ നടന്ന സെറീന ഹോട്ടലിന് സമീപം മുള്ളുവേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഞായറാഴ്ച എല്ലാ അതിഥികളോടും ഹോട്ടലില്‍ നിന്നും വിട്ടുപോകാനും അറിയിച്ചു.

