

കണ്ണൂര്‍: കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കല്‍ സ്വരൂപത്തിന്റെ 39-ാമത്തെ സുല്‍ത്താനയായ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീ കുഞ്ഞിബീവി നിര്യാതയായതോടെ താവഴി പദവി പുരുഷനിലേക്ക്. അറക്കല്‍ രാജസ്വരൂപത്തില്‍ ഇതോടെ ഒരിക്കല്‍ കൂടി പെണ്‍താവഴി പുരുഷനിലേക്ക് വഴിമാറുകയാണ്.

പുതിയ കിരീടാവകാശി ആദിരാജ ഹാമിദ് ഹുസൈന് കോയമ്മ (80)യാണ്. 23 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അറക്കല്‍ സ്വരൂപത്തില്‍ ഒരു പുരുഷനിലേക്ക് കിരീടം ചെന്നെത്തുന്നത്. 1980 മുതല്‍ 98 വരെ ദീര്‍ഘകാലം പദവി വഹിച്ചിരുന്നത് സുല്‍ത്താന്‍ ഹംസ അലി രാജയായിരുന്നു. പിന്നീടിങ്ങോട്ട് 23 വര്‍ഷമായി സ്ത്രീകളാണ് താവഴിയായി സ്ഥാനത്തെത്തിയത്. മലബാറിലെ മരുമക്കത്തായ രീതിയനുസരിച്ച് പെണ്‍താവഴിയിലേക്ക് അധികാരം ഏല്‍പ്പിക്കപ്പെടുന്ന രീതിയാണ് അറക്കല്‍ നിലനിര്‍ത്തിയിരുന്നത്. അറക്കല്‍ രാജാക്കന്മാരില് മൂന്നിലൊരാള്‍ എന്ന നിലയില്‍ ബീവിമാരുടെ ഭരണം ഉണ്ടായിട്ടുണ്ട്. പെണ്‍താവഴിയനുസരിച്ച് പുരുഷനും സ്ത്രീയും പരസ്പരം സിംഹാസനങ്ങളിലെത്തി.

പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും അറക്കല്‍ ഭരണത്തെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു.1728ല്‍ ആണ് ആദ്യമായി ഒരു ബീവി അറക്കലില്‍ അധികാരമേല്‍ക്കുന്നത്. ഹറാബിച്ചി കടവൂബി ആദിരാജബീവി 1728-1732യായിരുന്നു അത്. 1793ല്‍ കണ്ണൂര്‍കോട്ട വളഞ്ഞ് അറക്കല്‍ സൈന്യത്തെ വിദേശികള്‍ നേരിട്ടപ്പോള്‍ ജുനൂമ്മാബിയായിരുന്നു സുല്‍ത്താന. ഹറാബിച്ചി കടവൂബി (1728- 1732), ജനൂമ്മാബി (1732- 1745), ജുനൂമ്മാബി (1777- 1819), മറിയംബി (1819- 1838), ആയിഷാബി (1838- 1862), ഇമ്പിച്ചി ബീവി (1907- 1911), ആയിഷ ബീവി (1921- 1931), മറിയുമ്മ ബീവി (1946- 1957), ആമിന ബീവി തങ്ങള്‍ (1957- 1980), ആയിഷമുത്തു ബീവി (1998- 2006), സൈനബ ആയിഷ ബീവി (2006- 2019) എന്നിവരാണ് അറക്കല്‍ കീരിടാവകാശികളായ സ്ത്രീകള്‍. സ്ത്രീകളെല്ലാം ചേര്‍ന്ന് ഒന്നര നൂറ്റാണ്ടിലേറെയാണ് അറക്കല്‍ സ്വരൂപത്തെ നയിച്ചത്. ഇപ്പോള്‍ നിര്യാതയായ ബീവി 2019 മെയ് എട്ടിനാണ് സ്ഥാനമേറ്റത്.

