

ദുബൈ: യുഎഇയുടെ 50ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് 870 തടവുകാര്‍ക്ക് ജയില്‍ മോചനം നല്കാന് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവരാണ് മോചിതരാകുന്നത്. മോചനം ലഭിക്കുന്ന തടവുകാരുടെ കടബാധ്യതകളും പിഴകളും ഒഴിവാക്കി നല്‍കും.

തടവുകാര്‍ക്ക് തെറ്റു മനസ്സിലാക്കി പുതിയ ജീവിതം തുടങ്ങാന്‍ അവസരം ഒരുക്കുകയും അവരുടെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.50ാം ദേശീയ ദിനത്തോടനുബന്ധിച്ച് 43 തടവുകാര്‍ക്ക് ജയില്‍ മോചനം നല്‍കുമെന്ന് സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി അറിയിച്ചു. ശിക്ഷാ കാലയളവില്‍ നല്ല പെരുമാറ്റം കാഴ്ചവെച്ച തടവുകാരെയാണ് മോചിപ്പിക്കുന്നത്.ദേശീയ ദിനാഘോഷ പരിപാടികള്‍ വിവിധ എമിറേറ്റുകളില്‍ ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണ്.

നാലു ദിവസത്തെ പൊതു അവധിയാണ് രാജ്യത്ത് വരാന്‍ പോകുന്നത്. ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് വിഭാഗം ദേശീയ ദിനത്തോടനുബന്ധിച്ച് എമിറേറ്റിലുടനീളം സൗജന്യ പാര്‍ക്കിങ്ങ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നു മുതല്‍ മൂന്നുവരേ പൊതു പാര്‍ക്കിങ്ങുകള്‍ സൗജന്യമായിരിക്കും. അതിനിടെ ഒക്ടോബറില്‍ ആരംഭിച്ച ദുബൈ എക്സ്പോ 2020 സന്ദര്‍ശിച്ചവരുടെ എണ്ണം 4.76 ദശലക്ഷത്തിലെറെയായെന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.

