

കോഴിക്കോട്: എം എസ് എഫിന്റെ മൂന്ന് നേതാക്കളെ മുസ്ലിം ലീഗിന്റേയും പോഷക സംഘടനകളുടേയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എം ഫവാസ്, മുന്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, പ്രവര്‍ത്തക സമിതി അംഗം കെ വി ഹുദൈഫ് എന്നിവര്‍ക്കെതിരെയാണ് നടപടി വന്നിരിക്കുന്നത്.

ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ലത്തീഫ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിനെതിരെ ഉള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.

ഹരിത വിവാദത്തില്‍ എം എസ് എഫിന്റെ മിനുട്സ് തിരുത്താന്‍ പി എം എ സലാം ആവശ്യപ്പെട്ടതായും എന്നാല്‍ താന്‍ അതിന് കൂട്ടുനിന്നില്ലെന്നും ലത്തീഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഒറിജിനല്‍ മിനുട്സ് എം എസ് എഫ് നേതാക്കളുടെ പക്കലാണെന്നും തന്റെ കൈയിലില്ലെന്നും പറഞ്ഞ ലത്തീഫ് മിനുട്സിന് വേണ്ടി പൊലീസിപ്പോഴും തനിക്ക് പിറകെയാണെന്നും വിശദീകരിച്ചു.
പൊലീസിന് ഒറിജിനല്‍ മിനുട്സ് കൊടുക്കാതെ തിരുത്തിയത് കൈമാറുകയാണെങ്കില്‍ അതിന്റെ പകര്‍പ്പ് താന്‍ പുറത്തുവിടുമെന്ന മുന്നറിയിപ്പും ലത്തീഫ് നല്കി. ഇതിന് പിന്നാലെയാണ് മൂന്നു പേര്‍ക്കെതിരെ നടപടി വന്നത്. പി കെ നവാസ് വിരുദ്ധ ചേരിയിലുള്ളവരാണ് പുറത്താക്കപ്പെട്ട മൂന്നു പേരും.
സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഏകോപനമില്ലെന്ന് ചൂണ്ടിക്കാട്ടി ഡോ. എം കെ മുനീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ലത്തീഫിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു. ഹരിത വിഭാഗവും എം എസ് എഫും തമ്മിലുണ്ടായ പ്രശ്നത്തിന് ശേഷം നിലവില്‍ വന്ന പുതിയ കമ്മിറ്റിയിലെ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും തമ്മില്‍ ഏകോപനമില്ലെന്ന് ലീഗ് നേതൃത്വത്തിന് പരാതി കിട്ടിയിരുന്നു. പി കെ നവാസും ലത്തീഫും രണ്ട് ദിശയിലാണ് സംഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും എം എസ് എഫിനകത്ത് വിഭാഗീയതയുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് ഡോ. എം കെ മുനീറിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചത്. നിലവില്‍ എം എസ് എഫ് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ ആബിദ് ആറങ്ങാടിക്കാണ്് ജനറല്‍ സെക്രട്ടറിയുടെ ചുമതല.
ഹരിത വിഷയത്തില്‍ നവാസിനെതിരെ ലത്തീഫ് പൊലീസിന് മൊഴി നല്‍കിയെന്നും എം എസ് എഫ് യോഗത്തിന്റെ മിനുട്സ് കൈമാറിയെന്നും നേതൃത്വം നേരത്തെ കണ്ടെത്തിയിരുന്നു.
ഹരിത നേതൃത്വം പി കെ നവാസിനെതിരെ പരാതി നല്‍കിയത് മുതല്‍ ലത്തീഫ് തുറയൂര്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ലൈംഗിക അധിക്ഷേപ പരാതിക്കു പിന്നാലെ ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച മുസ്ലിം ലീഗ് നടപടിക്കെതിരേയും ലത്തീഫ് രംഗത്തുണ്ടായിരുന്നു. മുസ്ലിം ലീഗും എം എസ് എഫും സ്ത്രീവിരുദ്ധമാണെന്ന അഭിപ്രായം ശരിയല്ലെന്നും സംഘടനയിലെ ഒന്നോ രണ്ടോ പേര് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നേതൃത്വത്തെ മൊത്തം കുറ്റക്കാരാക്കരുതെന്നും ലത്തീഫ് തുറയൂര്‍ പറഞ്ഞിരുന്നു.

