
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്സിക്കോയ്ക്ക് ജയത്തോടെ തുടക്കം. എസ്റ്റാഡയോ അസ്റ്റെക്ക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മെക്സിക്കോ കളി തുടങ്ങിയത്.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ ജൂലിയന്‍ ക്വനോനസാണ് മെക്സിക്കോയ്ക്ക് ആദ്യ നേട്ടം സമ്മാനിച്ചത്. ആദ്യ പകുതിയില്‍ തന്നെ മറ്റൊരു അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. രണ്ടാം പകുതിയില്‍ ആക്രമണം ശക്തമാക്കിയ മെക്സിക്കോയ്ക്ക് വേണ്ടി 67-ാം മിനുട്ടില്‍ റൗള്‍ ജിമിനസ് രണ്ടാം ഗോള്‍ നേടിയതോടെ വിജയം കൈപ്പിടിയിലായി. മനോഹരമായ ഹെഡറിലൂടെയായിരുന്നു രണ്ടാമത്തെ ഗോള്‍ പിറന്നത്.

ചുവപ്പ് കാര്‍ഡുകളുടെ പരമ്പര കണ്ട മത്സരം കൂടിയായിരുന്നു ഉദ്ഘാടനത്തിലേത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ യായ സതോലെ, തെംബ സ്വാനെ, മെക്സിക്കോയുടെ സീസര്‍ മോണ്ടസ് എന്നിവര്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചു. ഇതോടെ മത്സരം ആവേശകരവും നാടകീയവുമായ വഴിത്തിരിവുകളിലൂടെ കടന്നു.
2010 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും 1-1 സമനിലയില്‍ പിരിഞ്ഞിരുന്നു. 16 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ വിജയം മെക്സിക്കോയ്ക്കൊപ്പമായി.

