അല്‍ ഗഹ്ഫിയ തലയിലണിഞ്ഞ് ഖത്തര്‍

Web Desk
3 Min Read
കിരീടം ചാര്‍ത്തിയ അല്‍ തുമാമ ചിത്രം: ഷിറാസ് സിതാര

ദോഹ: അല്‍ സദ്ദും അല്‍ റയ്യാനും അമീരി കപ്പ് ഫൈനലില്‍ പന്തു തട്ടും മുമ്പ് ഖത്തര്‍ ലോകത്തിന് തങ്ങളുടെ ആറാമത്തെ ലോകകപ്പ് സ്റ്റേഡിയവും തുറന്നുകൊടുത്തു. ഖത്തരി ആര്‍ക്കിടെക്ട് ഇബ്രാഹിം എം ജെയ്ദ രൂപകല്‍പ്പന ചെയ്ത അതിമനോഹരമായ വേദി അറബ് പാരമ്പര്യത്തിലെ തൊപ്പി- ‘ഗഹ്ഫിയ’യില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ്. ഖത്തരി ആര്‍ക്കിടെക്ട് രൂപകല്‍പ്പന ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ഫിഫ ലോകകപ്പ് സ്റ്റേഡിയമാണ് അല്‍തുമാമയെന്ന പ്രത്യേകതയും ഇതിനുണ്ട്.

city exchange

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അല്‍തുമാമ സ്റ്റേഡിയം ഉദ്ഘാനം നിര്‍വഹിച്ചപ്പോള്‍ രാജ്യം 2022ലേക്കുള്ള പാതയില്‍ മറ്റൊരു നാഴികക്കല്ലു കൂടിയാണ് അടയാളപ്പെടുത്തിയത്. ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിയോ, കായിക താരങ്ങള്‍, മന്ത്രിമാര്‍ തുടങ്ങി പ്രമുഖരുടെ നീണ്ടനിരയാണ് സ്റ്റേഡിയം ഉ്ദഘാടനത്തിനെത്തിയത്.

ഉദ്ഘാടനച്ചടങ്ങില്‍ അല്‍തുമാമ സ്റ്റേഡിയത്തിനു പുറത്തുനിന്നുള്ള കാഴ്ച ചിത്രം: ഷിറാസ് സിതാര

ഫൈനലിന് മുന്നോടിയായി നടന്ന ഉദ്ഘാടന ചടങ്ങില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അറബിത്തൊപ്പിയണിഞ്ഞ് പരിപാടികള്‍ അവതരിപ്പിച്ചു.

നാല്‍പ്പതിനായിരം പേര്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള സ്റ്റേഡിയത്തില്‍ 2022 ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള എട്ട് മത്സരങ്ങളാണ് അരങ്ങേറുക. ഖലീഫ ഇന്റര്‍നാഷണല്‍, അല്‍ ജനൂബ്, എജ്യുക്കേഷന്‍ സിറ്റി, അഹമ്മദ് ബിന്‍ അലി, അല്‍ ബയ്ത്ത് എന്നിവയെല്ലാം അടുത്ത വര്‍ഷം അരങ്ങേറുന്ന ലോകകപ്പ് മത്സരങ്ങള്‍ക്കായി ഇതിനകം ഒരുങ്ങിക്കഴിഞ്ഞു.

- Advertisement -
Ad image

ഫിഫ ലോകകപ്പിന് ഒരു വര്‍ഷം ബാക്കിയിരിക്കെ ആറാമത്തെ സ്റ്റേഡിയവും തയ്യാറായതില്‍ തങ്ങള്‍ക്ക് അതിയായ അഭിമാനമുണ്ടെന്നാണ് ലോകകപ്പ് സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി പറഞ്ഞത്. ഖത്തറിലെ എല്ലാവര്‍ക്കും സവിശേഷ വേദിയായിരിക്കും അല്‍ തുമാമയെന്നും അറബ് ലോകത്തെ പുരുഷന്മാരും കുട്ടികളും അണിയുന്ന സവിശേഷ വസ്ത്രത്തിനുള്ള ആദരവു കൂടിയാണ് സ്റ്റേഡിയമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. മാത്രമല്ല അതുല്യമായ സ്റ്റേഡിയം ഡിസൈന്‍ ഖത്തറിന്റെ കഴിവും പുതുമയുമാണ് പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൈയ്യെത്തും ദൂരത്താണ് ലോകകപ്പ് മത്സരങ്ങളെന്ന് അഭിപ്രായപ്പെട്ട അല്‍ തവാദി ഒരു വര്‍ഷത്തിനം ഫിഫ അറബ് കപ്പ് ഉള്‍പ്പെടെ തങ്ങള്‍ ആതിഥേയം വഹിക്കുന്ന നിരവധി മത്സരങ്ങള്‍ അരങ്ങേറുമെന്നും പറഞ്ഞു.

ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തര്‍ ലോകത്തെ വിസ്മയിപ്പിക്കുന്നത് തുടരുകയാണെന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞത്. ഫിഫ ഖത്തര്‍ ലോകകപ്പ് അവസാനിക്കും വരെ അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനും പ്രദേശത്തിനും ഏറെ പ്രാധാന്യം നല്കുന്ന മറ്റൊരു കലാസൃഷ്ടിയാണ് അല്‍ തുമാമ. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടക്കുന്ന ആദ്യത്തെ ഫിഫ പാന്‍ അറബ് ഫുട്ബാള്‍ ടൂര്‍ണമെന്റ് കാണാനും ഒരു വര്‍ഷത്തിനപ്പുറം മിഡില്‍ ഈസ്റ്റില്‍ ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൡനും സാക്ഷ്യം വഹിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എക്കാലത്തേയും മികച്ച ഫിഫ ലോകകപ്പ് ഒരുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ബിന്‍ അല്‍താനിയോട് താന്‍ വ്യക്തിപരമായി നന്ദി പറയുകയാണെന്നും ഇന്‍ഫാന്റാനിയോ പറഞ്ഞു.

അത്യാധുനിക കൂളിംഗ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന സ്റ്റേഡിയാണ് അല്‍തുമാമ. അതുകൊണ്ടുതന്നെ ഏത് കാലാവസ്ഥയിലും മത്സരങ്ങള്‍ നടത്താന്‍ സാധിക്കുന്നതാണ് അല്‍ തുമാമ സ്റ്റേഡിയം. പ്രാദേശികമായി ഉപയോഗപ്പെടുത്താന്‍ സൈക്ലിംഗ്, റണ്ണിംഗ് ട്രാക്കുകള്‍, വിശാലമായ ഹരിത ഇടങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി കായിക സൗകര്യങ്ങള്‍ പരിസരത്തായി ഒരുക്കിയിട്ടുണ്ട്.

അല്‍ബൈത്ത്, റാസ് അബു അബൗദ് സ്റ്റേഡിയങ്ങള്‍ കൂടി ഈ വര്‍ഷം ഉദ്ഘാടനം നടക്കും. തുടര്‍ന്ന് അടുത്ത വര്‍ഷമാണ് ലുസൈല്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം. നിലവില്‍ ലോകകപ്പ് പദ്ധതിയുടെ 98 ശതമാനവും ഖത്തര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ലോകകപ്പിന്റെ എല്ലാ സ്റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട് പ്രാദേശിക സമൂഹത്തേയും ലോക കായിക സമൂഹത്തേയും പരിഗണിച്ചിട്ടുണ്ട്. ഓരോ സ്‌റ്റേഡിയത്തിനു ചുറ്റുമുള്ള സമൂഹത്തിന ലോകകപ്പിന് ശേഷം സ്റ്റേഡിയവും പരിസരവും പ്രയോജനപ്രദമായി ഉപയോഗപ്പെടുത്താനാവുന്ന വിധത്തിലാണ് രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. മാത്രമല്ല, ചില സ്റ്റേഡിയങ്ങളിലെ ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടെ കായിക പ്രയോജനങ്ങള്‍ക്കായി ആവശ്യമുള്ള മറ്റു രാജ്യങ്ങള്‍ക്ക് നല്കുകയും ചെയ്യും.

Share This Article
Leave a Comment
error: Content is protected !!