ജഹാംഗിര്‍പുരിയില്‍ വിധി മറികടന്ന് പൊളിച്ചത് ഗൗരവമെന്ന് സുപ്രിം കോടതി

Web Desk
1 Min Read

ന്യൂഡല്‍ഹി- സുപ്രിം കോടതി വിധി മേയറെ അറിയിച്ചതിന് ശേഷം നടന്ന എല്ലാ പൊളിച്ചുനീക്കലുകളും ഗൗരവമായി കാണുമെന്ന് സുപ്രിം കോടതി. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് എടുക്കുമെന്നും സുപ്രിം കോടതി പറഞ്ഞു.

city exchange

ജഹാംഗീര്‍പുരിയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നത് സുപ്രിം കോടതി നിര്‍ത്തിവെപ്പിച്ചു. താമസ കേന്ദ്രങ്ങളും കച്ചവട സ്ഥാപനങ്ങളും ഒഴിപ്പിക്കുന്നത് തടഞ്ഞ് കഴിഞ്ഞ ദിവസം കോടതി പുറത്തിറക്കിയ ഉത്തരവ് തുടരും. ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ കോടതി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്കി.

കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് എതിരായ ഹര്‍ജികളാണ് സുപ്രിം കോടതി പരിഗണിച്ചത്. ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടികള്‍ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെയ്ക്കുന്നതാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ കോടതിയെ ബോധിപ്പിച്ചു. ഇത് ജഹാംഗീര്‍പുരിയിലെ മാത്രം വിഷയമല്ലെന്നും രാജ്യത്തെ മുഴുവന്‍ ബധിക്കുന്ന പ്രശ്‌നമാണെന്നും പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടാണ് നടപടിയെന്നും ദുഷ്യന്ത് ദവെ പറഞ്ഞു.

- Advertisement -
Ad image

രാജ്യത്തിന്റെ സാമൂഹിക ഐക്യത്തിന്റെ പ്രശ്‌നമാണിതെന്നും പറഞ്ഞ ദുഷ്യന്ത് ദവെ സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രിം കോടതി ഉത്തരവിറക്കിയിട്ടും പൊളിക്കല്‍ നടപടി തുടരുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചാല്‍ നിയമവാഴ്ച ബാക്കിയുണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സര്‍ക്കാര്‍ നയത്തിന്റെ ഉപകരണമാണോ ബുള്‍ഡോസറെന്ന ചോദ്യവും ഉന്നയിച്ചു.

ഡല്‍ഹിയില്‍ 731 അനധികൃത കോളനികള്‍ ഉണ്ടെങ്കില്‍ പ്രത്യേക സമുദായത്തെ മാത്രം ഉന്നമിട്ട് അതിലൊരെണ്ണം മാത്രമാണ് തെരഞ്ഞെടുത്ത് ഒഴിപ്പിക്കല്‍ നടത്താന്‍ ശ്രമിച്ചത്. വീടുകള്‍ പൊളിച്ചതിന്റെ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുകയെന്നും ദവെ ചോദ്യം ഉന്നയിച്ചു.

ജഹാംഗീര്‍പുരിയില്‍ പൊളിച്ച കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ബൃന്ദ കാരാട്ടിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പി വി സുരേന്ദ്രനാഥ് കോടതിയില്‍ ആവശ്യപ്പെട്ടു. നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും 12.45 വരെ പൊളിക്കല്‍ നടപടികള്‍ തുടര്‍ന്നുവെന്നും അദ്ദേഹം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!