

ദോഹ: എയര്‍ ബസുമായുള്ള ഖത്തര്‍ എയര്‍വെയ്സിന്റെ തര്‍ക്കത്തെ കുറിച്ചുള്ള വീഡിയോയുമായി ഖത്തര്‍ എയര്‍വെയ്സ് രംഗത്ത്. വിമാനങ്ങളുടെ പെയിന്റ് നശിക്കുന്നതും മിന്നല്‍ വിരുദ്ധ സംരക്ഷണത്തിലെ തകരാറുകളും ഖത്തര്‍ എയര്‍വെയ്സ് വീഡിയോയില്‍ എടുത്തു കാണിക്കുന്നു. എന്നാല്‍ ഇതില്‍ എയര്‍ബസ് മറുപടി പറഞ്ഞിട്ടില്ല.

എയര്‍ബസിനെതിരെ ഖത്തര്‍ എയര്‍വെയ്സ് 618 മില്യന്‍ ഡോളറും ദിവസേന നാല് മില്യന്‍ ഡോളറും നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. മാത്രമല്ല എ350 വിമാനങ്ങള്‍ ഡെലിവെറിയെടുക്കുന്നതും നിര്‍ത്തലാക്കി. എന്നാല്‍ ഖത്തര്‍ എയര്‍വെയ്സിന്റെ അവകാശവാദങ്ങള്‍ക്കെതിരെ പോരാടുമെന്നാണ് എയര്‍ബസ് അറിയിച്ചത്.

ഖത്തര്‍ എയര്‍വെയ്സ് യൂട്യൂബില്‍ റിലീസ് ചെയ്ത ഒരു മിനുട്ടും 37 സെക്കന്റുമുള്ള വീഡിയോയില്‍ രാജ്യത്തിന്റെ റെഗുലേറ്റര്‍ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളില്‍ തകരാറുകളുണ്ടെന്ന് ഖത്തര്‍ എയര്‍വെയ്സ് കാണിക്കുന്നു. വിമാനത്തില്‍ പലയിടങ്ങളിലും പെയിന്റ് ഇളകുകയും ഇളക്കിമാറ്റാനാവുന്ന വിധത്തിലുമാണുള്ളത്. പെയിന്റ് ഇളകിയതിന് പുറമേ വിള്ളലുകള്‍, മിന്നല്‍ വിരുദ്ധ സംരക്ഷണത്തിന്റെ കേടുപാടുകള്‍, കാര്‍ബണ്‍ ഫൈബറിന്റെ പാച്ചുകള്‍ തുടങ്ങി നിരവധി തകരാറുകള്‍ എടുത്തുകാട്ടുന്നു.
റെസിന്‍ ഉപയോഗിച്ച് വിമാനത്തില്‍ ഉറപ്പിക്കേണ്ട കോപ്പര്‍ മെഷ് മിന്നല്‍ വിരുദ്ധ സംവിധാനത്തിന്റെ അടരുകള്‍ ഗ്ലൗസിട്ട കൈകൊണ്ട് ചായം വലിച്ചെടുക്കുമ്പോള്‍ അഴിഞ്ഞു വീഴുന്നത് വീഡിയോയില്‍ കാണിക്കുന്നുണ്ട്.
കഴിഞ്ഞ നവംബറില്‍ റോയിട്ടേഴ്സ് നടത്തിയ അന്വേഷണത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ എ 350യുടെ കേടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 2016 മുതല്‍ കുറഞ്ഞത് അഞ്ച് വിമാനക്കമ്പനികളെങ്കിലും എ 350 പെയിന്റോ വിടവുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 2020 നവംബറില്‍ ലോകകപ്പ് പ്രത്യേക പെയിന്റടിക്കാന്‍ ഒരു ജെറ്റില്‍ ശ്രമം നടത്തിയപ്പോള്‍ 980ഓളം വൈകല്യങ്ങള്‍ കണ്ടെത്തിയതില്‍ ഖത്തര്‍ എയര്‍വെയ്സ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഇത്തരമൊരു അവസ്ഥയെ കുറിച്ച് എയര്‍ബസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഖത്തര്‍ എയര്‍വെയ്സ് ആവശ്യപ്പെട്ടിരുന്നു. ഭാവിയില്‍ എ350 വിമാനങ്ങളുടെ മിന്നല്‍ വിരുദ്ധ മെഷിന്റെ രൂപകല്‍പ്പന മാറ്റാന്‍ ശ്രമിക്കുന്നതായി എയര്‍ബസ് പറഞ്ഞു. എന്നാല്‍ മതിയായ മിന്നല്‍ സംരക്ഷണം ലഭിക്കുമെന്നും അവര്‍ പറയുന്നു.
ഗുരുതരവും നിയമാനുസൃതവുമായ സുരക്ഷാ പ്രശ്നങ്ങളാണ് എ350 വിമാനങ്ങളില്‍ കാണുന്നതെന്ന് ഖത്തര്‍ എയര്‍വെയ്സ് പറുന്നു. ഖത്തര്‍ എയര്‍വെയ്സിന്റെ 53 എ 350 വിമാനങ്ങളില്‍ 21 എണ്ണവും നിലത്തിറക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല ഏകദേശം മൂന്ന് ഡസനോളം ചരക്ക് വിമാനങ്ങള്‍ക്കുള്ള മള്‍ട്ടി- ബില്യന്‍ ഡോളര്‍ ഇടപാടില്‍ നിന്നും എയര്‍ബസിനെ ഒഴിവാക്കാനും ഖത്തര്‍ എയര്‍വെയ്സിന് ഇത് കാരണമായി. പുതിയ ഓര്‍ഡറുകള്‍ ബോയിംഗിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

