ശിരോവസ്ത്ര നിരോധം; പ്രൊവിഡന്‍സ് സ്‌കൂളിലേക്ക് വിവിധ സംഘടനകള്‍ മാര്‍ച്ച് നടത്തി

Web Desk
2 Min Read

കോഴിക്കോട്: ശിരോവസ്ത്ര നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രൊവിഡന്‍സ് സ്‌കൂളിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. രാവിലെ പത്തരയോടെയായിരുന്നു ഐ എന്‍ എല്ലിന്റെ പ്രതിഷേധ മാര്‍ച്ച്. ശിരോവസ്ത്ര നിരോധം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി ഒ പി ഐ കോയ പറഞ്ഞു.

city exchange

ഏതെങ്കിലും വര്‍ഗീയ വാദികളും ഫാസിസ്റ്റ് വാദികളും സ്വീകരിക്കുന്ന നിലപാട് മതേതരത്വത്തിന് കേളികേട്ട നാടായ കോഴിക്കോട് നഗരത്തില്‍ നടക്കില്ലെന്ന് സ്‌കൂള്‍ അധികൃതരെ ഓര്‍മ്മപ്പെടുത്തുകയാണെന്ന് ഒ പി ഐ കോയ പറഞ്ഞു. മാനേജ്മെന്റിനോടോ സ്‌കൂളിനോടോ ശത്രുത പ്രഖ്യാപിക്കുകയല്ല. നാടിന് ചേരാത്ത സമൂഹത്തിന് ചേരാത്ത തല തിരിഞ്ഞ സമീപനം തിരുത്തണം. യാഥാര്‍ഥ്യബോധത്തിലേക്ക് തിരിച്ചുവരണമെന്ന് അധികൃതരോട് അഭ്യര്‍ഥിക്കുകയാണ്. ഈ സ്‌കൂളില്‍ എല്ലാ വിഭാഗം കുട്ടികള്‍ക്കും പഠിക്കണം. മതമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പഠിക്കാനുള്ള സാഹചര്യം വേണം. അവരുടെ വിശ്വാസത്തെ ഹനിക്കുന്ന രീതിയിലുള്ള ഒന്നും ഉണ്ടാവരുത്. ശിരോവസ്ത്ര നിരോധം തിരുത്തുന്നതുവരെ സമരം ചെയ്യും. ഇത് സൂചനാ സമരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് സ്‌കൂളിനു മുന്നില്‍ പൊലിസ് തടഞ്ഞു. ഉദ്ഘാടനത്തിന് ശേഷം പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. മാര്‍ച്ചില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷര്‍മദ് ഖാന്‍, നാഷ്ണല്‍ യൂത്ത് ലീഗ് സ്ഥാന പ്രസിഡന്റ് ഒ പി റഷീദ്, ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ ഹാജി, റഫീഖ് അഴിയൂര്‍, കെ കെ മുഹമ്മദ് മാസ്റ്റര്‍ പങ്കെടുത്തു.

- Advertisement -
Ad image

തുടര്‍ന്ന് ക്യാപസ് ഫ്രണ്ടിന്റെ നേതൃത്വത്തിലും സ്‌കൂളിലേക്ക് മാര്‍ച്ച് നടന്നു. ക്യാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഹിഷാം ഇല്യാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നാഫിഹ്, റൈഫ എന്നിവര്‍ സംസരിച്ചു. എം എസ് എഫിന്റെ വിദ്യാര്‍ഥിനി പോഷക സംഘടന ഹരിതയുടെ മാര്‍ച്ച് ഉണ്ടായിരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സ്‌കൂള്‍ മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയതിനാല്‍ പരിപാടി റദ്ദാക്കിയെന്ന് ഹരിത സംസ്ഥാന അധ്യക്ഷ അഡ്വ. കെ ത്വഹാനി പറഞ്ഞു. വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. സിസ്റ്റര്‍ സില്‍വി ആന്റണി ഉറപ്പ് നല്‍കിയെന്ന് ഹരിത നേതാക്കള്‍ പറഞ്ഞു.

പി ടി എ മീറ്റിംങ്ങ് വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യുമെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു. ഹരിത കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി എച്ച് ആയിഷാ ബാനു, ജനറല്‍ സെക്രട്ടറി റുമൈസ റഫീഖ്, ട്രഷറര്‍ സഹദ എന്നിവരാണ് പ്രിന്‍സിപ്പളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്.

സ്ഥലത്ത് വന്‍പൊലിസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. അതേസമയം, വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല.

Share This Article
Leave a Comment
error: Content is protected !!