

ദോഹ: ഖത്തറിലെ പ്രവാസികളില്‍ രേഖകളില്ലാത്തവര്‍ക്ക് രേഖകള്‍ ശരിയാക്കാനും അതിന് സാധിക്കാത്തവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുമുള്ള പൊതുമാപ്പിന്റെ കാലാവധി അവസാനിച്ചു. മാര്‍ച്ച് 31ന് അവസാനിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യത്ത് നിയമപരമായി താമസിക്കാനും പുതിയ തൊഴില്‍ കണ്ടെത്തിയവരും ആയിരങ്ങളാണ്. അതുപോലെ, ഈ അവസരം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോയവരും നിരവധിയുണ്ട്.

ഇത്തരത്തില്‍ നാട്ടിലേക്ക് തിരിച്ചു പോയവരില്‍ ഭൂരിഭാഗം പേര്‍ക്കും തൊഴിലിനും മറ്റുമായി വീണ്ടും ഖത്തറിലേക്ക് വരാനുള്ള അനുമതിയും ഉണ്ട് എന്നത് ഏറെ ആശ്വാസകരമാണ്.

2021 ഒക്ടോബറില്‍ ആരംഭിച്ച ഈ അവസരം ആദ്യം മൂന്ന് മാസ കാലാവധിയോടെ ഡിസംബര്‍ 31ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട്, കൂടുതല്‍ പേര്‍ക്ക് പ്രയോജനം ലഭ്യമാക്കാനായി മാര്‍ച്ച് 31 വരെ നീട്ടി നല്‍കുകയായിരുന്നു.
പൊതുമാപ്പിനെക്കുറിച്ചും അതിലെ ആനുകൂല്യങ്ങള്‍, നടപടിക്രമങ്ങള്‍ തുടങ്ങിെവയെ സംബന്ധിച്ചും ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ എണ്ണമറ്റ അവബോധ ക്ലാസുകള്‍ നടത്തിയതിന് പുറമെ, എല്ലാ നടപടിക്രമങ്ങളും മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തു പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സര്‍ക്കാര്‍ സര്‍വ്വീസ് സെന്ററുകള്‍ വഴി പൊതുമാപ്പിന് അപേക്ഷ നല്‍കാനുള്ള അവസരവും നല്‍കിയിരുന്നു. അപേക്ഷ ലഭിച്ച് ദിവസങ്ങള്‍ക്കകം നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.
ഇതിനും പുറമെ, പ്രശ്‌നപരിഹാരത്തിനായി ഉയര്‍ന്ന ഉദ്യോഗസ്ഥരെ നേരില്‍ സമീപിക്കാനുള്ള വിപുല സൗകര്യവും ഒരുക്കിയിരുന്നു.
മന്ത്രാലയത്തെ സമീപിച്ച അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ആനുകൂല്യങ്ങള്‍ പ്രയാസരഹിതമായി ലഭ്യമായാതായി നിരവധി പേരാണ് സാക്ഷ്യപ്പെടുത്തിയത്. ലോകത്ത് മിക്കയിടങ്ങളിലും പ്രവാസികളെ ഒഴിവാക്കാന്‍ നിയമ നിര്‍മ്മാണം നടത്തുമ്പോഴാണ് ഖത്തര്‍ സര്‍ക്കാര്‍ നിയമവിധേയമായി രാജ്യത്ത് തങ്ങാനും ഇഷ്ടപ്പെട്ടതും കൂടുതല്‍ സാമ്പത്തിക മെച്ചമുളളതുമായ ജോലി സമ്പാദിക്കാനും അവസരം ഒരുക്കിയത്.
എന്നാല്‍, ഇത്രയൊക്കെ അവസരം ഒരുക്കിയിട്ടും ഇതൊന്നും പ്രയോജനപ്പെടുത്താത്തവര്‍ക്ക് ഏറെ പ്രയാസം ഉണ്ടാവുക സ്വാഭാവികമാണ്. പൊതുമാപ്പ് കാലാവധി കഴിഞ്ഞ അവസരത്തില്‍ രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്കായി തിരച്ചില്‍ ശക്തമാവാനിടയുണ്ട്. ഇവര്‍ക്ക് എല്ലാ നിയമ നടപടികളും ബാധകമായിരിക്കും.

