

തിരുവനന്തപുരം: പൊതു ഗതാഗതത്തിന് പുതുയുഗം എന്ന ആശയത്തോടെ ആരംഭിക്കുന്ന കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് സര്‍വ്വീസ് ഏപ്രില്‍ 11ന് വൈകിട്ട് അഞ്ചരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. തമ്പാനൂര്‍ കെ എസ് ആര്‍ ടി സി സെന്‍ട്രല്‍ ഡിപ്പോയില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശനം നിര്‍വ്വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് വെബ്‌സൈറ്റ് പ്രകാശനവും സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് ആദ്യത്തെ റിസര്‍വേഷന്‍ ചെയ്തവര്‍ക്കുള്ള സമ്മാനങ്ങളുടെ വിതരണവും നിര്‍വ്വഹിക്കും. ഡോ. ശശി തരൂര്‍ എം പിയും മേയര്‍ ആര്യ രാജേന്ദ്രനും മുഖ്യാതിഥികളായി പങ്കെടുക്കും.

വൈകിട്ട് അഞ്ചരയ്ക്ക് ബാംഗ്ലൂരിലേക്കുള്ള എ സി വോള്‍വോയുടെ നാല് സ്ലീപ്പര്‍ സര്‍വ്വീസുകളും ആറുമണിക്ക് ശേഷം തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍ എന്നിവടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡര്‍ സര്‍വ്വീസുകളുമാണ് ആദ്യ ദിനം നടത്തുക.
ഏപ്രില്‍ 12ന് വൈകുന്നേരം 5.30ന് ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്കുള്ള മടക്ക സര്‍വ്വീസ് ബാഗ്ലൂരില്‍ കേരള ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്‌ളാഗ് ഓഫ് ചെയ്യും.
നിലവില്‍ തിരുവനന്തപുരം- ബാംഗ്ലൂര്‍, എറണാകുളം -ബാംഗ്ലൂര്‍ ഗജരാജ എ സി സ്ലീപ്പര്‍ 4 സര്‍വ്വീസുകളുടേയും കോഴിക്കോട്- ബാംഗ്ലൂര്‍ 2 സര്‍വ്വീസുകളുടേയും പത്തനംതിട്ട- ബാംഗ്ലൂര്‍ ഒരു സര്‍വ്വീസ്, തിരുവനന്തപുരത്ത് നിന്നുള്ള കോഴിക്കോട്, കണ്ണൂര്‍, മാനന്തവാടി എന്നിവടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് സര്‍വ്വീസുകളുടേയും ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ www.online.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും ente ksrtc (എന്റെ കെ എസ് ആര്‍ ടി സി) എന്ന മൊബൈല്‍ വഴിയും ടിക്കറ്റുകള്‍ ലഭ്യമാണ്.
കെ എസ് ആര്‍ ടി സിയുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ് കെ എസ് ആര്‍ ടി സി സിഫ്റ്റ്. യാത്രികര്‍ക്ക് മികച്ച സേവനങ്ങളും പുതിയ യാത്രാനുഭവവും നല്‍കുന്നതിന് വേണ്ടി ഏറ്റവും പുതിയ സാങ്കേതിക വിദ്യയോട് കൂടിയ മികച്ച സൗകര്യങ്ങളുള്ള ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് പ്രത്യേകം പരിശീലനം നല്‍കിയ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരാണ് ഈ സര്‍വ്വീസുകള്‍ നിയന്ത്രിക്കുന്നത്.
ദീര്‍ഘദൂര യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമായ അന്തര്‍ സംസ്ഥാന ദീര്‍ഘദൂര സര്‍വ്വീസുകളാണ് കെ എസ് ആര്‍ ടി സി- സ്വിഫ്റ്റ് നടത്തുന്നത്. ലഗ്ഗേജ് വയ്ക്കുന്നതിന് കൂടുതല്‍ ഇടവും ഇവ കൈകാര്യം ചെയ്യുന്നതിന് സഹായം നല്‍കാനായി ക്രൂവിന്റെ സഹായവും ലഭിക്കുകയും ചെയ്യും. മെച്ചപ്പെടുത്തിയ ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ സേവനം എല്ലാസമയവും ഉറപ്പാക്കുന്ന കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് സര്‍വ്വീസുകളില്‍ സുരക്ഷയ്ക്കും വൃത്തിയ്ക്കും കൂടുതല്‍ മുന്‍തൂക്കം നല്‍കിയാണ് സര്‍വ്വീസുകള്‍ നടത്തുക.
കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസിന്റെ നിറത്തോട് യോജിക്കുന്ന ഇളം ഓറഞ്ച് നിറത്തോട് കൂടിയ ഷര്‍ട്ടും കറുത്ത നിറത്തിലുള്ള പാന്റും യൂണിഫോമാണ് ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ജീവനക്കാര്‍ക്ക് നല്‍കുക. ഇതില്‍ ബസ് ഡ്രൈവ് ചെയ്യുന്നവര്‍ പി- ക്യാപ്പും ധരിക്കും. ജീവനക്കാരുടെ നെയിം ബോര്‍ഡിനൊപ്പം കെ എസ് ആര്‍ ടി സി- സ്വിഫ്റ്റിന്റെ ചിഹ്നവും യൂണിഫോം സ്‌പോണ്‍സര്‍ ചെയ്ത കമ്പനിയുടെ ലോഗോയും യൂണിഫോമില്‍ പതിപ്പിച്ചിട്ടുണ്ട്. 319 ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്ക് കേരളത്തിലെ മികച്ച മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒരാഴ്ച നടന്ന പരിശീലനവും തുടര്‍ന്ന് കണ്ടക്ടര്‍ പരിശീലനവും നല്‍കിയ ശേഷമാണ് കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് സര്‍വ്വീസില്‍ നിയമിച്ചിരിക്കുന്നത്.

