


കൊച്ചി: ഓണാഘോഷത്തോട് അനുബന്ധിച്ച് പ്രേക്ഷകരുടെ തിരക്ക് കണക്കിലെടുത്ത് കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച റാംബോ സര്‍ക്കസിന്റെ പ്രദര്‍ശനം സെപ്തംബര്‍ മൂന്ന് ഞായറാഴ്ച വരെ നീട്ടി. ഓഗസ്റ്റ് 31ന് പ്രദര്‍ശനം അവസാനിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

വെള്ളിയാഴ്ച പ്രദര്‍ശനം ഉണ്ടായിരിക്കുകയില്ല. ശനിയാഴ്ച ഉച്ചയ്ക്ക് 1.30, വൈകിട്ട് 4.30, രാത്രി 7.30. എന്നീ മൂന്ന് ഷോയും ഞായറാഴ്ച രാവിലെ 11നുള്ള ഷോ ഉള്‍പ്പെടെ നാല് ഷോയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെ ലഭ്യമാണ്. ടിക്കറ്റ് നിരക്ക് 300, 400, 500 രൂപ.

സര്‍ക്കസ് കൂടാരത്തില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലാദ്യമായി എ സി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സര്‍ക്കസിന് വലിയ സ്വീകാര്യതയാണ് കൊച്ചിയില്‍ ലഭിച്ചിരിക്കുന്നതെന്ന്് റാംബോ സര്‍ക്കസ് ഉടമ സുജിത് ദിലീപ് പറഞ്ഞു. ചെന്നൈ, ബംഗളൂരു, വിശാഖപട്ടണം, ഗോവ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലെ വിജയകരമായ പ്രദര്‍ശനത്തിന് ശേഷമാണ് റാംബോ സംഘം കൊച്ചിയിലെത്തിയത്.
യുവതലമുറയുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സംഗീതത്തിന്റെയും ലൈറ്റ് സിസ്റ്റത്തിന്റെയും അകമ്പടിയോടെയാണ് 40ഓളം കലാകരന്മാര്‍ അണിനിരക്കുന്ന അഭ്യാസ പ്രകടനങ്ങള്‍. ഓണാഘോഷങ്ങള്‍ക്ക് നിറം പകരുന്ന രീതിയിലാണ് വിസ്മയ കാഴ്ച ഒരുക്കിയിരിക്കുന്നത്. അത്ഭുതമുളവാക്കുന്ന പ്രകടനങ്ങളുമായാണ് റാംബോ കൊച്ചിയില്‍ എത്തിയത്.
ബബിള്‍ ഷോ, സ്‌കേറ്റിങ്, ഹ്യുമന്‍ സ്ലിങ്കി, സ്വോഡ് ആക്റ്റ്, ക്യുബ് ജഗ്ലിങ്, റോല്ല ബൊല്ല, ഹുല ഹോപ് ആന്‍ഡ് ഏരിയല്‍ റോപ് തുടങ്ങി 120 മിനിറ്റ് പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രകടനമാണ്്. ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശിയായ പനച്ചമൂട്ടില്‍ തോമസ് ദിലീപ് 1991 ജനുവരി 26നാണ് പൂനെയില്‍ റാംബോ സര്‍ക്കസിനു രൂപം നല്‍കിയത്.

