എക്‌സ്‌പോ 2023 ദോഹയ്ക്കുള്ള ഒരുക്കങ്ങള്‍ സജ്ജം

Web Desk
2 Min Read

ദോഹ: എക്സ്പോ 2023 ദോഹ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സിബിഷന്‍ ഉദ്ഘാടന ദിവസമായ ഒക്ടോബര്‍ രണ്ടു മുതല്‍ ഷെഡ്യൂള്‍ പ്രകാരം നടത്താനുള്ള എല്ലാ കാര്യങ്ങളും സജ്ജമാണെന്ന് എക്സ്പോ സെക്രട്ടറി ജനറല്‍ മുഹമ്മദ് അലി അല്‍ ഖൗറി ഉറപ്പുനല്‍കി. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന പങ്കാളിത്ത കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം ഇംഗ്ലീഷ് ദിനപത്രം ദി പെനിന്‍സുലയോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

city exchange

എക്സ്പോയ്ക്ക് മൂവായിരം വോളണ്ടിയര്‍മാരെ വരെയാണ് ആവശ്യം. എക്സ്പോ 2023 ദോഹയുടെ സംഘാടക സമിതിക്ക് ഖത്തറില്‍ നിന്നും വിദേശത്തുനിന്നും സന്നദ്ധപ്രവര്‍ത്തനത്തിനായി നിരവധി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വോളണ്ടിയര്‍മാരുമായി അഭിമുഖം നടത്തിയതായും പരിപാടിയുടെ അനുഭവം പരമാവധി ആളുകള്‍ക്ക് പ്രയോജനപ്പെടുത്താന്‍ തങ്ങള്‍ ശ്രമിക്കുന്നതായും അല്‍ ഖൗറി പറഞ്ഞു.

2022ല ഫിഫ ലോകകപ്പ് ഖത്തറില്‍ വോളന്റിയര്‍മാരായി പങ്കെടുത്ത നിരവധി ആളുകള്‍ എക്‌സ്‌പോ 2023 ദോഹയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ഖത്തറില്‍ നിന്ന് സന്നദ്ധ പ്രവര്‍ത്തനത്തിനായി അറുപതിനായിരം അപേക്ഷകളാണ് ലഭിച്ചത്. അല്‍ ബിദ്ദ പാര്‍ക്കില്‍ പവലിയനും പൂന്തോട്ടവും എല്ലാ രാജ്യങ്ങള്‍ക്കും ഉണ്ടാകും. പങ്കെടുക്കുന്ന 80 രാജ്യങ്ങളില്‍ എല്ലാ ജി സി സി രാജ്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സെക്രട്ടറി ജനറല്‍ വെളിപ്പെടുത്തി.

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള എക്സ്പോ 2023 ദോഹ ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങള്‍ക്ക് അനുസൃതമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. പരിസ്ഥിതി മാനേജ്മെന്റും സുസ്ഥിര വികസനവും ലക്ഷ്യമിടുന്നതാണ് പരിപാടി.

- Advertisement -
Ad image

ഒക്ടോബര്‍ രണ്ടു മുതല്‍ 2024 മാര്‍ച്ച് 28 വരെ 179 ദിവസങ്ങളിലായി നടക്കുന്ന എക്സ്പോ 2023 ദോഹ അതിഥികള്‍ക്ക് അലങ്കാര ഉദ്യാനങ്ങള്‍ സന്ദര്‍ശിക്കാനും പൊതുസംവാദങ്ങള്‍, കോണ്‍ഫറന്‍സുകള്‍, ലൈവ് ഷോകള്‍ എന്നിവയില്‍ പങ്കെടുക്കാനും കല, പാചക പ്രകടനങ്ങള്‍ എന്നിവ ആസ്വദിക്കാനും അവസരമൊരുക്കും.

മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ നടക്കുന്ന ആദ്യ എ1 ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സിബിഷനായിരിക്കും ആറുമാസം നീളുന്ന പരിപാടി. അല്‍ ബിദ്ദ പാര്‍ക്കില്‍ 1.7 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

‘ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’ എന്നതാണ് എക്‌സ്‌പോയുടെ പ്രമേയം.

Share This Article
Leave a Comment
error: Content is protected !!