

ദോഹ: മയക്കുമരുന്ന് ഉപയോഗിച്ച് ജോലിക്ക് ഹാജരായ പ്രമുഖ ഇന്ത്യന്‍ വിമാനക്കമ്പനി പൈലറ്റിനെ കഴിഞ്ഞ ദിവസം ഡി ജി സി എ പിടികൂടിയതോടെ ഈ വര്‍ഷം നാലാമത്തെ പൈലറ്റാണ് ഇത്തരത്തില്‍ കുടുങ്ങുന്നത്.

ഇന്ത്യയില്‍ ഇരുപത് ശതമാനം വിമാനങ്ങളിലെ ജീവനക്കാരെ ദിനേന മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മദ്യ ഉപയോഗം കണ്ടെത്തുന്ന ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ പരാജയപ്പെട്ട ധാരാളം ജീവനക്കാര്‍ക്ക് പുറമെയാണ് മയക്കുമരുന്ന് ഉപയോഗം മൂലം ഇത്തരത്തില്‍ പിടിവീഴുന്നത് വര്‍ധിക്കുന്നത്.

കേരളത്തില്‍ നിന്ന് മാത്രം ഒരോ അര മണിക്കൂറിലും ഗള്‍ഫ് നാടുകളിലേക്ക് മാത്രം ഒരു വിമാനം പുറപ്പെടുന്നുവെന്നാണ് കണക്ക്. അപ്പോള്‍ എത്രത്തോളം അപകട സാധ്യതയാണ് യാത്രക്കാര്‍ അഭിമുഖീകരിക്കുന്നതെന്ന് ആശങ്കപ്പെടുത്തുന്നുണ്ട്.
പൈലറ്റുമാരില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം കണക്കിലെടുത്ത് പരിശോധനയുടെ അനുപാതം വര്‍ധിപ്പിക്കേണ്ടത് അത്യന്താപേക്ഷികമാണ്. ഇതിനായുള്ള പ്രവര്‍ത്തനം പ്രവാസി സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്.

