

തെല്‍അവീവ്: വെള്ളിയാഴ്ച നടന്ന വെടിവെപ്പിലും ആക്രമണത്തിലും ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായേലി റിപ്പോര്‍ട്ടുകള്‍.

അധിനിവേശ വെസ്റ്റ് ബാങ്കിലെ ജോര്‍ദാന്‍ താഴ്വരയില്‍ വെള്ളിയാഴ്ച രാവിലെ നടന്ന വെടിവെപ്പില്‍ രണ്ട് ഇസ്രായേലികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് തെല്‍ അവീവിലെ ബീച്ച് പ്രൊമെനേഡില്‍ ആക്രമണം നടന്നത്. അക്രമി വെടിയേറ്റ് മരിച്ചു.

കൊല്ലപ്പെട്ടയാള്‍ ഏകദേശം 30 വയസ്സുള്ള ഒരു വിദേശ വിനോദസഞ്ചാരിയാണെന്ന് മാഗന്‍ ഡേവിഡ് അഡോം എമര്‍ജന്‍സി സര്‍വീസ് പറഞ്ഞു. അലസ്സാന്‍ഡ്രോ പാരിനിയാണ് കൊല്ലപ്പെട്ടതെന്ന് ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രി അന്റോണിയോ തജാനി സ്ഥിരീകരിച്ചു.
ടെല്‍ അവീവിന് കിഴക്ക് കാഫ്ര്‍ ഖാസിമില്‍ നിന്നുള്ള ഇസ്രായേലിലെ ഫലസ്തീന്‍ പൗരനാണ് ആക്രമണകാരിയെന്ന് വാല ന്യൂസ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. റിസര്‍വിസ്റ്റുകളെ വിളിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പൊലീസിനോട് ഉത്തരവിട്ടതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ അറിയിച്ചു.
ഇസ്രായേല്‍ സൈന്യം തുടര്‍ച്ചയായി രണ്ട് രാത്രികളില്‍ അല്‍-അഖ്‌സ മസ്ജിദ് സമുച്ചയത്തിലേക്ക് ഇരച്ചുകയറി പള്ളിയില്‍ പ്രാര്‍ഥിക്കുന്ന ആയിരക്കണക്കിന് ഫലസ്തീനികള്‍ക്കെതിരെ സ്റ്റണ്‍ ഗ്രനേഡുകളും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും വിശ്വാസികളെ ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിന് ശേഷമാണ് പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി ആക്രമണം നടന്നത്.
റമദാനില്‍ ഫലസ്തീന്‍ ആരാധകര്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം നടത്തുന്നത് സമീപ വര്‍ഷങ്ങളില്‍ പതിവായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം, ഇസ്ലാമിക പുണ്യമാസത്തിലുടനീളം ഇസ്രായേല്‍ പള്ളിയില്‍ നടത്തിയ റെയ്ഡിനിടെ 170-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും 300-ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

