ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം വര്‍ധിക്കുന്നതായി വീണ്ടും യു എസ് മതസ്വാതന്ത്ര്യ കമ്മീഷന്‍ റിപ്പോര്‍ട്ട്

Web Desk
2 Min Read

വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ മോശം സമീപനമാണ് ഉണ്ടാകുന്നതെന്ന് വീണ്ടും അമേരിക്കയുടെ വിമര്‍ശനം. യു എസ് സര്‍ക്കാറിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് തുടര്‍ച്ചയായി ഇന്ത്യക്കെതിരെ വിമര്‍ശനമുള്ളത്.

city exchange

സിഖ് വിഘടനവാദി നേതാവിനെതിരെയുണ്ടായ വധശ്രമത്തില്‍ ആരോപണം നേരിട്ട ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’ക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട 2025ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ യു എസ് സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെ യു എസ് അവഗണിക്കുന്നതിന് പ്രധാന കാരണം ഏഷ്യയില്‍ ചൈനക്ക് വര്‍ധിച്ചുവരുന്ന സ്വാധീനം മറികടക്കാന്‍ ഇന്ത്യയെ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിക്കാന്‍ യു എസ് സര്‍ക്കാര്‍ ബാധ്യതയില്ല. അതുകൊണ്ടുതന്നെ ‘റോ’യ്ക്ക് ഉപരോധമേര്‍പ്പെടുത്തണെന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ നടപ്പാകാന്‍ സാധ്യതയില്ല.

- Advertisement -
Ad image

2024ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടിലും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതായി ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍, മണിപ്പൂരിലെ കുക്കി, മെയ്തേയി സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് വിമര്‍ശനം ഉന്നയിച്ചത്.

മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ആശങ്കയുള്ള രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കാന്‍ യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോട് ശിപാര്‍ശ ചെയ്തിരുന്നു.

യു എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷന്‍ റിപ്പോര്‍ട്ടിനെ ഇന്ത്യ വിമര്‍ശിച്ചു. ഇന്ത്യക്കെതിരെ അജണ്ടയുണ്ടാക്കി പ്രവര്‍ത്തിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്നും യു എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷനെ ‘ആശങ്കയുണ്ടാക്കുന്ന സ്ഥാപനമായി’ കണക്കാക്കണമെന്നും ഇന്ത്യ പറഞ്ഞു. നേരത്തേയും കമ്മീഷനെ ഇന്ത്യ വിമര്‍ശിച്ചിരുന്നു.

അമേരിക്കക്കു പുറത്തെ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തെ വിശകലനം ചെയ്ത് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുന്ന സ്ഥാപനമാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം. ലോകരാജ്യങ്ങള്‍ മതസ്വാതന്ത്ര്യത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നിരീക്ഷിക്കുകയും അത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിഡന്റിനും സ്റ്റേറ്റ് സെക്രട്ടറിക്കും കോണ്‍ഗ്രസ്സിനും കൈമാറേണ്ട ചുമതലയും കമ്മീഷനുണ്ട്. എല്ലാ വര്‍ഷവും വിവിധ രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള സമഗ്ര റിപ്പോര്‍ട്ട് കമീഷന്‍ പ്രസിദ്ധീകരിക്കാറുണ്ട്.

Share This Article
Leave a Comment
error: Content is protected !!