പന്നിയിറച്ചിയും ഖുര്‍ആന്‍ പേജുകളും പള്ളിയിലേക്കെറിഞ്ഞ സംഘപരിവാറുകാര്‍ അറസ്റ്റില്‍

Web Desk
1 Min Read

ലഖ്നൗ: സമാധാനാന്തരീക്ഷവും മതസൗഹാര്‍ദ്ദവും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് പള്ളികളിലേക്ക് പന്നിയിറച്ചിയും ഖുര്‍ആന്റെ കീറിയ പേജുകളും വലിച്ചെറിഞ്ഞ ഏഴ് സംഘപരിവാര്‍ പ്രവര്‍ത്തകരെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു യോദ്ധ സംഗതന്‍ എന്ന സംഘടനയിലുള്ളവരാണ് അറസ്റ്റിലായവര്‍. അയോധ്യയിലാണ് സംഭവമെന്ന് വാര്‍ത്താ ഏജന്‍സി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

city exchange

അയോധ്യ ജില്ലയിലെ മഹേഷ് കുമാര്‍ മിശ്ര, പ്രത്യുഷ് ശ്രീവാസ്തവ, നിതിന്‍ കുമാര്‍, ഗുഞ്ചന്‍ എന്ന ദീപക് കുമാര്‍ ഗൗര്‍, ബ്രിജേഷ് പാണ്ഡെ, ശത്രുഘ്നന്‍ പ്രജാപതി, വിമല്‍ പാണ്ഡെ എന്നിവരാണ് അറസ്റ്റിലായതെന്ന് അയോധ്യ സീനിയര്‍ പൊലീസ് സൂപ്രണ്ട് ശൈലേഷ് കുമാര്‍ പാണ്ഡെ അറിയിച്ചു.

താത്ഷാ ജുമാ മസ്ജിദ്, ഘോസിയാന മസ്ജിദ്, കശ്മീരി മൊഹല്ലയിലെ പള്ളി, ഗുലാബ് ഷാ ബാബ എന്നറിയപ്പെടുന്ന മസാര്‍ എന്നിവിടങ്ങളിലാണ് പന്നിയിറച്ചി എറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് നാല് എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഖുര്‍ആന്റെ കീറിയ പേജുകളിലും മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളും അടങ്ങിയ പോസ്റ്ററുകളില്‍ പന്നിയിറച്ചി പൊതിഞ്ഞ് പള്ളികളിലേക്ക് എറിയുകയായിരുന്നു.

- Advertisement -
Ad image

സംഭവത്തെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സ്ഥിതിഗതികളും ക്രമസമാധാനനിലയും പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചു. നാലു പേരെ ഇനിയും പിടികൂടാനുണ്ട്. ഇവര്‍ ഒളിവിലാണ്. അവരെ ഉടന്‍ അറസ്റ്റ് ചെയ്യും. അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോള്‍ സൗഹാര്‍ദപരമായ അന്തരീക്ഷവും സമാധാനപരമായ പാരമ്പര്യവും നശിപ്പിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നുവെന്ന് മനസ്സിലായതായി പൊലീസ് പറഞ്ഞു.

പ്രതികള്‍ക്കെതിരെ ഐ പി സി സെക്ഷന്‍ 295 (ഏതെങ്കിലും മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയങ്ങളെ മലിനമാക്കുക), 295-എ (മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!