
കോഴിക്കോട്: 2025ഓടെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ആര്‍ എസ് എസ് അജണ്ട നടപ്പാക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും അനുവദിക്കില്ലെന്നും മതേതരത്വത്തിനെതിരായ സര്‍ക്കാരിന്റെ ഏതൊരു ശ്രമത്തെയും പല്ലും നഖവും ഉപയോഗിച്ച് കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും കെ പി സി സി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ പി സി സി ന്യൂനപക്ഷ വകുപ്പ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റും സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ഷിഹാബുദ്ദീന്‍ കാരിയത്തിന് സ്വീകരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വര്‍ഗീയത ആളിക്കത്തിക്കാന്‍ ബി ജെ പി ശ്രമിക്കുന്നതിന്റെ ഭാഗമായാണ് അവരുടെ നേതാക്കള്‍ തുടര്‍ച്ചയായി വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്നത്. പ്രവാചകനെ നിന്ദിച്ച് കൊണ്ടുള്ള ഭരണ കക്ഷി നേതാക്കളുടെ പ്രസ്താവന ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യക്കെതിരേ വന്‍ പ്രതിഷേധത്തിനിടയാക്കുകയും ലോകത്തിന് മുന്‍പില്‍ ഇന്ത്യയെ ഒറ്റപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തന്നെ മുസ്‌ലിംകള്‍ കൈവശം വെച്ച് ആരാധന നടത്തുന്ന ആരാധനാലയങ്ങള്‍ പോലും അതിക്രമിച്ച് കൈയേറാനുള്ള ബി ജെ പിയുടെ ശ്രമം അപലപനീയമാണ്. ന്യൂനപക്ഷ ഭൂരിപക്ഷ സമുദായങ്ങളെ തരാതരം പോലെ വോട്ടിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന അവസരവാദ രാഷ്ട്രീയമാണ് കേരളത്തില്‍ സി പി എം നടത്തുന്നത്. അത് മനസ്സിലാക്കിയ ജനങ്ങളുടെ തിരിച്ചടിയാണ് തൃക്കാക്കരയില്‍ കണ്ടത്. എക്കാലത്തും ന്യൂനപക്ഷങ്ങളെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയ ഏക പ്രസ്ഥാനം കോണ്‍ഗ്രസസ്സാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ജില്ലാ ചെയര്‍മാന്‍ ടി കെ മിജാസ് അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എം നിയാസ്, കെ പി സി സി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ പി എം അബ്ദുറഹിമാന്‍, പി മമ്മദ്കോയ, ന്യൂനപക്ഷ വകുപ്പ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ഷിഹാബുദ്ദീന്‍ കാരിയത്ത്, വൈസ് ചെയര്‍മാന്‍ എം കെ ബീരാന്‍, സംസ്ഥാന കോര്‍ഡിനേറ്റര്‍ എന്‍ എം അമീര്‍, കെ വി ആലിക്കോയ, ജമാല്‍ കോരങ്കോട്ട്, സി അബ്ദുല്‍ നാസര്‍ഖാന്‍, സേവിയര്‍ കുന്നങ്കോട്ട്, ലത്തീഫ് പാലക്കണ്ടി, പി പി സാമിക്കുട്ടി സംസാരിച്ചു.
