

ജിദ്ദ: അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ ഹജ്ജ് നിര്‍വ്വഹിക്കാനെത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്കി. അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഒരു ലക്ഷത്തോളം വിദേശികളെ പ്രവേശന കവാടങ്ങളില്‍ തിരിച്ചയച്ചതായി അധികൃതര്‍ അറിയിച്ചു.

ടൂറിസ്റ്റ് വിസയിലുള്ളവര്‍ ഹജ്ജ് നിര്‍വഹിക്കരുതെന്ന് സൗദി ടൂറിസം മന്ത്രാലയം നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. അനധികൃത തീര്‍ഥാടകര്‍ക്ക് യാത്രാ സഹായം ചെയ്താല്‍ അറുപതിനായിരം റിയാല്‍ വരെ പിഴയും ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്നാണ് അധികൃതര്‍ നല്കുന്ന മുന്നറിയിപ്പ്.

ടൂറിസ്റ്റ് വിസയില്‍ സൗദിയില്‍ എത്തിയവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനുള്ള പെര്‍മിറ്റ് നല്‍കില്ലെന്നു സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. വിസിറ്റ് വിസയിലോ ടൂറിസ്റ്റ് വിസയിലോ ഉള്ളവര്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കരുത്. ഹജ്ജ് സീസണില്‍ ഉംറ നിര്‍വഹിക്കുന്നതിനും ഇവര്‍ക്ക് അനുമതി നല്‍കില്ല. ടൂറിസ്റ്റ് വിസയിലും വിസിറ്റ് വിസയിലും സൗദിയിലേക്ക് വരുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പഠിക്കുകയും പാലിക്കുകയും വേണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
അനധികൃത തീര്‍ഥാടകരെ തടയുന്നതിന് മക്കയിലേക്കുള്ള വഴികളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ഹജ്ജ് സുരക്ഷാ വിഭാഗം അറിയിച്ചു. അനുമതിയില്ലാതെ ഹജ്ജിന് ശ്രമിച്ചാല്‍ പതിനായിരം റിയാലാണ് പിഴ ചുമത്തുക. പിടിക്കപ്പെടുന്ന വിദേശികളെ നാടുകടത്തുകയും ചെയ്യും.
വ്യാജ ഹജ്ജ് സര്‍വീസ് നടത്തിയ 63 ഏജന്‍സികളെ ഇതിനകം പിടികൂടിയതായി സുരക്ഷാ വിഭാഗം മേധാവി മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 288 പേരാണ് ഈ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. അനധികൃതമായി ഹജ്ജിന് ശ്രമിച്ച താമസ നിയമലംഘകരായ 2,062 പേരെ പൊലീസ് കണ്ടെത്തി. മതിയായ രേഖകള്‍ ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 99,800 വിദേശികളെ പ്രവേശന കവാടങ്ങളില്‍ വെച്ചു തിരിച്ചയച്ചു. രേഖകള്‍ ഇല്ലാത്തവര്‍ക്ക് യാത്രാ സഹായം ചെയ്ത 69,700 വാഹനങ്ങള്‍ തിരിച്ചയച്ചു.

