

കൊച്ചി: കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും വെള്ളിയാഴ്ചയും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസുകള്‍ കേരളത്തില്‍ രണ്ട് വിമാനത്താവളങ്ങളില്‍ മുടങ്ങി.

കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്നുളള സര്‍വീസുകളാണ് മുടങ്ങിയത്.

കണ്ണൂരില്‍ പുലര്‍ച്ചെ മുതലുള്ള അഞ്ച് സര്‍വീസുകള്‍ റദ്ദാക്കി. ഷാര്‍ജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. സര്‍വ്വീസ് റദ്ദാക്കിയവയില്‍ നെടുമ്പാശ്ശേരിയില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളും ഉള്‍പ്പെടുന്നു. രാവിലെ 8.35ന് പുറപ്പെടേണ്ട ദമാം, 8.50ന് പുറപ്പെടേണ്ട മസ്‌കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്.
എന്നാല്‍ കരിപ്പൂരിലും തിരുവനന്തപുരത്തും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് സര്‍വീസുകള്‍ പുന:രാരംഭിച്ചു. കരിപ്പൂരില്‍ നിന്നുളള ദമാം, മസ്‌കത്ത് സര്‍വീസുകള്‍ പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 നുള്ള അബുദാബി വിമാനവും സര്‍വീസ് നടത്തി.
എയര്‍ ഇന്ത്യ എക്സ്പ്രസിലെ സമരം പ്രവാസികള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
മുന്‍കൂര്‍ അനുമതിയില്ലാതെ നിരവധി ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചതിന് തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി മുതല്‍ നിരവധി ഏയര്‍ ഇന്ത്യാ എക്സ്പ്രസ് ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയിരുന്നു. കൂട്ട അവധിയില്‍ പോയ 30 ക്യാബിന്‍ ക്രൂ അംഗങ്ങളുടെ സേവനം അവസാനിപ്പിക്കുന്നതായി എയര്‍ലൈന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ നീക്കം.

