

ദോഹ: ഖത്തര്‍ പൗരന്മാര്ക്കും പ്രവാസികള്‍ക്കുമായി ഹജ്ജ് സീസണ് 2025ന്റെ രജിസ്ട്രേഷന് സെപ്റ്റംബര്‍ 22 ഞായറാഴ്ച ആരംഭിക്കുമെന്നും ഒക്ടോബര്‍ 22 വരെ തുടരുമെന്നും ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന്റെ വെബ്സൈറ്റ് (hajj.gov.qa) വഴിയാണ് രജിസ്ട്രേഷന് നടത്തുകയെന്ന് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വകുപ്പ് ഡയറക്ടര്‍ അലി ബിന്‍ സുല്‍ത്താന്‍ അല്‍ മിസിഫ്രി പറഞ്ഞു.

ഹജ്ജ് രജിസ്ട്രേഷന് ഘട്ടം പൂര്‍ത്തിയായ ഉടന്‍ ഇലക്ട്രോണിക് റാഫിള്‍ ആരംഭിക്കുമെന്നും നവംബര്‍ മാസത്തില്‍ അപേക്ഷകര്‍ക്ക് അംഗീകാരങ്ങള്‍ അയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറിലെ തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനായി ഹജ്ജ് ഓപ്പറേറ്റര്‍മാര്‍ക്ക് അവരുടെ എല്ലാ കരാറുകളും നേരത്തെ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന് ഈ വര്‍ഷം ആദ്യം ആരംഭിച്ചതായി അല്‍ മിസിഫ്രി പറഞ്ഞു.
2025 സീസണിലെ ഖത്തറിന്റെ ഹജ് ക്വാട്ട 4,400 തീര്‍ഥാടകരാണ്. ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ പ്രായം 18 വയസ്സില്‍ കുറയാന്‍ പാടില്ല എന്നതാണ് ഖത്തരി തീര്‍ഥാടകരുടെ നിബന്ധന. മൂന്ന് സഹയാത്രികരെ അവരോടൊപ്പം രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമുണ്ട്.
ഹജ്ജിന് അപേക്ഷിക്കാന്‍ ഗള്‍ഫ് പൗരന്മാര്ക്കും പ്രവാസികള്‍ക്കും കുറഞ്ഞത് 45 വയസ്സ് പ്രായമുണ്ടായിരിക്കണമെന്നും അവരുടെ രാജ്യത്ത് താമസിക്കുന്ന കാലയളവ് 15 വര്‍ഷത്തില്‍ കുറവായിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് പൗരന്മാര്ക്കും പ്രവാസികള്‍ക്കും ഒരു അപേക്ഷയില്‍ ഒരു കൂട്ടുകാരനെ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമുള്ളൂ.
രജിസ്ട്രേഷന് പ്രക്രിയയെക്കുറിച്ച് വിശദീകരിക്കുന്ന ചിത്രീകരണ വീഡിയോ മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്യുമെന്ന് ഹജ്ജ്, ഉംറ കാര്യ വകുപ്പ് ഡയറക്ടര്‍ പറഞ്ഞു.

