
ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ അഭയാര്‍ഥികള്‍ ആലപിച്ച ദേശീയ ഗാനം ഏറെ ശ്രദ്ധേയമാവുന്നു. ഗ്രാമി പുരസ്‌ക്കാര ജേതാവ് റിക്കി കെജുമായി ചേര്‍ന്നാണ് ഇന്ത്യ അഭയം നല്‍കിയ 12 പേര്‍ ചേര്‍ന്ന് ദേശീയഗാനം ആലപിച്ചത്. ലോകശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യന്‍ ദേശീയ ഗാനാലാപനം മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയുമാണ്.

ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, കാമറൂണ്‍ എന്നിവടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളാണ് തങ്ങളുടെ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചത്. തങ്ങളുടെ മാതൃരാജ്യത്തെ തങ്ങളോടൊപ്പം ചേര്‍ത്തു നിര്‍ത്തി ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

യു എന്‍ അഭയാര്‍ഥി ഏജന്‍സിയായ യു എന്‍ എച്ച് സി ആറിന് വേണ്ടി യുനൈറ്റഡ് നേഷന്‍സ് ഇന്ത്യ തയ്യാറാക്കിയ ദേശീയ ഗാന വീഡിയോ നോയിഡയിലെ ഗ്ലോബല്‍ മ്യൂസിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പാടി ചിത്രീകരിച്ചത്.

ലവ് ഫോര്‍ ഇന്ത്യ ഈസ് പോറിംഗ് ഫ്രം അറൗണ്ട് ദി വേള്‍ഡ് എന്ന വിശേഷണത്തോടെയാണ് വീഡിയോ ഇന്ത്യന്‍ സംസ്‌കാരിക മന്ത്രാലയം ടിറ്റ്വറില്‍ പങ്കുവെച്ചത്.
ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ വീക്ഷിച്ചത്. അഫ്ഗാന്‍ അഭയാര്‍ഥി ആഖിലയുടെ അക്ഷരസ്ഫുടത ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.
അഭയാര്‍ഥി സംരക്ഷണം ഇന്ത്യന്‍ സംസ്‌കാരത്തില്‍ അന്തര്‍ലീനമാണ്. ഈ വിഷയത്തില്‍ ഏറെക്കാലത്തെ പാരമ്പര്യമുള്ള നമ്മുടെ രാജ്യത്ത് യു എന്‍ എച്ച് സി ആറിന്റെ മെയ് 31 വരെയുള്ള കണക്കനുസരിച്ച് 48,452 പേരാണ് അഭയാര്‍ഥികളായി ഉള്ളത്.

