

അല്‍ റയ്യാന്‍: അവസരങ്ങള്‍ നിരവധി ലഭിച്ചിട്ടും ഒറ്റ ഗോളിന് ഫലം നിര്‍ണയിച്ച് ബെല്‍ജിയം- കാനഡ മത്സരം. 43-ാം മിനുട്ടില്‍ ബെല്‍ജിയത്തിന്റെ മിച്ചി ബത്ഷ്വാ നേടിയ ലക്ഷ്യത്തെ മറികടക്കാന്‍ കാനഡയ്ക്കായില്ല.

കളി തുടങ്ങി പത്താം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിക്കാന്‍ കഴിയാതിരുന്ന കാനഡ അതിന് വലിയ വിലയാണ് നല്‍കേണ്ടി വന്നത്. ബെല്‍ജിയത്തിന്റെ കരാസ്‌കോ ബോക്‌സിനകത്ത് ഹാന്റായത് റഫറി കാനഡയ്ക്ക് അനുകൂലമായി വിധിച്ചെങ്കിലും സ്‌ട്രൈക്കര്‍ അല്‍ഫോന്‍സോ ഡേവിസെടുത്ത ഷോട്ട് ബെല്‍ജിയം ഗോളി ടിബോ കോര്‍ത്വ തട്ടിയകറ്റി മുന്നേറ്റം തടയുകയായിരുന്നു.

1986ന് ശേഷം ആദ്യമായാണ് കാനഡ ലോകകപ്പ് മത്സരത്തിനിറങ്ങുന്നതെങ്കിലും ഇടക്കിടെ ബെല്‍ജിയത്തെ വിറപ്പിക്കാന്‍ കാനഡയ്ക്ക് സാധിച്ചു. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ഇരു ടീമുകളും ആക്രമണ പ്രത്യാക്രമണങ്ങളാണ് നടത്തിയത്
ഇന്നുച്ചയ്ക്ക് ഒരു മണിക്ക് അല്‍ വക്‌റ അല്‍ ജനൂബ് സ്‌റ്റേഡിയത്തില്‍ സ്വിറ്റ്‌സര്‍ലാന്റ് കാമറൂണിനേയും നാല് മണിക്ക് എജ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ യുറുഗ്വേ കൊറിയയേയും വൈകിട്ട് ഏഴ് മണിക്ക് സ്‌റ്റേഡിയം 974ല്‍ പോര്‍ച്ചുഗല്‍ ഘാനയേയും രാത്രി 10 മണിക്ക് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ബ്രസീല്‍ സെര്‍ബിയയേയും നേരിടും.

