
മനാമ: റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ബഹറൈനിലേക്ക് പ്രവേശനമില്ല. യു എ ഇ താത്ക്കാലികമായി പ്രവേശനം അനുവദിച്ചതോടെ ബഹറൈനും നയം മാറ്റുമെന്ന് കരുതിയെങ്കിലും അക്കാര്യം തത്ക്കാലത്തേക്ക് ഉണ്ടാവില്ല.
ഇന്ത്യയ്ക്കു പുറമേ ഉക്രൈന്‍, ജോര്‍ജിയ, മലാവി തുടങ്ങിയ 25 രാജ്യങ്ങളാണ് ബഹറൈന്റെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വാക്‌സിനെടുത്തവര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള ആര്‍ക്കും ബഹറൈനിലേക്ക് പ്രവേശനമില്ല. സ്വദേശികളും ബഹറൈനില്‍ സ്ഥിരതാമസ വിസയുള്ളവരും ഒഴികെ റെഡ്‌ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇത്തരം രാജ്യങ്ങളില്‍ 14 ദിവത്തിനുള്ളില്‍ ട്രാന്‍സിറ്റ് ചെയ്തവര്‍ക്കും ബഹറൈനിലേക്ക് പ്രവേശിക്കാനാവില്ല.
യാത്രാനുമതിയുള്ളവര്‍ യാത്രയ്ക്ക് മുന്‍പുള്ള 48 മണിക്കൂറില്‍ പി സി ആര്‍ പരിശോധന നടത്തി ക്യു ആര്‍ കോഡുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതുകയും ബഹ്‌റൈനില്‍ എത്തിയാല്‍ ഉടനെയും 10 ദിവസത്തിന് ശേഷവും പി സി ആര്‍ പരിശോധന നടത്തുകയും വേണം.
ഈ പരിശോധനകള്‍ക്കുള്ള നിശ്ചിത ഫീസ് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ പണമായോ ‘BeAware Bahrain’ ആപ്പ് വഴി ഓണ്‍ലൈനായോ മുന്‍കൂര്‍ അടയ്ക്കണം. ബഹ്‌റൈനില്‍ സ്ഥിരം മേല്‍വിലാസം ഇല്ലാത്തവര്‍ക്ക് നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ ലൈസന്‍സുള്ള ക്വാറന്റൈന്‍ സെന്ററുകള്‍ ലഭ്യമാക്കും. ബഹ്‌റൈനില്‍ സ്വന്തം പേരിലോ അടുത്ത ബന്ധുക്കളുടെ പേരിലോ സ്ഥിരം വിലാസമുണ്ടെങ്കില്‍ അവിടെയാണ് ക്വാറന്റൈന് അനുവദിക്കുക.
ഇന്ത്യയില്‍ വാക്‌സിനെടുത്ത യു എ ഇയില്‍ താമസ വിസയുള്ള ഇന്ത്യക്കാര്‍ക്ക് തത്ക്കാലത്തേക്ക് യു എ ഇയിലും പ്രവേശനം അനുവദിച്ചിട്ടില്ല. ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്ക് യു എ ഇയില്‍ പ്രവേശിക്കാമെന്ന പ്രതീക്ഷയാണ് തത്ക്കാലത്തേക്ക് അസ്ഥാനത്തായത്. നിലവില്‍ യു എ ഇയില്‍ വാക്‌സിനെടുത്ത താമസ വിസയുള്ളവര്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശനമെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. യു എ ഇയില്‍ മടങ്ങിപ്പോകാനായി ഇന്ത്യയില്‍ കോവിഷീല്‍ഡ് സ്വീകരിച്ചവരുടെ നിരവധി സംശയങ്ങളെ തുടര്‍ന്നാണ് വിമാനക്കമ്പനികള്‍ ഇക്കാര്യം അറിയിച്ചത്.
നിലവില്‍ യു എ ഇയില്‍ വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് തിരികെ പ്രവേശിക്കാന്‍ അനുമതിയുള്ളതെങ്കിലും ഏതു നിമിഷവും തീരുമാനം മാറ്റിയേക്കാമെന്നും ഇന്ത്യയില്‍ നിന്നും വാക്‌സിനെടുത്തവര്‍ക്കും മടങ്ങി വരാനുള്ള അവസരം ഒരുങ്ങിയേക്കാമെന്നുമുള്ള പ്രതീക്ഷയും വിമാനക്കമ്പനികള്‍ പങ്കുവെക്കുന്നുണ്ട്.

