വെങ്കട്ട് ശ്രീറാമിന്റേയും വഫ ഫിറോസിന്റേയും ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനുനേരെ അഭിഭാഷക അക്രമം

Web Desk
2 Min Read

തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാകാനെത്തിയ ശ്രീരാം വെങ്കിട്ടരാമന്റേയും വഫ ഫിറോസിന്റേയും ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാന്‍ ഒരുകൂട്ടം അഭിഭാഷകരുടെ ശ്രമം. സിറാജ് സീനിയര്‍ ഫോട്ടോഗ്രാഫര്‍ ടി ശിവജികുമാറിനു നേരെയാണ് ഇരുപത്തിയഞ്ചോളം വരുന്ന അഭിഭാഷ സംഘം ആക്രമിച്ചത്. സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്നു കൊല്ലപ്പെട്ട കെ എം ബഷീര്‍.

city exchange
വഞ്ചിയൂര്‍ കോടതിയില്‍ സംഘര്‍ഷമുണ്ടാക്കുന്ന അഭിഭാഷകരെ പൊലീസ് മാറ്റുന്നു


ശിവജിയുടെ അക്രഡിറ്റേഷന്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പിടിച്ചെടുത്ത അഭിഭാഷകര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റും ചെയ്തു. പോലീസ് ഇടപെട്ടാണ് ശിവജിയെ രക്ഷപ്പെടുത്തിയത്.


പ്രതികള്‍ കോടതിയില്‍ ഹാജരായ ശേഷം കോടതിവളപ്പില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ശിവജികുമാര്‍ ഫോട്ടോ എടുത്തത്. ആദ്യം പുറത്തിറങ്ങിയ ശ്രീറാമിന്റെ പടം പകര്‍ത്തിയ ശേഷം പിന്നാലെ വന്ന വഫ ഫിറോസിന്റെ ഫോട്ടോ പകര്‍ത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പോലീസുകാരന്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വഫ ഫിറോസിന്റെ അഭിഭാഷകന്റെ നേതൃത്വത്തില്‍ അഭിഭാഷകരുടെ വലിയ സംഘം എത്തി ശിവജിയെ കൈയേറ്റം ചെയ്യുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും കൈയേറ്റ ശ്രമമുണ്ടായി. ഇതോടെ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി മാധ്യമ പ്രവര്‍ത്തകര്‍ പരാതി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അഭിഭാഷക സംഘം അവിടെ എത്തിയും പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് ടി വി ചാനലുകള്‍ തത്സമയ സംപ്രേഷണം ചെയ്തപ്പോള്‍ അത് തടസ്സപ്പെടുത്താനും ശ്രമമുണ്ടായി. സംഭവം ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.

- Advertisement -
Ad image


മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന ആക്രമണം സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയ്യേറ്റമാണെന്ന് സിറാജ് തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ സൈഫുദ്ദീന്‍ ഹാജി പ്രതികരിച്ചു. വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിയുമായി മുന്നോട്ടുപോകുമെന്നും ഒത്തുതീര്‍പ്പിനില്ലെന്നും ടി ശിവജികുമാര്‍ അറിയിച്ചു.
വഞ്ചിയൂര്‍ കോടതിയില്‍ നേരത്തേയും നിരവധി തവണ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റമുണ്ടായിരുന്നു. കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ അക്രമത്തിന് മുതിരുന്നത് പതിവാകുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!