ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് ബ്രഹ്മപുരത്ത് നടക്കുന്നതെന്ന് വി ഡി സതീശന്‍

Web Desk
5 Min Read

കൊച്ചി: അന്തസ്സോടെ ജീവിക്കാനുള്ള ജനങ്ങളുടെ ഭരണഘടനാ അവകാശമായ ആര്‍ട്ടിക്കിള്‍ 21ന്റെ നഗ്നമായ ലംഘനമാണ് ബ്രഹ്മപുരത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ബ്രഹ്മപുരത്തെ തീ പിടുത്തത്തിനെതിരെ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ‘ജനപക്ഷ സംവാദം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

ദുരന്തമുഖത്ത് നാടിനെ ബാധിച്ച നാഥനില്ലായ്മ ഭയാനകമാണ്. മാലിന്യ മാഫിയക്ക് വഴങ്ങിയ സര്‍ക്കാരാണ് അതിനുത്തരവാദി. ആരോട് ചോദിക്കണം എന്ത് ചെയ്യണമെന്നുമൊക്കെ അറിയാതെ ജനം പൊറുതിമുട്ടിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ട മന്ത്രി പോലും ദുരന്തസ്ഥലത്ത് നേരിട്ടെത്തിയത് ഒന്‍പതാം ദിവസമാണ്. രണ്ടു പ്രളയങ്ങളെയും ഓഖി ദുരന്തവും കൊറോണയുമൊക്കെ അഭിമുഖീകരിച്ചിട്ടും ക്രൈസിസ് മാനേജ്‌മെന്റില്‍ സര്‍ക്കാരിന് യാതൊരു അറിവുമില്ലെന്നത് ഈ പ്രതിസന്ധിയില്‍ ഏറെ ദു:ഖിപ്പിക്കുന്നതാണ്. പതിനൊന്നു ദിവസമായിട്ടും ആസൂത്രിത തീപ്പിടുത്തത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണം പോലും പൂര്‍ത്തിയായിട്ടില്ല. ബ്രഹ്മപുരത്തു തീപിടുത്തമുണ്ടായി ഇത്രയും ദിവസമായിട്ടും ക്രിയാത്മകമായ പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിയാത്തത് വിസ്മയകരമാണ്. ഈ വിഷപ്പുകയും രാസമാലിന്യങ്ങളും സൃഷ്ടിക്കുന്ന ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കേണ്ടതുണ്ട്.

- Advertisement -
Ad image

കോവിഡാനന്തര മരണങ്ങളെക്കുറിച്ചൊരു പഠനം പോലും കൃത്യമായി കേരളത്തില്‍ നടന്നിട്ടില്ല. കഴിഞ്ഞ പതിനൊന്നു ദിവസമായി നഗരത്തില്‍ നിറയുന്ന മാലിന്യം നീക്കം ചെയ്യാതിരുന്നത് മൂലം ഗുരുതര സാംക്രമിക രോഗ വ്യാപന സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങള്‍, ചൊറിച്ചില്‍, വന്ധ്യത തുടങ്ങി നിരവധി രോഗങ്ങള്‍ക്കും ഈ വിഷപ്പുക കാരണമാകുമെന്നും ഇക്കാര്യത്തില്‍ കൃത്യമായ പഠനങ്ങളോ ടെസ്റ്റുകളോ നടത്തിയിട്ടില്ലെന്നും ഐ എം എ പ്രസിഡന്റ് ശ്രീനിവാസ കമ്മത്ത് പറഞ്ഞു. ഇത്തരം പ്രയാസങ്ങള്‍ ഭാവിയില്‍ വരാതിരിക്കാനുള്ള മാര്‍ഗ്ഗവും പ്രതിരോധിക്കാനുള്ള വഴികളും തേടണമെന്നും അദ്ദേഹം പറഞ്ഞു.

പ്ലാസ്റ്റിക് ജൈവ മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഡയോക്‌സിന്‍ പോലുള്ളവ രക്തത്തില്‍ കയറിയാല്‍ ആറ്റം ബോംബിട്ട പോലെ ശരീരത്തെ ശിഥിലീകരിക്കുമെന്നും ആസ്മ അതിന്റെ കുറഞ്ഞ രൂപമാണെന്നും ഗുരുതര സാഹചര്യങ്ങള്‍ ഭയാനകമാകും മുന്നേ അനിവാര്യമാണെങ്കില്‍ മാറിത്താമസിക്കാനുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി നല്‍കണമെന്നും ഡോ. സി എന്‍ മനോജ് അഭിപ്രായപ്പെട്ടു. വിഷമാലിന്യങ്ങള്‍ വായുവില്‍ നിന്ന് കെമിക്കലി 100 ശതമാനം ഇല്ലാതാക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ശക്തമായ തീരുമാനങ്ങള്‍ എടുത്തു നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൂറുകണക്കിന് ടണ്‍ മാലിന്യം പ്രതിദിനം ഉത്പാദിപ്പിക്കുന്ന എറണാകുളം നഗരത്തില്‍ കൃത്യമായ പഠനങ്ങളും നടപടികളുമില്ലെന്ന് ഡോ. എസ് എസ് ലാല്‍ പറഞ്ഞു. ഭരണ പരാജയമെന്ന് പറയുന്നത് ഇവിടെയാണ്. അധികാരം മന്ത്രിമാരുടെ ഒറ്റയാള്‍ ഷോ ആക്കി മാറ്റുകയാണ്. തീ പിടിച്ചതിന്റെ മൂന്നാം ദിവസം ഇവിടെ യാതൊരു പ്രശ്‌നവുമില്ലെന്ന് ആരോഗ്യ മന്ത്രി പറയുകയാണ്. എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്. മുന്‍കാല പ്രാബല്യത്തോടെ കോവിഡുകാര്‍ മരിച്ചു കൊണ്ടിരിക്കുകയാണ് കേരളത്തില്‍. ഏറ്റവും മുന്നിലാണ് കേരളമെന്ന് അവകാശപ്പെടുമ്പോഴുള്ള അവസ്ഥ ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരന്തസമയത്ത് സര്‍ക്കാര്‍ ചെയ്യേണ്ട കടമയാണ് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസും ഈ സംവാദ സദസ്സിലൂടെ ചെയ്യുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി. ആര്‍. നീലകണ്ഠന്‍ പറഞ്ഞു. കേരളത്തിലെ കാലാവസ്ഥ, ജനസംഖ്യാനുപാതം, ഭൂമിയുടെ അവസ്ഥ, അങ്ങനെ എല്ലാം കൊണ്ടും ഇവിടെ വിജയമാകാനിടയില്ലാത്ത പദ്ധതികള്‍ തന്നെയാണ് ഏറ്റവും വലിയ ബാധ്യത. ബ്രഹ്മപുരത്തു കൂമിഞ്ഞു കൂടുന്ന മാലിന്യങ്ങളില്‍ നിന്ന് മഴവെള്ളം ഉള്‍പ്പടെ ഒലിച്ചിറങ്ങി കടമ്പ്രയാറിലേക്ക് ഒഴുകുന്നു. നിലവിലുള്ള ഒരു നിയമവും കൃത്യമായി പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഒരു പ്ലാന്റ് സര്‍ക്കാര്‍ സ്ഥാപനം തന്നെ കൈകാര്യം ചെയ്യുന്നു എന്നത് ദുരുദ്ദേശപരമാണ്. പ്ലാന്റില്‍ പലയിടത്തും ഒരുമിച്ചു തീ പിടിക്കുന്നത് യാദൃശ്ചികമല്ല, ആസൂത്രിതമാണ്. അഴിമതിയാണ് ലക്ഷ്യം. ചുറ്റുമുള്ള ജല സ്രോതസ്സുകളിലും അത് ജൈവ വ്യവസ്ഥയില്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളേയും കുറിച്ച് പഠിക്കണം. പ്രദേശത്തെ മണ്ണും ടെസ്റ്റ് ചെയ്യണം. പുരയിടത്തില്‍ പ്ലാസ്റ്റിക് കത്തിക്കരുതെന്നു പറയുന്നവര്‍ നഗ്‌നമായ നിയമലംഘനം നടത്തിയിട്ടും യാതൊരു നടപടിയുമില്ലായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വായു മലിനികരണം മൂലം ഒരുവര്‍ഷം 70 ലക്ഷം മനുഷ്യരുടെ അകാലമരണം സംഭവിക്കുന്നുണ്ടെന്നു സംവാദത്തില്‍ പങ്കെടുത്ത ഡോ. നീതു തമ്പി പറഞ്ഞു. ബ്രഹ്മപുരത്തെ ദുരന്ത വ്യാപ്തി വലുതാണ്. വായുവിലൂടെ പെട്ടന്ന് വ്യാപിക്കുന്നു. കണ്ണ്, മൂക്ക്, തൊണ്ട പ്രശ്‌നങ്ങള്‍ മാത്രമല്ല നിലവില്‍ ശ്വാസകോശ, ഹൃദയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഗുരുതരാവസ്ഥ സൃഷ്ടിക്കും. കൂടാതെ ഇതിന്റെ ദീര്‍ഘകാല പ്രശ്‌നസാധ്യതയും പഠന വിധേയമാക്കണം. ചെറിയ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഗുരുതര പ്രതിസന്ധി ഉണ്ടാക്കുന്നതില്‍ കുട്ടികള്‍ക്കാകും കൂടുതലും ബാധിക്കുക. പ്രദേശത്തു നിന്ന് മാറി നില്‍ക്കുക, മാസ്‌ക്, ഫില്‍റ്റര്‍, എ സി തുടങ്ങിയവ ഉപയോഗിക്കുക എന്നതൊക്കെയാണ് താത്ക്കാലിക പരിഹാരമെന്നും അവര്‍ സൂചിപ്പിച്ചു.

പരിസ്ഥിതിയെക്കുറിച്ച് പറയുന്നവരെല്ലാം വികസന വിരോധികള്‍ ആണെന്നുള്ള ധാരണ തെറ്റാണെന്നും മാലിന്യ പ്രശ്‌നങ്ങള്‍ മൂലം ഇന്‍സ്റ്റാള്‍മെന്റായി മരണം കിട്ടിക്കൊണ്ടിരിക്കുന്ന നഗര നിവാസികള്‍ക്ക് ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യ തീയിടല്‍ മൂലം മരണം പെര്‍മനെന്റ് ആക്കിക്കൊടുക്കുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥ കാരണമാകുമെന്ന് പരിപാടിയില്‍ പങ്കെടുത്ത പ്രൊഫ. അരവിന്ദാക്ഷന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് തന്റെ അധികാരം ഉപയോഗിച്ച് ഇടപെട്ട് ഇതൊരു ദുരന്തമായി പ്രഖ്യാപിക്കണമെന്നും ഈ ദുരന്തത്തിന്റെ പഠനഫലങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗ പ്രദമാകത്തക്കവിധം ലഭ്യമാക്കണമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. ജയരാമന്‍ പറഞ്ഞു. ഡാറ്റാ ഫില്‍റ്റര്‍ ചെയ്യാതെ അപ്ലോഡ് ചെയ്താല്‍ വിശ്വാസ്യത സംശയിക്കാതെ അതിനെ ആശ്രയിക്കാന്‍ കഴിയും. ജനപ്രതിനിധികള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ കൃത്യമായ ധാരണ ഉണ്ടായില്ലെങ്കില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ വികസന വിരോധികളായി മുദ്രകുത്തപ്പെടും. അധികാരത്തില്‍ എത്തുമ്പോള്‍ അഭിപ്രായം മാറ്റിപ്പറയുന്നവരാകരുത് ഭരണകര്‍ത്താക്കള്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരേ സമയം വികേന്ദ്രീകൃത മാലിന്യ സംസ്‌കാരണവും കേന്ദ്രീകൃത രീതിയുമാണ് നഗരത്തിനാവശ്യമെന്നും എത്ര വിദേശയാത്രകള്‍ നടത്തിയിട്ടും പഠനങ്ങള്‍ നടത്തിയിട്ടും ഈ ഭരണാധികാരികള്‍ക്കെന്താ ക്രിയാത്മകമായി ഒന്നും നിര്‍ദേശിക്കാനില്ലാത്തതെന്ന് റെസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് രംഗദാസ പ്രഭു ചോദിച്ചു. നഗര നവീകരണത്തിലെ അഴിമതി അവസാനിക്കാതെ ഒരു പദ്ധതിയും ഫലപ്രദമാകില്ലെന്നും സംവിധാനങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല ഇടനിലക്കാരുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങുന്ന ഉദ്യോഗസ്ഥ ഭരണനേതൃത്വമാണ് പ്രശ്‌നമെന്നും പരിപാടിയില്‍ സംസാരിച്ച ഡോ. ജുനൈദ് റഹ്മാന്‍ പറഞ്ഞു. ഇച്ഛാശക്തിയുള്ളവര്‍ക്കേ ഇത്തരം മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളെ തടയാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ഐ എം എ പ്രസിഡന്റ് ഡോ. ശ്രീനിവാസ കമ്മത്ത്, ഡോ. എസ് എസ് ലാല്‍, ഡോ. ജുനൈദ് റഹ്മാന്‍, ഡോ. നീതു തമ്പി, പ്രൊഫ. അരവിന്ദാക്ഷന്‍, ഡോ. സി എന്‍ മനോജ്, രംഗദാസപ്രഭു, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍,
പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. ജയരാമന്‍, എം എല്‍ എമാരായ കെ ബാബു, ടി ജെ വിനോദ്, ഉമാ തോമസ്, അന്‍വര്‍ സാദത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കെ പി സി സി വൈസ് പ്രസിഡന്റ് വി ജെ പൗലോസ്, ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, യു ഡി എഫ് ചെയര്‍മാന്‍ ഡോമാനിക് പ്രസന്റേഷന്‍, നേതാക്കളായ എന്‍ വേണുഗോപാല്‍, ശ്രീനിവാസന്‍ കൃഷ്ണന്‍, അജയ് തറയില്‍, ഐ കെ രാജു, ടോണി ചമ്മിണി, കെ ആര്‍ പ്രദീപ്കുമാര്‍, ജോസഫ് ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!