

ദോഹ: കഴിഞ്ഞ ഒരു മാസത്തിനിടെ ദോഹ ബസ് കമ്പനി ടൂറുകളുടെയും യാത്രക്കാരുടെയും എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. ഇത് കമ്പനിക്ക് വരാനിരിക്കുന്ന ഒരു വര്‍ഷം മികവ് ഉറപ്പുനല്‍കുന്നുവെന്ന് ദോഹ ബസ് കമ്പനി ജനറല്‍ മാനേജര്‍ താരീഖ് അമോറ പറഞ്ഞു.

പ്രവര്‍ത്തന തലത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞ അത്ഭുതകരമായ മാസമാണിതെന്ന് പറയാന്‍ തനിക്ക് സന്തോഷമുണ്ടെന്നും പ്രതീക്ഷിച്ചതിനേക്കാള്‍ വലുതും കൂടുതലുമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അടുത്തിടെ കമ്പനി ഏറ്റെടുത്ത സീലൈനിലെ അല്‍ മജ്ലിസ് റിസോര്‍ട്ട് ലോകകപ്പിനിടെ അയ്യായിരത്തിലധികം പേര്‍ക്കാണ് ആതിഥേയത്വം വഹിച്ചത്. കടല്‍ത്തീരത്ത് ചെലവഴിച്ചും ഒട്ടക സവാരി നടത്തിയും അറേബ്യന്‍ ഓറിക്സിനെ കണ്ടും അതോടൊപ്പം അറബിക് ഭക്ഷണവും രുചിച്ചാണ് സഞ്ചാരികള്‍ മടങ്ങിയതെന്ന് താരീഖ് പറഞ്ഞു. അതോടൊപ്പം നിരവധി സാംസ്കാരികവും നാടോടിത്തനിമയും ചേര്‍ന്ന പരിപാടികളും അവതരിപ്പിച്ചു.
ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ടൂറുകളുടെ എണ്ണം സാധാരണയേക്കാള്‍ മൂന്നോ നാലോ ഇരട്ടിയാണ് വര്‍ധിച്ചത്. ദോഹ ബസ് കമ്പനി എന്ന നിലയില്‍ ഒരിക്കലും അപകടങ്ങളോ പ്രശ്നങ്ങളോ നേരിട്ടിട്ടില്ലെന്നും എല്ലാം സുഗമവും മികച്ചതുമായിരുന്നുവെന്നും താരീഖ് പറഞ്ഞു.
മെഗാ കായികമേള ആഗോള നിക്ഷേപക സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുമെന്നും സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളിലും അതിവേഗ വികസനത്തിന്റെ യുഗത്തിന്റെ തുടക്കമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, കാഴ്ചാ വിപണികള്‍ എന്നിവയെ പരിപാലിക്കുന്ന ഖത്തറിലെ പ്രമുഖ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്പനിയാണ് ദോഹ ബസ്.

