താലിബാനെ ഭയന്ന് അഫ്ഗാന്‍ ജനങ്ങള്‍ പലായനത്തില്‍

Web Desk
1 Min Read

കാബൂള്‍: താലിബാന്‍ ഭരണത്തെ ഭയക്കുന്ന അഫ്ഗാന്‍ ജനത രാജ്യം വിടാന്‍ തിരക്കു കൂട്ടുന്നു. വിമാനത്താവളത്തില്‍ വലിയ തിരക്കാണ് ഇതേ തുടര്‍ന്ന് അനുഭവപ്പെടുന്നത്. തിരക്കേറിയതോടെ അമേരിക്കന്‍ സൈന്യത്തിന് ആകാശത്തേക്ക് വെടിവെക്കേണ്ടി വന്നതായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തിരക്കിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി മാത്രമാണ് വെടിവെച്ചതെന്നും അമേരിക്ക പറയുന്നു.

city exchange


ആകാശത്തേക്കാണ് വെടിവെച്ചതെന്ന് പറയുന്നുണ്ടെങ്കിലും നിരവധി പേര്‍ക്ക് പരുക്കേറ്റെന്ന വിവരമാണ് ദൃക്‌സാക്ഷികള്‍ പങ്കുവെക്കുന്നത്. വെടിയേറ്റു കിടക്കുന്നവരുടെ ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.


കാബൂള്‍ കൂടി താലിബാന്റെ പിടിയിലായതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള ശ്രമമാണ് നാട്ടുകാര്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം മുതല്‍ നിരവധി പേര്‍ കാബൂള്‍ വിമാനത്താവളത്തിലെത്തുന്നുണ്ട്.

- Advertisement -
Ad image


അഫ്ഗാനിലെ വിമാനത്താവളങ്ങള്‍ താത്ക്കാലികമായി യു എസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഓരോ രാജ്യവും തങ്ങളുടെ പൗരന്മാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.


അഫ്ഗാന്‍ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവരെ തടയരുതെന്നും അവരെ സുരക്ഷിതമായി പോകാന്‍ അനുവദിക്കണമെന്നും 60 രാജ്യങ്ങള്‍ ചേര്‍ന്ന് പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ താലിബാനോട് ആവശ്യപ്പെട്ടിരുന്നു.


എന്നാല്‍ അഫ്ഗാനിലെ സര്‍ക്കാര്‍ പ്രതിനിധികളെയും മറ്റു പ്രമുഖരെയും മാത്രമാണ് അമേരിക്കന്‍ സൈന്യം പോകാന്‍ അനുവദിക്കുന്നതെന്നും സാധാരണക്കാരായ ജനങ്ങളെ തടയുകയാണെന്നുമാണ് അഫ്ഗാന്‍ പൗരന്മാര്‍ മാധ്യമങ്ങളോട് പറയുന്നു.
താലിബാന്‍ അധികാരത്തിലെത്തിയാല്‍ നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന ഭയമാണ് ജനങ്ങള്‍ക്കുള്ളത്. നേരത്തെ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ കര്‍ശനമായാണ് താലിബാന്‍ നിയമം നടപ്പാക്കിയിരുന്നത്.


താലിബാന്‍ അധികാരത്തിലെത്തുന്നതോടെ പെണ്‍കുട്ടികളും സ്ത്രീകളും കടുത്ത നിയന്ത്രണങ്ങള്‍ക്കും അടിച്ചമര്‍ത്തലിനും വിധേയമാകുമെന്ന് അഫ്ഗാനിലെ സാമൂഹ്യപ്രവര്‍ത്തകരെല്ലാം ചൂണ്ടിക്കാണിക്കുന്നുണ്ട്.


നേരത്തെ താലിബാന്‍ അഫ്ഗാനില്‍ അധികാരത്തിലിരുന്ന സമയത്ത് സ്‌കൂളില്‍ ഒരു പെണ്‍കുട്ടി പോലും പഠിച്ചിരുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷത്തിനകം സര്‍വകലാശാലകളില്‍ ഉള്‍പ്പെടെ പെണ്‍കുട്ടികളുടെ അനുപാതം 50 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതായി പ്രഖ്യാപിച്ച താലിബാന്‍ രാജ്യത്തിന്റെ പേര് ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാന്‍ എന്നാക്കിയിട്ടുണ്ട്.


സേനാബലം ഉപയോഗിച്ചും ആക്രമണങ്ങളിലൂടെയും അധികാരത്തിലെത്തുന്ന അഫ്ഗാന്‍ ഭരണത്തെ അംഗീകരിക്കില്ലെന്ന് ഇന്ത്യ, ജര്‍മനി, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!