

ദോഹ: പ്രവാസി ദോഹ ബഷീര്‍ പുരസ്‌ക്കാരം എഴുത്തുകാരന്‍ വൈശാഖന്. എം ടി വാസുദേവന്‍ നായര്‍ ചെയര്‍മാനായ പുരസ്‌ക്കാര ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ബാബു മേത്തര്‍, എം എ റഹ്മാന്‍, കെ കെ സുധാകരന്‍, ഷംസുദ്ദീന്‍, സി വി റപ്പായി, ദീപന്‍ എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങള്‍.

മനുഷ്യ ജീവിതത്തിലെ ബന്ധങ്ങളും ഏകാന്തതയില്‍ നിന്നുള്ള സര്‍ഗ്ഗാത്മകമായ പ്രവാസത്തിന്റെ മിടിപ്പുകളുമാണ് വൈശാഖന്റെ കഥകളെന്ന് പുരസ്‌ക്കാര ജൂറി വിലയിരുത്തി. കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും ആന്ധ്രയിലുമുള്ള മറുനാടന്‍ പ്രവാസമാണ് വൈശാഖനെ കഥാവഴികളിലെ വേറിട്ട പ്രവാസസ്വരം കേള്‍പ്പിച്ച എഴുത്തുകാരനാക്കിയത്.

സാഹിത്യത്തെ ജനകീയവത്ക്കരിക്കാന്‍ അദ്ദേഹം സ്റ്റേഷന്‍ മാസ്റ്റര്‍ ജോലിയില്‍ നിന്നും സ്വരൂപിച്ച ജീവിതാനുഭവങ്ങള്‍ നല്‍കിയ ഏകാന്തതയുടെ ആഖ്യാനങ്ങളാണ് കഥകളാക്കിയത്. ഏകാന്ത ജീവിതസ്ഥലികളെ കേന്ദ്രമാക്കി വൈശാഖന്‍ നൂറിലധികം ചെറുകഥകള്‍ എഴുത്തിയിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ പലതരം പ്രവാസം അനുഭവിച്ച എഴുത്തുകാരനായിരുന്നു വൈശാഖന്‍. റെയില്‍വേയുടെ ജോലിയുടെ പ്രവാസങ്ങളെ വൈശാഖന്‍ മറികടന്നത് ഏകാന്തത ജൈവികമായി നേരിടുന്ന കഥയെഴുത്തിന്റെ സര്‍ഗ്ഗാത്മകതയിലൂടെയായിരുന്നു.
പ്രവാസി ദോഹയുടെ 26-ാമത് പുരസ്‌ക്കാരമാണിത്. കോവിഡിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം നിര്‍ത്തിവെച്ചിരുന്നു. അരലക്ഷം രൂപയും ചിത്രകാരന്‍ നമ്പൂതിരി രൂപകല്‍പ്പന ചെയ്ത ശില്‍പവും പ്രശംസാ പത്രവുമാണ് പുരസ്‌ക്കാരം.
ഇതോടൊപ്പം പ്രവാസി ദോഹയുടെ രക്ഷാധികാരികളില്‍ ഒരാളായ പ്രൊഫ. എം എന്‍ വിജയന്റെ പേരിലുള്ള എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പ് അവാര്‍ഡായ 15000 രൂപ അവാര്‍ഡ് ജേതാവിന്റെ നാട്ടില്‍ നിന്നും അവാര്‍ഡ് ജേതാവ് തെരഞ്ഞെടുക്കുന്ന പഠിക്കാന്‍ മിടുക്കനായ വിദ്യാര്‍ഥിക്ക് സമ്മാനിക്കും. അവാര്‍ഡ്ദാന തിയ്യതി അവാര്‍ഡ് ജേതാവിന്റെ സൗകര്യത്തിന് അനുസരിച്ച് പിന്നീട് തീരുമാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
എം കെ ഗോപിനാഥന്‍ നായരാണ് വൈശാഖന്‍ എന്ന തൂലികാ നാമത്തില്‍ എഴുതുന്നത്. 1989ലെ കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ഉള്‍പ്പെടെ വിവിധ അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. എ വി കൃഷ്ണക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1940ലാണ് ജനനം. ഭാര്യ പരേതയായ പദ്മ. പ്രവീണ്‍, പ്രദീപ്, പൂര്‍ണിമ എന്നിവരാണ് മക്കള്‍.
എറണാകുളം മഹാരാജാസ് കോളജ്, സെന്റ് ആല്‍ബര്‍ട്‌സ് കോളജ്, മൂവാറ്റുപുഴ നിര്‍മല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1964 മുതല്‍ ദക്ഷിണ റെയില്‍വേയില്‍ സേവനമനുഷ്ഠിച്ചു. നാല് സംസ്ഥാനങ്ങളിലായി ജോലി ചെയ്ത അദ്ദേഹം 1984ല്‍ സ്വയം വിരമിച്ചു.
നൂല്‍പ്പാലം കടക്കുന്നവര്‍, അപ്പീല്‍ അന്യായഭാഗം, അതിരുകളില്ലാതെ, അകാലത്തില്‍ വസന്തം, നിശാശലഭം, ബൊമ്മിഡി്പുങ്ങിയിലെ കാലം, യമകം എന്നിവയാണ് കൃതികള്‍.
കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് പുറമേ ചെറുകാട് അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ്, കമലാ സുരയ്യ പുരസ്‌ക്കാരം എന്നിവയും കേരള സാഹിത്യ അക്കാദമി വിശിഷ്ടാഗത്വ ആദവും നേടിയിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമിയുടെ 21-ാമത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

