

ദോഹ: ഖത്തര്‍ ഇന്‍കാസിലെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കണമെന്നും ഗള്‍ഫ് രാജ്യങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഏകീകരണവും ഐക്യവും വേണമെന്നും കെ മുരളീധരന്‍ എം പി പറഞ്ഞു. ഖത്തര്‍ മലയാളി സമ്മേളനവുമായി ബന്ധപ്പെട്ട് ഖത്തറിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയോട് സംസാരിക്കുകയായിരുന്നു.

ഗള്‍ഫ് രാജ്യങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു മുമ്പോട്ടു കൊണ്ടുപോയാല്‍ മാത്രമേ ഇനിയുള്ള കാലത്ത് മുമ്പോട്ടു പോകാന്‍ സാധിക്കുകയുള്ളുവെന്നും കെ മുരളീധരന്‍ വിശദമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ വീണ്ടും മത്സരിക്കുമെന്ന സൂചനയുണ്ടല്ലോ എന്ന ചോദ്യത്തിന് പാര്‍ട്ടി പറഞ്ഞാല്‍ താന്‍ നില്‍ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാര്‍ട്ടിക്ക് എതിര്‍പ്പുണ്ടോ എന്ന ചോദ്യത്തിന് അത് പാര്‍ട്ടിയോട് ചോദിക്കേണ്ട ചോദ്യമാണെന്നും അദ്ദേഹം വിശദമാക്കി. പാര്‍ലമെന്റിലേക്ക് പോകാന്‍ പറഞ്ഞാല്‍ അവിടേക്കും നിയമസഭയിലേക്ക് മത്സരിക്കാന്‍ പറഞ്ഞാല്‍ അതിനും താന്‍ തയ്യാറാണെന്നും അദ്ദേഹം വിശദമാക്കി.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അത് നടത്തിയ ഏജന്‍സിയോടാണ് പരാതി പറയേണ്ടതെന്നും പാര്‍ട്ടിയോടല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് എക്കാലത്തും മികച്ച തെരഞ്ഞെടുപ്പ് തന്നെയാണെന്നാണ് തന്റെ അഭിപ്രായം. ചില പോരായ്മകളുണ്ടായേക്കാമെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എപ്പോഴുമുണ്ടാകാറുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇക്കാര്യത്തിലും വന്നിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ചിട്ടവട്ടങ്ങളോടെയുള്ള നല്ല തെരഞ്ഞെടുപ്പായിരുന്നു എന്നുതന്നെയാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ചില സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥികളെ കാണാനില്ലെന്ന പരാതിയുണ്ടെങ്കില്‍ അക്കാര്യം പാര്‍ട്ടിയാണ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
നവകേരള സദസ്സിന് കോടികള്‍ ചെലവഴിച്ചുള്ള ബസ്സിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്നത്. അത് ജനങ്ങളുടെ പണം ചെലവഴിച്ചാണ് ചെയ്തിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണ്. പെന്‍ഷന്‍ കൊടുക്കാതെയും മറ്റും ബുദ്ധിമുട്ടുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇങ്ങനെയൊരു യാത്ര നടത്തുന്നതെന്ന് തങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതില്ലാത്തിടത്തോളം അഴിമതിയും തട്ടിക്കൂട്ടു പരിപാടിയുമാണെന്ന് പറയാന്‍ യു ഡി എഫിന് അര്‍ഹതയുണ്ട്.
ചന്ദ്രിക ദിനപത്രത്തില്‍ നവകേരള സദസ്സിനെ അനുകൂലിച്ചെഴുതിയ എഡിറ്റോറിയല്‍ മുസ്‌ലിം ലീഗ് ഇടതുപക്ഷത്തേക്ക് ചായുകയാണെന്ന സൂചനയാണോ എന്ന ചോദ്യത്തിന് മറുപടി പറയാതിരുന്ന കെ മുരളീധരന്‍ എം പി ചോദ്യം ചിരിച്ചൊഴിവാക്കുകയായിരുന്നു. ലീഗ് യു ഡി എഫ് വിടുമോ എന്ന ചോദ്യത്തിനും മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പിണറായി ഭരണത്തിന്റെ ആയുസ്സ് കുറയുമെന്നും മുരളീധരന്‍ പ്രവചിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സി പി എമ്മിന് വോട്ടുകള്‍ വര്‍ധിച്ചാല്‍ ഉറപ്പായും ഇന്ത്യാ മുന്നണിയില്‍ നിന്ന് എല്‍ ഡി എഫ് മാറാനാണ് സാധ്യത. വോട്ട് കുറഞ്ഞാല്‍ മാത്രമേ അവര്‍ ഇന്ത്യാ മുന്നണിയോടൊപ്പം നില്‍ക്കുകയുള്ളു.
തെലങ്കാന തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ തനിക്ക് പ്രതീക്ഷകളുണ്ടെന്നും കെ മുരളീധരന്‍ എം പി പറഞ്ഞു. രാജസ്ഥാനിലും കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

