

ദോഹ: വിസാ നിയമം ലംഘിച്ച് ഖത്തറില്‍ താമസിക്കുന്ന പ്രവാസികളുടെ പദവി നിയമ വിധേയമാക്കാനുള്ള ഗ്രേസ് പിര്യേഡ് ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തെ മാര്‍ച്ച് 31 വരെയുണ്ടായിരുന്ന തിയ്യതിയാണ് ഏപ്രില്‍ 30 വരെ നീട്ടിയത്.

ഇക്കാലയളവില്‍ ലംഘനം തീര്‍പ്പാക്കുന്നതിനുള്ള തുകയില്‍ 50 ശതമാനം കുറവ് വരുത്തിയത് നിലനില്‍ക്കുന്നുണ്ട്. ബിസിനസ് ഉടമകളുടേയും പ്രവാസി തൊഴിലാളികളുടേയും താത്പര്യങ്ങള്‍ പരിഗണിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ഉദ്ദേശത്തിന്റെ ഭാഗമായാണിത്.

നിയമ ലംഘനം നടത്തിയ എല്ലാ പ്രവാസികളും തൊഴിലുടമകളും സെറ്റില്‍മെന്റ് അപേക്ഷ സെര്‍ച്ച് ആന്റ് ഫോളോ അപ്പ് വകുപ്പിന് സമര്‍പ്പിക്കണമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. ഒരു തൊഴിലുടമയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ തയ്യാറുള്ള നിയമലംഘകര്‍ സെര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്‌മെന്റിലോ സേവന കേന്ദ്രങ്ങളിലോ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ഉംസലാല്‍, അല്‍ റയ്യാന്‍, മിസൈമീര്‍, അല്‍ വക്‌റ, ഉം സെനൈം എന്നിവിടങ്ങളിലാണ് അപേക്ഷ നല്‌കേണ്ടത്.
അല്‍ ശമാല്‍, അല്‍ ഖോര്‍, അല്‍ ദായേന്‍ എന്നിവിടങ്ങളില്‍ ഏതെങ്കിലും സേവന കേന്ദ്രത്തിലാണ് സമര്‍പ്പിക്കേണ്ടത്.
നിലവിലുള്ള തൊഴിലുടമയുടെ കീഴിലുള്ള റസിഡന്റ് പെര്‍മിറ്റ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള സെറ്റില്‍മെന്റ് അപേക്ഷകള്‍ ഉം സലാല്‍, ദി പേള്‍, ഒനൈസ, സൂഖ് വാഖിഫ്, അല്‍ റയ്യാന്‍, ഉം സെനൈം, അല്‍ ശഹാനിയ, മിസൈമീര്‍, അല്‍ വക്‌റ, ദുഖാന്‍ എന്നിവിടങ്ങളിലാണ് സമര്‍പ്പിക്കേണ്ടത്. ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടത്.
താമസ നിയമങ്ങള്‍ (കമ്പനി) ലംഘിച്ച പ്രവാസികള്‍, തൊഴില്‍ വിസ ചട്ടങ്ങള്‍ ലംഘിച്ചവര്‍, ഗാര്‍ഹിക തൊഴിലാളികളില്‍ നിയമം ലംഘിച്ചവര്‍, ഫാമിലി റസിഡന്‍സി ലംഘിച്ച തൊഴിലാളികള്‍ എന്നിവര്‍ക്കാണ് ഈ ഗ്രേസ് പിര്യേഡ് പ്രയോജനപ്പെടുത്താന്‍ സാധിക്കുക.
തൊഴിലുടമകളും പ്രവാസികളും അവരുടെ പദവി നിയമ വിധേയമാക്കുന്നതിനും നിയമ നടപടികള്‍ ഒഴിവാക്കുന്നതിനും സെറ്റില്‍മെന്റില്‍ നിന്നുള്ള പ്രയോജനം ലഭിക്കുന്നതിനും ഈ കാലയളവ് ഉപയോഗപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.

